ലൂസിഫറിന് ശേഷം പൃഥ്വിരാജിൽ വന്ന മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് കലാഭവൻ ഷാജോൺ. ലൂസിഫർ കഴിഞ്ഞിട്ടാണ് പൃഥ്വിരാജ് തന്റെ പടത്തിലേക്ക് വരുന്നതെന്നും ഷാജോൺ പറഞ്ഞു. ലൂസിഫറിന് ശേഷം മോഹൻലാലിന്റെ ഇൻഫ്ലുവെൻസ് പൃഥ്വിരാജിൽ ഉണ്ടായിട്ടുണ്ടെന്നും ഷാജോൺ കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജു ലൂസിഫർ കഴിഞ്ഞിട്ടാണ് നമ്മുടെ പടത്തിലേക്ക് വരുന്നത്. നൈറ്റ് ഷൂട്ട് ഒക്കെ ഉണ്ടായിരുന്നു. മഴയൊക്കെ പെയ്തിട്ട് അഞ്ചുമണി വരെയൊക്കെ ഷൂട്ട് നീണ്ട് പോയിട്ടുണ്ട്. രാത്രി പത്തരയ്ക്ക് ഷൂട്ടിന് വന്നിട്ട് ഫുൾ ഫൈറ്റ് സീനൊക്കെ മഴയായിട്ട് രാവിലെ അഞ്ചു മണിയാകുമ്പോൾ പോകും.
രാജു ഇങ്ങനെയൊന്ന് വരണം എന്ന് പറയുമ്പോൾ അതു കുഴപ്പമില്ല വൈകിട്ട് എപ്പോഴാ? ഒരു കുഴപ്പവുമില്ല എന്നാണ് പറയാറുള്ളത്. നമ്മൾ അതുവരെ കേട്ടിട്ടുള്ള പരിപാടിയല്ല ഈ കാണുന്നത്. അതുകഴിഞ്ഞപ്പോൾ ഞാൻ രാജുവിനോട് ചോദിച്ചു ഇതെന്താണ് ആരോടും ഒരു ദേഷ്യവും ഇല്ലാതെ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന്.
ചേട്ടാ മോഹൻലാലിനെ പോലൊരു നടൻ എന്റെ ലൊക്കേഷനിൽ വന്ന് കാണിച്ചിട്ട് പോയത് കണ്ടിട്ട് ഞാൻ ഞെട്ടി ഇരിക്കുകയാണ്. അതുപോലൊരു മനുഷ്യൻ അങ്ങനെ നിൽക്കണം എന്നുണ്ടെങ്കിൽ ഞാനൊക്കെ എന്താ ചെയ്യേണ്ടത്. ഞാനൊക്കെ ഇങ്ങനെയെങ്കിലും ചെയ്യേണ്ടേ എന്ന് പറഞ്ഞു.
ലാലേട്ടന് അങ്ങനെയുള്ള ഒരാളാണ്. അതിന്റെ ഒരു ഇൻഫ്ലുവെൻസ് രാജുവിന് ലൂസിഫറിന് ശേഷം ഉണ്ടായിട്ടുണ്ട്. അന്ന് ഞാനും ലിസ്റ്റിനും രാജുവും ഉള്ള ഇന്റർവ്യൂവിൽ ഒക്കെ രാജു ഒരുപാട് തമാശ പറഞ്ഞിരുന്നു. ആ സമയത്ത് അത്‍ ഏറെ വൈറൽ ആയിരുന്നു. രാജുവിന്റെ ഒരുപാട് കൗണ്ടറുകൾ ഉണ്ടായിരുന്നു. കമന്റ്സിൽ ഒരുപാട് പേർ പറഞ്ഞിരുന്നു രാജു ഒരുപാട് മാറിയല്ലോ എന്ന്. അതിൽ ലാലേട്ടന്റെ ഒരു ഇൻഫ്ലുവെൻസ് ഉണ്ടായിരിക്കും,’ കലാഭവൻ ഷാജോൺ പറഞ്ഞു.
യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി അനില്‍ തോമസ് സംവിധാനം ചെയ്ത ‘ഇതുവരെ’യാണ് കലാഭവൻ ഷാജോന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. കലാഭവന്‍ ഷാജോണ്‍ നായകനായും ലത ദാസ് നായികയായും എത്തുന്ന ചിത്രത്തിൽ പ്രേം പ്രകാശ്, വിജയകുമാര്‍, രാജേഷ് ശര്‍മ, പീറ്റര്‍ ടൈറ്റസ്, രാജ്കുമാര്‍, റോഷിത്ലാല്‍, ഡോ. അമര്‍ രാമചന്ദ്രന്‍, സ്വാതി, നെഹല ഫാത്തിമ തുടങ്ങിയവര്‍ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ചിത്രം മാർച്ച് 15ന് റിലീസ് ആയി.
Content Highlight: Kalaban shajon about prithviraj chenges after luciefer