Entertainment
മമ്മൂട്ടിക്ക് തിരിച്ച് എന്നോട് ഒരു സൗഹൃദമുണ്ടെന്ന് തോന്നിയിട്ടില്ല; എന്നും താരമാണല്ലോ അദ്ദേഹം: കലാഭവന്‍ റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 22, 05:30 am
Sunday, 22nd December 2024, 11:00 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് കലാഭവന്‍ റഹ്‌മാന്‍. ആദ്യം കലാഭവനിലും പിന്നീട് സ്വന്തം ട്രൂപ്പായ മിമിക്സ് ഇന്ത്യയിലൂടെയും നിരവധി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. മിമിക്രിയിലൂടെ തന്നെയാണ് റഹ്‌മാന്‍ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

1986ല്‍ രഘുനാഥ് പാലേരി സംവിധാനം ചെയ്ത ഒന്നുമുതല്‍ പൂജ്യംവരെ എന്ന ചിത്രത്തിലൂടെയാണ് നടന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ റഹ്‌മാന് സാധിച്ചിരുന്നു.

ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് കലാഭവന്‍ റഹ്‌മാന്‍. ശ്രീനിവാസന്‍ കലാഭവന്റെ ആദ്യ പ്രോഗ്രാം ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോഴാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നതെന്നും അന്ന് അദ്ദേഹം ഒരു പുതുമുഖ നടനായിരുന്നെന്നുമാണ് റഹ്‌മാന്‍ പറയുന്നത്.

പിന്നീട് അദ്ദേഹത്തിന്റെ കൂടെ ഒരുപാട് സിനിമകളില്‍ താന്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെന്നും 1991ല്‍ പുറത്തിറങ്ങിയ നയം വ്യക്തമാക്കുന്നു എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പം ഒരു നല്ല വേഷമായിരുന്നു ചെയ്തിരുന്നതെന്നും നടന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ കലാഭവന്റെ ആദ്യ പ്രോഗ്രാമിന്റെ ഉദ്ഘാടനത്തിന് വന്നത് ഒരു സിനിമാ നടന്‍ ആയിരുന്നു. അത് ശ്രീനിയേട്ടന്‍ ആയിരുന്നു, ശ്രീനിവാസന്‍. കൂടെ ഒരു പുതുമുഖ നടന്‍ ഉണ്ടായിരുന്നു. അതാണ് മമ്മൂട്ടി. പിന്നീട് അദ്ദേഹത്തിന്റെ കൂടെ ഒരുപാട് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

നയം വ്യക്തമാക്കുന്നു എന്ന സിനിമയില്‍ ഒരു നല്ല വേഷമായിരുന്നു ചെയ്തിരുന്നത്. ത്രൂ ഔട്ട് അദ്ദേഹത്തിന്റെ കൂടെയുള്ള വേഷമായിരുന്നു അത്. മമ്മൂട്ടിയുമായി ഇപ്പോഴും സൗഹൃദമുണ്ടോയെന്ന് ചോദിച്ചാല്‍, എനിക്ക് അദ്ദേഹത്തോട് സൗഹൃദം തോന്നാറുണ്ട്.

പക്ഷെ അദ്ദേഹത്തിന് തിരിച്ച് ഇങ്ങോട്ട് ആ സൗഹൃദമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയാണ് അദ്ദേഹം. പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റിയ ക്യാരക്ടറല്ല അദ്ദേഹത്തിന്റേത്. ചിലപ്പോള്‍ നല്ല സന്തോഷത്തിലും നല്ല മൂഡിലാകും ഉണ്ടാകുക. പെട്ടെന്ന് തന്നെ അതല്ലാത്ത രീതിയിലേക്കും മാറും. എനിക്ക് ഇഷ്ടമാണ് മമ്മൂട്ടിയെ. എന്നും താരമാണല്ലോ അദ്ദേഹം,’ കലാഭവന്‍ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Kalabhavan Rahman Talks About Friendship With Mammootty