മിമിക്രിയിലൂടെ സിനിമയിലെത്തിയ താരമാണ് കലാഭവന്‍ റഹ്മാന്‍. ഒന്നു മുതല്‍ പൂജ്യം വരെയായിരുന്നു റഹ്മാന്റെ ആദ്യ സിനിമ. മിമിക്രിയില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ അനുകരിച്ചിട്ടുള്ളത് നടന്‍ എം.ജി. സോമനെയായിരുന്നു. ഇരുവരും ഒരുമിച്ച് ഒരുപാട് സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുമുണ്ട്.
സോമനുമായി പിന്നീട് അടുത്ത വ്യക്തി ബന്ധവും റഹ്മാനുണ്ടായിരുന്നു. സോമനുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹത്തെ ആദ്യം കണ്ടുമുട്ടിയ അനുഭവത്തെ കുറിച്ചും സംസാരിക്കുകയാണ് റഹ്മാനിപ്പോള്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളൊക്കെ പറഞ്ഞത്.
നടന്‍ സോമനോടൊപ്പം കലാഭവന്‍ റഹ്മാന്‍
‘സോമേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത് ആലുവ പെരിയാര്‍ ഹോട്ടലില്‍ വെച്ചാണ്. അവിടെ റിസപ്ഷനില്‍ ഒരു സുഹൃത്തിനെ കാത്ത് ഞാന്‍ നില്‍ക്കുമ്പോള്‍ സോമേട്ടനും കുടുംബവും ഒരു കാറില്‍ അവിടെ വന്നിറങ്ങി. ഞാന്‍ അറിയാതെ തന്നെ എഴുന്നേറ്റു. അദ്ദേഹം റിസപ്ഷനിലേക്ക് വരുമ്പോള്‍ ഞാന്‍ സോമേട്ടാ എന്ന് വിളിച്ച് ഓടിച്ചെന്നും. അദ്ദേഹം എന്നെ മൈന്‍ഡ് ചെയ്തില്ല. ശരിക്കും ചമ്മിയ ഞാന്‍ വീണ്ടും അവിടെ ചെന്നിരുന്നു.
ചേച്ചി(എം.ജി. സോമന്റെ പങ്കാളി സുജാത) എന്നെ നോക്കി ചിരിച്ചു. റൂമെടുത്തതിന്റെ രേഖകള്‍ ശരിയാക്കി ലിഫ്റ്റിനടുത്തേക്ക് പോകുമ്പോള്‍ ചേച്ചി സോമേട്ടന്റെ ചെവിയില്‍ എന്തോ പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം ഞാന്‍ ഇരിക്കുന്നിടത്തേക്ക് തിരിച്ചു വന്നു.
എന്നോട് സോറി പറഞ്ഞു. കലാഭവനിലെ ആര്‍ടിസ്റ്റാണല്ലേ, എനിക്ക് അറിയില്ലായിരുന്നു, സുജാത പറഞ്ഞപ്പോഴാണ് അറിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. ആ ഡയലോഗില്‍ ഞാന്‍ നേരത്തെ നടന്നതൊക്കെ മറന്നു. എറണാകുളത്ത് വരുമ്പോള്‍ ദ്വാരക ഹോട്ടലിലാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അത് ഞാന്‍ മറക്കില്ല. കാരണം, അക്കാലത്ത് വെജിറ്റേറിയനായിട്ടുള്ള കേരളത്തിലെ ഏക ബാര്‍ ഹോട്ടലായിരുന്നു ദ്വാരക. സോമേട്ടന്‍ വെജിറ്റേറിയനായിരുന്നു. അദ്ദേഹം മദ്യപിക്കുമ്പോള്‍ ടച്ചിങ്‌സ് ഉഴുന്നുവടയും മസാലദോശയുമൊക്കെയായിരുന്നു. ആ സൗഹൃദം പിന്നീട് തുടര്‍ന്നു.
സിനിമയില്‍ ഒരുമിച്ച് അധികം അഭിനയിച്ചിട്ടില്ലെങ്കിലും 20 ദിവസത്തോളമുള്ള ഒരു ഗള്‍ഫ് യാത്രയില്‍ ഞങ്ങളൊരുമിച്ചുണ്ടായിരുന്നു. വലിയ വിജയമായ പരിപാടിയായിരുന്നു അത്. അദ്ദേഹം എറണാകുളത്ത് വരുമ്പോഴൊക്കെ വിളിക്കുകയും കാണുകയും ചെയ്യുമായിരുന്നു,’ റഹ്മാന്‍ പറഞ്ഞു.
content highlights: Kalabhavan Rahman about M.G. Soman’s drinking