ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നതായി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു.
മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്കു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.ബി.ഐയെ സമീപിച്ചിരിക്കുകയാണ് മണിയുടെ കുടുംബം.
ദിലീപിന്റെ പങ്കുസംബന്ധിച്ച് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ഇക്കാര്യം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
മണിയുടെ മരണശേഷം ദിലീപ് വീട്ടില്‍ വന്നത് ഒരു തവണ മാത്രമാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
ആര്‍.എല്‍.വി രാമകൃഷ്ണന്റെ പരാതി പരിഗണിച്ച സി.ബി.ഐ ദിലീപിന്റെ പങ്കുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സിനിമാ രംഗത്തെ പ്രമുഖരില്‍ നിന്നും മൊഴിയെടുത്തു.
കലാഭവന്‍ മണി മരിച്ചിട്ട് ഒരുവര്‍ഷത്തിലേറെ കഴിഞ്ഞിട്ടും മണിയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. മണി കൊല്ലപ്പെട്ടതു തന്നെയാണെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍.
ഓര്‍ഗാനോഫോസ്‌പേറ്റ് ഇനത്തില്‍പ്പെട്ട ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി, എഥനോള്‍, അപകടകരമായ അളവില്‍ മെഥനോള്‍ എന്നിവ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇവ എങ്ങനെ ഉള്ളിലെത്തിയെന്ന ചോദ്യത്തിന് ഉത്തരംകണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നു പറഞ്ഞ കുടുംബം സി.ബി.ഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്.