മലയാളത്തിലെ അടിപൊളി ഡയലോഗ് എഴുതിയത് രണ്‍ജി ചേട്ടന്‍, പക്ഷേ എന്റെത്ര വരില്ല; മണിയുടെ പഴയ വീഡിയോ
Film News
മലയാളത്തിലെ അടിപൊളി ഡയലോഗ് എഴുതിയത് രണ്‍ജി ചേട്ടന്‍, പക്ഷേ എന്റെത്ര വരില്ല; മണിയുടെ പഴയ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th August 2023, 11:05 am

കഴിഞ്ഞ ദിവസം സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ ഓഡിയോ ലോഞ്ച് വീഡിയോ പുറത്ത് വിട്ടിരുന്നു. ചിത്രത്തിന്റെ റിലീസ് സമയത്തെ മ്യൂസിക്കല്‍ ഇവന്റാണ് നിര്‍മാതാവ് സിയാദ് കോക്കറിന്റെ കോക്കേഴ്‌സ് എന്റടെയ്ന്‍മെന്റ്‌സ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

മലയാളത്തില്‍ ആദ്യമായി ഒരു ചിത്രത്തിലെ മുഴുവന്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന ഓഡിയോ ലോഞ്ചിന് നേതൃത്വം നല്‍കിയത് നിര്‍മാതാവ് എം. രഞ്ജിത്ത് ആയിരുന്നു. ഗിരീഷ് പുത്തഞ്ചേരി, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, സുകുമാരി, അഗസ്റ്റിന്‍, വി.ഡി. രാജപ്പന്‍, രണ്‍ജി പണിക്കര്‍, ദിവ്യ ഉണ്ണി, മഞ്ജു വാര്യര്‍, ജയറാം തുടങ്ങിയ നിരവധി താരങ്ങള്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.

വീഡിയോയില്‍ പ്രസംഗത്തിനായി രഞ്ജിത്തിനെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്ന മണിയുടെ ഭാഗം ശ്രദ്ധ നേടുന്നുണ്ട്. മലയാള സിനിമയില്‍ ഏറ്റവും നല്ല ഡയലോഗ് എഴുതുന്നത് രണ്‍ജി പണിക്കരാണെന്നും എന്നാല്‍ തന്റെ ഡയലോഗുകളുടെ അത്ര അത് വരില്ലെന്നും മണി പറയുന്നുണ്ട്.

‘അര നാഴിയാണെങ്കിലും അത് വേവാന്‍ അടുപ്പ് കല്ല് മൂന്ന് വേണം, എന്ന് പറഞ്ഞത് പോലെ സിനിമയില്‍ നല്ല ഡയലോഗ് കേള്‍ക്കണമെങ്കില്‍ രണ്‍ജി പണിക്കര്‍ ചേട്ടന്‍ തന്നെ അത് എഴുതണം. പക്ഷേ എന്റെ അത്രയും ഡയലോഗ് എഴുതാന്‍ പറ്റുമോ എന്ന് എനിക്ക് സംശയമാണ്. ശരിയല്ലേ (സ്വതസിദ്ധമായ ചിരി ചിരിക്കുന്നു), ഈ ഒരു ചിരിയുടെ മുന്നില്‍ ആളുടെ ചിരി നില്‍ക്കുമോ എന്ന് എനിക്ക് അറിയില്ല.

എന്നാലും കുഴപ്പമില്ല, ഞാനെഴുതിയ ഡലയോഗ് നിങ്ങള്‍ക്ക് അറിയാം. പട്ടാപകല്‍ പട്ടത്ത് പോയി പട്ടയും മുട്ടയും തട്ടി മട്ടു മാറി കുട്ടപ്പന്റെ ബട്ടനിട്ട് തട്ടിയപ്പോള്‍ മുട്ട് പൊട്ടിയതും മുട്ടില്‍ നിന്ന് ചോര വന്നതും …. അങ്ങനത്തെ ഡയലോഗ് ആള്‍ക്ക് എഴുതാന്‍ പറ്റില്ല. എനിക്കേ പറ്റുകയുള്ളൂ.

പക്ഷേ പുള്ളീടെ ഡയലോഗ് നിങ്ങള്‍ക്ക് അറിയാം. ഓര്‍മയുണ്ടോ ഈ മുഖം, ഓര്‍മ കാണില്ല, ഒരുപാട് മുഖങ്ങള്‍ ഇങ്ങനെ കയറിയിറങ്ങി പോയതല്ലേ, അത്രയും അടിപൊളി ഡയലോഗ് എഴുതിയത് രണ്‍ജി പണിക്കര്‍ ചേട്ടനാണ്. മലയാള സിനിമയിലെ നമ്പര്‍ വണ്‍ ഡയലോഗ് എഴുതുന്ന കാര്യത്തിലും മറ്റ് കാര്യത്തിലും നമ്പര്‍ വണ്ണായ രണ്‍ജി പണിക്കര്‍ ചേട്ടനെ സ്വാഗതം ചെയ്യുന്നു,’ എന്ന് പറഞ്ഞാണ് മണി രണ്‍ജി പണിക്കരെ സ്വാഗതം ചെയ്തത്.

Content Highlight: kalabhavan mani’s old speech in the musical event og summer in bathlehem