|

ചന്ദ്രമുഖിക്ക് ശേഷമാണ് ശോഭനയുടെ ഡാന്‍സ് കണ്ടത്; അതിനുമുമ്പ് കാണേണ്ടെന്ന് ഞാന്‍ പറയുകയായിരുന്നു: കലാ മാസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊറിയോഗ്രഫി മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് മാസ്റ്ററാണ് കലാ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറില്‍ അധികം സിനിമകള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജ്യോതിക, രജിനികാന്ത്, നയന്‍താര, പ്രഭു എന്നിവര്‍ ഒന്നിച്ച് എത്തിയ ചന്ദ്രമുഖിയിലും കൊറിയോഗ്രഫി ചെയ്തത് മാസ്റ്റര്‍ തന്നെയായിരുന്നു. ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ഒന്നിച്ച മണിചിത്രത്താഴിന്റെ തമിഴ് റീമേക്കാണ് ഇത്. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രമുഖിയെ കുറിച്ച് പറയുകയാണ് കലാ മാസ്റ്റര്‍.

‘ചന്ദ്രമുഖിക്ക് വേണ്ടി വര്‍ക്ക് ചെയ്യുമ്പോള്‍ അന്ന് എല്ലാവരും ചോദിച്ചത് ജ്യോതികക്ക് ഇങ്ങനെയൊരു ടഫ് ഡാന്‍സ് കൊറിയോഗ്രഫി ചെയ്തു കൊടുക്കാന്‍ മാസ്റ്റര്‍ക്ക് ലൂസാണോ എന്നാണ്. പലരും അന്ന് പരസ്പരം പറഞ്ഞതാണ് ഈ കാര്യം. ഞാന്‍ അത് കേട്ടെങ്കിലും വലിയ കാര്യമാക്കിയില്ല. പക്ഷെ എന്റെയുള്ളില്‍ ഇത് സംബന്ധിച്ച് ചെറിയ ഒരു പേടിയുണ്ടായിരുന്നു. ജ്യോതികയുടെ കൂടെയുണ്ടായിരുന്ന വിനീത് ഒരു എക്സലന്റായ ഡാന്‍സറായിരുന്നു.

പക്ഷെ അവന്റെ കൂടെ ജ്യോതികയും ഡാന്‍സ് ചെയ്യണമല്ലോ. അന്ന് ജ്യോതിക അവിടേക്ക് വന്നതും എന്നോട് ചോദിച്ചത് ‘കലാ, ഇത് എനിക്ക് ചെയ്യാനുള്ളതാണോ’ എന്നായിരുന്നു. ഇത് നിങ്ങള്‍ ചെയ്യാനുള്ളതാണെന്ന് പറഞ്ഞതും തനിക്ക് പറ്റുമോയെന്ന് അവള്‍ ചോദിച്ചു. വിനീതും എന്നോട് ഇതേ ചോദ്യം ചോദിച്ചിരുന്നു. ജ്യോതികക്ക് ആ ഡാന്‍സ് ചെയ്യാന്‍ കഴിയുമോയെന്ന് അവനും സംശയമായിരുന്നു. അവള്‍ക്ക് സപ്പോര്‍ട്ടിന് നീയുണ്ടല്ലോ എന്നായിരുന്നു ഞാന്‍ അന്ന് നല്‍കിയ മറുപടി പറഞ്ഞത്.

ഞാന്‍ ആ സമയത്ത് സിനിമയുടെ മലയാളമോ കന്നഡയോ കണ്ടിട്ടില്ലായിരുന്നു. വാസു സാര്‍ (സംവിധായകന്‍) എനിക്ക് ഒരു സീന്‍ മാത്രമായിരുന്നു കാണിച്ചു തന്നത്. ആ ഡാന്‍സിന്റെ അവസാനം ജ്യോതികയുടെ എക്സ്പ്രഷന്‍ ഇതാണെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് മറ്റു ഭാഷയിലെ പാട്ടുകളോ സീനുകളോ കാണേണ്ടെന്ന് ഞാന്‍ പറയുകയായിരുന്നു. ചിലപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, ചന്ദ്രമുഖിയുടെ കൊറിയോഗ്രഫി കഴിഞ്ഞ ശേഷമാണ് ഞാന്‍ ശോഭനയുടെ ഡാന്‍സ് കണ്ടത്. അതുവരെ ഡാന്‍സോ ആ സിനിമയോ കണ്ടിരുന്നില്ല,’ കലാ മാസ്റ്റര്‍ പറയുന്നു.


Content Highlight: Kala Master Talks About Shobhana