| Thursday, 17th October 2024, 5:44 pm

തിയേറ്ററിൽ ആ ക്ലൈമാക്സ് അത്ഭുതപ്പെടുത്തി, പക്ഷെ അയാളുടെ മുഖമൊന്ന് കാണിക്കാമെന്ന് എനിക്കും തോന്നി: കലാഭവൻ ഷാജോൺ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഴുപതാം ദേശീയ അവാർഡ് വേദിയിൽ അരങ്ങു നിറഞ്ഞ മലയാള ചിത്രമായിരുന്നു ആട്ടം. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് എന്നീ മൂന്ന് പ്രധാന പുരസ്‌കാരങ്ങളാണ് ആട്ടം സ്വന്തമാക്കിയത്. നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ചിത്രം മുമ്പ് പല ഫെസ്റ്റിവലുകളിലും പുരസ്‌കാരങ്ങൾ നേടിയിരുന്നു.

പൂർണമായി തിരക്കഥ ഹീറോ ആയിട്ടുള്ള ചിത്രമായിരുന്നു ആട്ടം. ചിത്രത്തിൽ തെറ്റ് ചെയ്യുന്ന കഥാപാത്രത്തെ സംവിധായകൻ കാണിക്കുന്നില്ല. വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, സറിൻ ഷിഹാബ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാള സിനിമ അധികം പരീക്ഷിച്ചിട്ടില്ലാത്ത രീതിയിലുള്ള ഒരു സിനിമയായിരുന്നു.

ചിത്രത്തിൽ ആരാണ് കുറ്റക്കാരൻ എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്നും സിനിമ തിയേറ്ററിൽ നിന്ന് കണ്ടപ്പോൾ തനിക്കും അങ്ങനെ തോന്നിയിരുന്നുവെന്നും ഷാജോൺ പറയുന്നു. എന്നാൽ അതാണ് ആ സിനിമയുടെ ഭംഗിയെന്നും. അതൊരു ഡയറക്ടർ ബ്രില്ല്യൻസാണെന്നും ഷാജോൺ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഷാജോൺ.

‘ശരിക്കും ആ കഥാപാത്രത്തോട് മോശമായി പെരുമാറിയത് ആരാണെന്ന് എനിക്കും അറിയില്ല. ഞാൻ ആനന്ദിനോട് ചോദിച്ചിട്ട് പറയുന്നുമില്ല.
എന്നോട് പലരും അതിനെ കുറിച്ച് ചോദിച്ചിട്ടുണ്ട്. ഞാൻ അതിന്റെ തിരക്കഥയൊക്കെ വായിച്ചിട്ടുണ്ടെങ്കിലും സിനിമ കണ്ടപ്പോഴാണ് ഇത് ഇങ്ങനെയാണ് ചെന്ന് നിർത്തുന്നതെന്ന് അറിയുന്നത്. ആനന്ദ് എന്നോട് പറഞ്ഞിട്ടുണ്ട്, ചേട്ടാ ആരാണ് ആളെന്ന് നമ്മൾ ലാസ്റ്റും പറയുന്നില്ല. മുഖമുടി അഴിക്കാൻ പോവുമ്പോഴും വേണ്ടാ എന്നാണ് പറയുന്നത്.

പക്ഷെ അത് തിയേറ്ററിൽ കണ്ടപ്പോൾ എനിക്ക് പോലും അത്ഭുതമായിരുന്നു. എനിക്കും തോന്നി അത് ആരാണെന്ന് ഒന്ന് അറിഞ്ഞിരുന്നെങ്കില്ലെന്ന്. എന്നോട് എത്ര പേർ അതിനെ കുറിച്ച് പറഞ്ഞെന്ന് അറിയുമോ.

നിങ്ങൾ എന്തുകൊണ്ട് അത് കാണിച്ചില്ല. എന്നാൽ അല്ലേ അറിയുകയുള്ളൂവെന്ന് ഒരുപാടാളുകൾ ചോദിച്ചു. ഞാൻ അവരോട് പറഞ്ഞത്, ഈ സിനിമ ഇങ്ങനെയാണ്. അതാണ് ആ സംവിധായകന്റെ ബ്രില്ല്യൻസ്,’ കലാഭവൻ ഷാജോൺ പറയുന്നു.

Content Highlight: Kalabavan Shajon About Making Of Aatam Movie

Video Stories

We use cookies to give you the best possible experience. Learn more