| Sunday, 22nd December 2024, 8:07 am

നിനക്ക് ഈ റോൾ തരണ്ടായെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ടെന്ന് ആ എ.ഡി വിളിച്ചുപറഞ്ഞു, ഞാൻ ടെൻഷനായി: കലാഭവൻ ഷാജോൺ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമാ മേഖലയിലേക്ക് വന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരം മുമ്പ് കൂടുതലും നര്‍മം നിറഞ്ഞ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയിലെ സഹദേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് താരം തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത്.

മുമ്പൊരു സിനിമയിൽ ചായക്കടക്കാരന്റെ വേഷത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാൽ ആ റോളിലേക്ക് തന്നെ വെക്കേണ്ടെന്ന് മമ്മൂട്ടി പറഞ്ഞെന്നും ഷാജോൺ പറയുന്നു. അന്ന് തനിക്ക് വലിയ ടെൻഷൻ തോന്നിയിരുന്നുവെന്നും എന്നാൽ തുടർന്ന് വന്ന രണ്ട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ തനിക്ക് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘മമ്മൂക്കയെ ഞാന്‍ ആദ്യമായി കാണുന്നത് രാജമാണിക്യം സിനിമയിലാണ്. നമ്മള്‍ അന്ന് കേറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിന് ശേഷം നമ്മള്‍ ചെറിയ വേഷങ്ങളൊക്കെയായി അങ്ങനെ പോവുകയായിരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്ത് ഒരു സിനിമയില്‍ ചായക്കടക്കാരന്റെ റോളില്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. മമ്മൂക്ക അത് കണ്ടിട്ട്, ‘അവനെ ഈ റോളില്‍ വെക്കണ്ട, ശരിയാവില്ല അവന് വേറെ സിനിമ ഞാന്‍ വെച്ചിട്ടുണ്ട്’ എന്ന് പറഞ്ഞു.

ആ സിനിമയുടെ എ.ഡി എന്നെ വിളിച്ചിട്ട്, ഇങ്ങനെ മമ്മൂക്ക നിനക്ക് ഈ റോള്‍ കൊടുക്കണ്ട, വേറെ സിനിമ വെച്ചിട്ടുണ്ടെന്ന് പറഞ്ഞു എന്ന് എന്നെ അറിയിച്ചു. എനിക്ക് ഇത് കേട്ടിട്ട് ടെന്‍ഷനായി. ഇനിയിപ്പോ അതും ഇല്ല, ഇതും ഇല്ലാന്നുള്ള അവസ്ഥയാകുമോ എന്ന് ആലോചിച്ചു. അത് കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം ജോണി ആന്റണി ചേട്ടന്‍ എന്നെ വിളിച്ചു. താപ്പാന എന്ന് പറയുന്ന സിനിമ മമ്മൂക്കയെ വെച്ച് ചെയ്യുന്നുണ്ട്. എനിക്ക് ഒരു റോള്‍ ഉണ്ടെന്ന് പറഞ്ഞു.

സാധാരണ പോലെ ഏതെങ്കിലും ഒരു ചെറിയ റോള്‍ ആകുമെന്ന് വിചാരിച്ചു. പക്ഷേ അതുവരെ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്‌പെയ്‌സ് ഉള്ള റോള്‍ ആയിരുന്നു എനിക്ക് താപ്പാനയില്‍. അതും എല്ലാ സീനും മമ്മൂക്കയുടെ കൂടെ കോമ്പോ ഉള്ളതായിരുന്നു.

ആ സിനിമയില്‍ ചായക്കടക്കാരനായി ഞാന്‍ പോയിരുന്നെങ്കില്‍ ചിലപ്പോള്‍ ടൈപ്പ്കാസ്റ്റ് ആയിപ്പോയേനെ. മമ്മൂക്ക നമ്മളെയൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അപ്പോള്‍ എനിക്ക് മനസിലായി,’ ഷാജോണ്‍ പറഞ്ഞു.

Content Highlight: Kalabavan shajon about Mammooty and Thappana

We use cookies to give you the best possible experience. Learn more