|

അദ്ദേഹം മരിച്ചപ്പോഴുണ്ടായ ജനത്തിരക്കൊന്നും മറ്റൊരു നടന്‍ മരിച്ചപ്പോഴുമുണ്ടായിട്ടില്ല: കലാഭവന്‍ റഹ്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലാഭവനിലൂടെ മിമിക്രിയിലേക്കും പിന്നീട് സിനിമയിലേക്കുമെത്തിയ കാലാകരനാണ് കലാഭവന്‍ റഹ്മാന്‍. നടന്‍ സോമനെ അനുകരിക്കലായിരുന്നു റഹ്മാന്റെ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളിലൊന്ന്. സോമനുമായുള്ള ബന്ധത്തെ കുറിച്ചും അവസാന നാളുകളില്‍ അദ്ദേഹത്തെ പോയി കണ്ടപ്പോഴുള്ള അനുഭവങ്ങളും പങ്കുവെക്കുകയാണിപ്പോള്‍ റഹ്മാന്‍. സോമന്‍ മരണപ്പെട്ടപ്പോള്‍ തിരുവല്ലയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തോളം വലിയ ആള്‍ത്തിരക്ക് പിന്നീടൊരു നടന്‍ മരണപ്പെട്ടപ്പോഴും ഉണ്ടായിട്ടില്ല എന്നും റഹ്മാന്‍ പറയുന്നു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവസാന നാളുകളില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പോയി കണ്ടിരുന്നെന്നും അന്ന് കുറെ നേരം സംസാരിച്ചെന്നും റഹ്മാന്‍ പറയുന്നു. ആ സംസാരം കഴിഞ്ഞ് പിരിഞ്ഞതിന് തൊട്ടടുത്ത ദിവസം അദ്ദേഹം മരണപ്പെട്ടെന്നും എന്നാല്‍ അത്രയും പെട്ടെന്ന് അദ്ദേഹം മരണപ്പെടുമെന്ന് അന്ന് സംസാരിച്ചിരിക്കുമ്പോള്‍ താനോ സോമനോ കരുതിയിരുന്നില്ലെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

Kalabhavan Rahman with Soman

കലാഭവന്‍ റഹ്മാന്‍ സോമനോടൊപ്പം

‘വലിയൊരു ദുഖമാണ് സോമേട്ടന്റെ മരണം. 25 വര്‍ഷം കഴിഞ്ഞു അദ്ദേഹം മരിച്ചിട്ട്. ഒരു ഡിസംബര്‍ 12നായിരുന്നു അത്. അവസാനകാലത്ത് ഞാന്‍ സോമേട്ടനെ പോയിക്കണ്ടിരുന്നു. അന്‍സാര്‍ സംവിധാനം ചെയ്യുന്ന മന്ത്രിമാളിക മനസ്സമതം എന്ന സിനിമയില്‍ കോതമംഗലത്ത് അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു.

പ്രസാദ് സാറാണ് (നരേന്ദ്രപ്രസാദ്) സോമേട്ടനെ കാണാന്‍ പോയോ എന്ന് എന്നോട് ചോദിക്കുന്നത്. അദ്ദേഹം ഡോക്ടറുമായി സംസാരിച്ചെന്നും ഇനി മെഡിക്കല്‍ സയന്‍സില്‍ വല്ല അത്ഭുതവും സംഭവിക്കണം അല്ലാതെ സോമേട്ടന്‍ രക്ഷപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ അടുത്ത ദിവസം അദ്ദേഹത്തെ കാണാന്‍ പോയി. ആദ്യം അവര്‍ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ഞാന്‍ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി അദ്ദേഹത്തെ കയറി കണ്ടു. അപ്പോള്‍ കുഴപ്പമൊന്നുമില്ലായിരുന്നെങ്കിലും വയറൊക്കെ വീര്‍ത്തിരുന്നു. മുഖം കറുത്തിരിക്കുകയും കണ്ണുകള്‍ മഞ്ഞ നിറമാകുകയും ചെയ്തിരുന്നു.

എങ്കിലും എന്റെ കൈയില്‍ പിടിച്ച് കുറേ സമയം സംസാരിച്ചു. എന്നെ വിളിക്കാനിരിക്കുകയായിരുന്നെന്നും അദ്ദേഹം സിനിമയിലെത്തിയതിന്റെ 25 വര്‍ഷം ആഘോഷിക്കണമെന്നും അതില്‍ എന്റെ മുഴുനീള പ്രോഗ്രാം വേണമെന്നും പറഞ്ഞു. അങ്ങനെ ഒരുപാട് നേരം സംസാരിച്ചതിന് ശേഷമാണ് ഞാന്‍ പോന്നത്.


പക്ഷെ അതിനടുത്ത ദിവസം തന്നെ അദ്ദേഹം മരിച്ചു. പക്ഷെ അത്രയും പെട്ടെന്ന് അദ്ദേഹം മരിക്കുമെന്ന് ഞാനോ അദ്ദേഹമോ പ്രതീക്ഷിച്ചിട്ടില്ല. വലിയൊരു കലാകാരനെയാണ് നമുക്ക് നഷ്ടമായത്. ജയന്‍ സിനിമയില്‍ കത്തിനില്‍ക്കുന്ന സമയത്ത് അപകടത്തിലാണ് മരിക്കുന്നത്. അതുകൊണ്ട് തന്നെ കുറെ ആളുകള്‍ കൂടി.

പക്ഷെ സോമേട്ടന്‍ മരിച്ച ദിവസം തിരുവല്ലയില്‍ കൂടിയ ആള്‍ക്കൂട്ടത്തോളം വലിയ ജനത്തിരക്ക് ഇവിടെ മറ്റൊരു നടന്‍ മരിച്ചപ്പോഴും ഉണ്ടായിട്ടില്ല. അത്രയും ജനമായിരുന്നു. എല്ലാ നടന്‍മാരും അന്നവിടെയെത്തി. കാരണം അദ്ദേഹത്തിന്റെ പെരുമാറ്റം അങ്ങനെയായിരുന്നു. ഒരുപാട് ബന്ധങ്ങളുള്ള ആളായിരുന്നു അദ്ദേഹം. ഒരുപാട് പൊലീസ് ബന്ധങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഉന്നത പൊലീല് ഉദ്യോഗസ്ഥരുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ബന്ധം,’ കലാഭവന്‍ റഹ്മാന്‍ പറഞ്ഞു.

content highlights: Kalabhavan Rahman talks about actor Soman