രാഷ്ട്രീയ നിലപാടുകളിലൂടെ ശ്രദ്ധേയനാവുകയാണ് കള എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ മൂര്‍. ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രമായ കടുവയിലെ വേഷം വേണ്ടെന്ന് വെച്ചുവെന്ന് മൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കറുത്ത വര്‍ഗക്കാര്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരല്ലെന്നാണ് കരുതുന്നതെന്നും അതുകൊണ്ടാണ് ആ വേഷം നിരസിച്ചതെന്നും മൂര്‍ പറഞ്ഞിരുന്നു. മൂറിന്റെ ഈ തീരുമാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
കള സിനിമ ഇറങ്ങിയതിന് പിന്നാലെ പയ്യനായുള്ള ചിത്രത്തിലെ പ്രകടനത്തിനൊപ്പം തന്നെ മൂറിന്റെ നിലപാടുകളും അഭിപ്രായങ്ങളും ശ്രദ്ധ നേടിയിരുന്നു. കള മുന്നോട്ടുവെക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ നിലപാട് തന്നെയാണ് തന്നെ സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മൂര്‍ പറഞ്ഞിരുന്നു.
ജാതി വ്യവസ്ഥ എല്ലാവരുടെയും ഉള്ളിലുണ്ടെന്നും സിനിമയിലും അത് വ്യക്തമായി കാണാനാകുമെന്നും പറഞ്ഞ മൂര്‍ ഇപ്പോള്‍ അതില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
‘ ജാതി വ്യവസ്ഥ നമ്മളറിയാതെ പോലും നമ്മുടെ ഉള്ളില്‍ നിലനില്‍ക്കുന്ന സംഭവമാണ്. മംഗലശ്ശേരി നീലകണ്ഠനേയും ഇന്ദുചൂഡനെയുമൊക്കെ ആസ്വദിച്ചുകൊണ്ടിരുന്ന മനുഷ്യരാണ്. അടുത്ത കാലത്ത് മാത്രമാണ് ദി കിംഗിലെ സ്ത്രീവിരുദ്ധതയൊക്കെ ചര്‍ച്ചയാകാന്‍ തുടങ്ങിയത്. പണ്ട് അതെല്ലാം കൈയ്യടിച്ച് സ്വീകരിച്ചവരാണ് മിക്കവരും. ഇന്ന് ഇതെല്ലാം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.
അതുപോലെ തന്നെയാണ് ജാതിവ്യവസ്ഥയും. നായരും നമ്പ്യാരും മാരാരുമെല്ലാം വാലുപോലെ പുറകില്‍ കാണും. നമ്മുടെ ഉള്ളിലെല്ലാം ഈ ജാതിവ്യവസ്ഥ കിടപ്പുണ്ട്. ഇപ്പോള്‍ അതേ കുറിച്ചുള്ള ചര്‍ച്ചകള്‍ വരികയും അതില്‍ മാറ്റങ്ങള്‍ വരാനും തുടങ്ങിയിട്ടുണ്ട്.
എല്ലാ കലാരൂപങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും അടിച്ചമര്‍ത്തപ്പെട്ടവന്റെ രാഷ്ട്രീയത്തെ കുറിച്ച് പറയാന്‍ തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് മാത്രമായി മാറിനില്‍ക്കാനാകില്ല. മാറ്റങ്ങള്‍ വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു,’ മൂര്‍ പറഞ്ഞു.
രോഹിത് വി.എസ് സംവിധാനം ചെയ്ത കള കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. മനുഷ്യനും പ്രകൃതിയും അടിച്ചമര്‍ത്തപ്പെടുന്നവരും വേട്ടക്കാരനുമെല്ലാമാണ് കളയുടെ പ്രമേയമാകുന്നത്. ടൊവിനോ തോമസ്, മൂര്‍, ലാല്‍, ദിവ്യാ പിള്ള, എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.
യദു പുഷ്പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സന്റ്. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.
Content Highlight: Kala movie Actor Moor about casteism in Malayalam cinema