| Thursday, 16th May 2024, 11:02 am

പേരിൽ ഭാരതം ഇടുന്നതിൽ എന്താണ് തെറ്റ്, ആരുടേതാണ് ഭാരതം? ഇതെല്ലാം ചോദിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ: കലാഭവൻ ഷാജോൺ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരം മുമ്പ് കൂടുതലും നര്‍മം നിറഞ്ഞ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയില്‍ സഹദേവന്‍ എന്ന കഥാപാത്രമായാണ് ഷാജോണ്‍ എത്തുന്നത്. ആ ചിത്രത്തിലൂടെയാണ് താരം തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത്. അതിന് ശേഷം നിരവധി കഥാപാത്രങ്ങൾ ഷാജോണിനെ തേടിയെത്തിയിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ പലപ്പോഴും ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയാണെന്ന് പറയുകയാണ് ഷാജോൺ. പലതിനോടും പ്രതികരിക്കണമെന്ന് തോന്നുമ്പോഴും സമാധാനപരമായ ജീവിതം ആലോചിച്ച് നിശബ്ദനായി ഇരിക്കാറുണ്ടെന്നും ഷാജോൺ പറഞ്ഞു. സ്കൈലാർക് പിക്ചേഴ്സ് എന്റർടൈൻമെന്റിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഭാരത സർക്കാർ ഉത്പന്നം എന്നൊരു പടം വന്നു. പക്ഷെ അതിലെ ഭാരതം എന്ന വാക്ക് പേരിൽ നിന്ന് കട്ട്‌ ചെയ്ത് ഒരു സർക്കാർ ഉത്പന്നം എന്ന പേരിലാണ് റിലീസായത്.

ആരാണ് ഈ ഭാരത് എടുത്ത് മാറ്റണമെന്ന് പറഞ്ഞത്. ഭാരതം ഇടുന്നതിൽ എന്താണ് തെറ്റ്. ആരുടേയാണ് ഭാരതം. ഇതൊക്കെ നമ്മൾ കലാകാരൻമാർ ചോദിക്കേണ്ട ചോദ്യം. തന്നെയാണ്.

പക്ഷെ പലപ്പോഴും നമുക്ക് മിണ്ടാൻ പേടിയാണ് അല്ലെങ്കിൽ എന്തെങ്കിലും വന്നാൽ ശബ്‌ദിക്കാൻ പേടിയാണ്. ഏതെങ്കിലും ഒരു സൈഡിലൂടെ പോവുന്നതല്ലേ നല്ലത് എന്ന് ഞാനടക്കമുള്ള കലാകാരൻമാർ ചിന്തിക്കാറുണ്ട്.

പക്ഷെ നമുക്ക് തെറ്റ് പറയാൻ പറ്റില്ല. ചിലർ പറയാറുണ്ട്, നിങ്ങൾ കലാകാരൻമാരല്ലേ നിങ്ങൾക്ക് സംസാരിച്ചൂടെ, ഇതിനെതിരെ സംസാരിക്കണ്ടേയെന്നെല്ലാം. നമുക്കൊരു കുടുംബമുണ്ട്. എല്ലാവരും അത് തന്നെയല്ലേ ആലോചിക്കുന്നത്. സമാധാനപരമായ ഒരു ജീവിതം അതല്ലേ എല്ലാവരുടെയും ആഗ്രഹം.

ഞങ്ങൾ ആഗ്രഹിക്കുന്നതും അതൊക്കെയാണ്. എന്നാൽ ചില കാര്യങ്ങൾ ചിന്തിക്കുമ്പോൾ നല്ല പ്രയാസമുണ്ട്. ഒരു കലാകാരന്റെ കൈ വലിച്ച് കെട്ടുന്ന പോലെ ഒരുപാട് കാര്യങ്ങൾ ഇപ്പോഴുണ്ട്,’കലാഭവൻ ഷാജോൺ പറയുന്നു.

Content Highlight:  Kalabavan Shajon Talk About  How Current Political System Affect Art Scene

Latest Stories

We use cookies to give you the best possible experience. Learn more