| Thursday, 25th March 2021, 8:48 pm

കള: സവര്‍ണ സമ്പന്ന ബോധ്യങ്ങള്‍ മാത്രമുള്ള നായകനും അയാളെ തച്ചുടക്കുന്ന ദളിത് കഥാപാത്രവും

സേതു

‘അട്ടപ്പാടി കേരളത്തില്‍ ആണോ തമിഴ്‌നാട്ടില്‍ ആണോ ?’

കേരളത്തിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിതങ്ങളെ പറ്റി അജ്ഞതയുള്ള പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നു കേട്ടിട്ടുള്ള ഒരു ചോദ്യമാണിത്. ഈ അടുത്ത് ഇറങ്ങിയ കരിക്കിന്റെ ഒരു വിഡിയോയില്‍ ആദിവാസി എന്ന ടേം എന്തോ derogatory എന്ന നിലയില്‍ കണ്ടുകൊണ്ടു അതിനെ കാട്ടില്‍ ജീവിക്കുന്ന മനുഷ്യരെന്ന് തിരുത്തി പറഞ്ഞതിനെ വലിയ പ്രോഗ്രസ്സീവ് നിലപാടെന്ന രീതിയില്‍ പലരും അഭിനന്ദിക്കുന്നത് കണ്ടു.

ഈ നാടിന്റെ പൊതുബോധ നിര്‍മിതികളില്‍ അത്രയേറെ മോശമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഒരു വിഭാഗമാണ് ആദിവാസികള്‍. ഇന്ന് വരെയുള്ള മലയാള സിനിമയുടെ ചരിത്രത്തില്‍ പച്ചയായ ദളിത് ആദിവാസി ജീവിതങ്ങള്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് ചുരുക്കം ചില ചിത്രങ്ങളിലാണ്. അട്ടപ്പാടിയിലെ ജീവിതങ്ങളില്‍ നിന്നൊരു നായകനെ തിരഞ്ഞെടുത്തു അവനെ അങ്ങേയറ്റം മാസ്സ് ആയി പ്രേക്ഷകരിലേക്ക് എത്തിച്ചത് അയ്യപ്പനും കോശിയുമാണ്.

അയ്യപ്പനും കോശിയും തമ്മിലുള്ള വാശിയുടെയും വൈരാഗ്യത്തിന്റെയും അപ്പുറത്തേക്ക് സമൂഹത്തിന്റെ മൂലയിലേക്ക് തള്ളപ്പെടുന്ന ഒരു സമൂഹത്തില്‍ നിന്നുമൊരു നായകനെ കണ്ടെത്തി എന്നൊരു സവിശേഷത കൂടി അയ്യപ്പനും കോശിക്കും ഉണ്ട്.
അധികാര ബോധത്തിന്റെയും പണ കൊഴുപ്പിന്റെയും സവര്‍ണതയുടെയും പ്രതീകമായ ഒരു കഥാപാത്രവും നില നില്‍പ്പിന് വേണ്ടി സമരം ചെയ്യേണ്ടി വരുന്ന മറ്റൊരു കഥാപാത്രവും തമ്മിലുള്ള അതിരൂക്ഷമായ വൈരാഗ്യത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ‘കള’യും പറയുന്നത്.

അയ്യപ്പനും കോശിയില്‍ നിന്നും വിഭിന്നമായ ഒരു മേക്കിങ് ആണ് കളയുടേത്. ആദ്യവസാനം സിനിമ നല്‍കുന്നത് വല്ലാത്തൊരു ഇറിറ്റേഷന്‍ നിറഞ്ഞ തിയറ്റര്‍ അനുഭവം ആണ്. വയലന്‍സും മസ്‌കുലിനിറ്റിയും മാത്രം നിറഞ്ഞു നില്‍ക്കുന്ന സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിക്കുന്നത് ആക്ഷന്‍ രംഗങ്ങളും അതിനെ മാക്‌സിമം ഇന്റന്‍സിറ്റിയില്‍ പ്രേക്ഷകനിലേക്ക് എത്തിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസികും സിനിമാറ്റോഗ്രാഫിയുമാണ്.

സിനിമയില്‍ കഥാപാത്രങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന സ്‌പേസ് ശ്രദ്ധേയമാണ്. നായക പ്രതിനായക വേഷങ്ങളിലുപരി എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തമായിട്ടുള്ള ക്യാരക്ടര്‍ സ്‌കെച് ഉണ്ട്. ആകെ മൊത്തം സിനിമയുടെ മൂഡ് വയലന്‍സ് ആണെങ്കിലും അതിലേക്ക് സിനിമയെ എത്തിക്കുന്നതില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടെ ബാക്ഗ്രൗണ്ടിനും കൃത്യമായ പങ്കുണ്ട്.

സിനിമയിലെ വളര്‍ത്തു നായ്ക്കള്‍ക്കും, കഥാപാത്രങ്ങളുടെ വീടിനും വരെ കഥാഗതി നിര്‍ണയിക്കുന്നതില്‍ വ്യക്തമായ പങ്കുണ്ട്. കൂടുതല്‍ ഡിസ്‌ക്ലോസ് ചെയ്തു ചര്‍ച്ച ചെയ്യുന്നത് സ്‌പോയിലര്‍ ആകുമെന്നതിനാല്‍ കഥയിലേക്കും കഥാപാത്രങ്ങളിലേക്കും കടന്നുകൊണ്ടുള്ള ചര്‍ച്ചകള്‍ ഇല്ലാതിരിക്കുന്നതായിരിക്കും ഉചിതം.

അഭിനേതാക്കളുടെ പെര്‍ഫോമന്‍സില്‍ എടുത്തു പറയേണ്ടത് സുമേഷ് മൂറിനെയാണ്, അസാധ്യമായ രീതിയില്‍ പെര്‍ഫോം ചെയ്ത ആക്ഷന്‍ രംഗങ്ങളും ഒപ്പം ആ കഥാപാത്രം ആവിശ്യപ്പെടുന്ന എല്ലാ ഇമോഷന്‍സിനെയും ഉള്‍ക്കൊണ്ട് കൊണ്ടുള്ള പൂര്‍ണതയുള്ള പ്രകടനം ആയിരുന്നു സുമേഷിന്റേത്. ടോവിനോ, ലാല്‍, ദിവ്യപിള്ള തുടങ്ങി മറ്റു അഭിനേതാക്കളും അവരവരുടെ ഭാഗങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്.

കെട്ടുറപ്പുള്ള തിരക്കഥയും നീറ്റ് ആയി കൈകാര്യം ചെയ്തിട്ടുള്ള സംവിധാനവും ബാക്ക്ഗ്രൗണ്ട് മ്യൂസികും എഡിറ്റിങ്ങും തുടങ്ങി സിനിമയുടെ ടെക്‌നിക്കല്‍ മേഖലയും വളരെ മികവുറ്റതാണ്. ആദ്യ പകുതിയില്‍ നല്‍കുന്ന ബില്‍ഡപ്പ് രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ ഒരു കംപ്ലീറ്റ് എന്റെര്‍ടൈനര്‍ ആയി സിനിമയെ മാറ്റിയെടുക്കുന്നുണ്ട്. ഒരുപാട് ഫ്‌ലാഷ് ബാക്കുകള്‍ കുത്തിനിറയ്ക്കാതെ സ്പൂണ്‍ ഫീഡ് ചെയ്യിക്കാതെ കൃത്യമായി പറയാനുദ്ദേശിക്കുന്ന ആശയത്തെ പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ ‘കള’യെ പ്രാപ്തമാക്കുന്നത് അതിന്റെ തിരക്കഥ തന്നെയാണ്.

ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈന്‍ര്‍ ആയിട്ടുള്ള ആക്ഷന്‍ മൂവി എന്നതിലുപരി സിനിമ പറയുന്ന രാഷ്ട്രീയം കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നായാടിയും മനുഷ്യനുമാണ് ഇരുവശത്തും നിന്ന് പോരടിക്കുന്നത്, അവരുടെ വൈര്യമാണ് സിനിമ പറയുന്ന കഥ. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും ഇരുവശത്തും നിര്‍ത്തിയപ്പോള്‍ തന്നെ നായാടി അനീതിക്കിരയായി കഴിഞ്ഞിരിക്കുന്നു.

അവനു മാത്രമാണ് ന്യായമുണ്ടാകേണ്ടത്. രണ്ടാം പകുതി മുതല്‍ ആ ന്യായം നടപ്പിലാകുമോ എന്നുള്ള കാത്തിരിപ്പാണ് സിനിമ Provide ചെയ്യുന്ന ആകാംഷയുടെ എലമെന്റ് വര്‍ദ്ധിപ്പിക്കുന്നത്. മലയാള സിനിമയില്‍ ഇത്ര ഇന്റന്‍സ് ആയി സവര്‍ണ സമ്പന്ന ബോധ്യങ്ങള്‍ മാത്രമുള്ള നായകനെ തച്ചുടയ്ക്കുന്ന ഒരു ദളിത് കഥാപാത്ര സൃഷ്ടി ആദ്യമായിട്ടായിരിക്കും, അത് തന്നെയാണ് കളയുടെ രാഷ്ട്രീയപരമായുള്ള മനോഹാരിതയും. തിയറ്ററില്‍ തന്നെ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട well crafted cinematic experience ആണ് കള.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kala  movie review Dalit and Savarna politics in a movie

സേതു

സിനിമാ നിരൂപകന്‍

We use cookies to give you the best possible experience. Learn more