മിമിക്രിയിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് കലാഭവന്‍ റഹ്‌മാന്‍. ആദ്യം കലാഭവനിലും പിന്നീട് സ്വന്തം ട്രൂപ്പായ മിമിക്സ് ഇന്ത്യയിലൂടെയും നിരവധി പ്രോഗ്രാമുകള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. രഘുനാഥ് പാലേരി സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ഒന്നുമുതല്‍ പൂജ്യംവരെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ സിനിമയിലേക്ക് എത്തുന്നത്.
പിന്നീട് മലയാളത്തിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ നടന് സാധിച്ചിരുന്നു. ഇടക്ക് കലാഭവന്‍ അന്‍സാറിനൊപ്പം റഹ്‌മാന്‍ ഒരു സോഡാ കമ്പനിയും തുടങ്ങിയിരുന്നു.
‘എനിക്കും അന്‍സാറിനും ബിസിനസിനോട് താത്പര്യം ഉണ്ടായിരുന്നു. അങ്ങനെ സോഡ കമ്പനി തുടങ്ങിയാല്‍ നന്നാകുമെന്ന് ഞങ്ങളോട് ആരോ പറയുകയായിരുന്നു. ബാറുകളിലൊക്കെ സോഡ കൊണ്ടു വെച്ചാല്‍ നല്ല വില്‍പന കിട്ടുമെന്നായിരുന്നു അവരൊക്കെ പറഞ്ഞത്.
ഞാനും അന്‍സാറും കൂടെ അതിനെ പറ്റി കുറേ ആലോചിച്ചു. ഞങ്ങള്‍ക്ക് ആ സമയത്ത് കുറേ കോണ്‍ടാക്ട്‌സ് ഉണ്ടായിരുന്നു. ബാറില്‍ കോണ്‍ടാക്‌സ് ഉണ്ടെന്നല്ല ഞാന്‍ പറഞ്ഞത് (ചിരി). അല്ലാതെയുള്ള കുറേ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു.
അങ്ങനെയാണ് ഞാനും അന്‍സാറും പ്ലാന്‍ ചെയ്ത് സോഡ കമ്പനി തുടങ്ങിയത്. അതിന് ഞങ്ങള്‍ ഒരു പേരുമിട്ടു. മിമിക്‌സ് സോഡ, എം.ഐ.എം.ഐ.എക്‌സ് (MIMIX). മണപ്പാട്ടിപ്പറമ്പില്‍ ഒരു സ്ഥലത്ത് ഓഫീസും തുടങ്ങി. ആ സമയത്ത് വീട് എന്ന സിനിമയുടെ ഷൂട്ടിങ് അവിടെ അടുത്തായി നടക്കുന്നുണ്ടായിരുന്നു.
അതില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അന്‍സാറിന്റെ ചേട്ടന്‍ മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായിരുന്നു. അങ്ങനെ അദ്ദേഹം വഴി ഉദ്ഘാടനം ചെയ്യാനായി മമ്മൂട്ടിയെ വിളിച്ചു. മമ്മൂട്ടി വരികയും ചെയ്തു,’ കലാഭവന്‍ റഹ്‌മാന്‍ പറഞ്ഞു.
Content Highlight: Kalabhavan Rahman Says He Started A Soda Company Called Mimics And It Was Inaugurated By Mammootty