മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. 1998ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ജൂഹി ചൗള, ഇന്നസെന്റ്, ശ്യാമിലി, നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, ജഗദീഷ്, മണിയന്‍പിള്ള രാജു, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.
ഈ സിനിമയിലെ ഡാന്‍സിന് കൊറിയോഗ്രഫി ചെയ്തത് കലാ മാസ്റ്ററായിരുന്നു. ഹരികൃഷ്ണന്‍സിന് വേണ്ടി കൊറിയോഗ്രഫി ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവം പങ്ക് വെക്കുകയാണ് മാസ്റ്റര്‍. യെസ് എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു അവര്‍.
‘മോഹന്‍ലാലും മമ്മൂക്കയും ഒന്നിച്ച സിനിമയാണ് ഹരികൃഷ്ണന്‍സ്. അതില്‍ ഞാന്‍ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. ‘കലാ, എനിക്ക് ഡാന്‍സറിയില്ല’ എന്ന് മമ്മൂക്ക വന്ന് പറഞ്ഞിരുന്നു. നമ്മള്‍ എന്താണോ ചെയ്യുന്നത് അതൊക്കെ ഡാന്‍സാണെന്നും നമ്മള്‍ പരസ്പരം ഇങ്ങനെ സംസാരിച്ചു നില്‍ക്കുന്നത് പോലും ഡാന്‍സാണെന്നും ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു.
സാധാരണ പോലെ ഡാന്‍സ് ചെയ്താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘മോഹന്‍ലാല്‍ വലിയ ഡാന്‍സറാണ്. അതുകൊണ്ട് എനിക്ക് നടക്കുന്നത് മാത്രം മതി’യെന്നാണ് മമ്മൂക്ക പറഞ്ഞത്. അവസാനം കൈ കൊണ്ടുള്ള ആ മൂവ്‌മെന്റ് കൊടുത്തു. അത് പിന്നീട് ഒരുപാട് ഫേയ്മസായി. ചെറിയ സ്റ്റൈലിലുള്ള മൂവ്‌മെന്റാണ് അന്ന് അദ്ദേഹത്തിന് കൊടുത്തത്.
അങ്ങനെയുള്ള ഡാന്‍സ് മൂവ്‌മെന്റ്‌സാണ് പലപ്പോഴും ഞാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൊടുക്കാറുള്ളത്. പിന്നെ എന്നെ കണ്ടാല്‍ മമ്മൂക്ക ‘അയ്യോ കലാ വരുന്നുണ്ടല്ലോ. എല്ലാം പോയി’ എന്ന് പറയാറുണ്ട്. എന്താണോ സാറിന് ചെയ്യാന്‍ പറ്റുന്നത്, അത് നമ്മുക്ക് ചെയ്യാമെന്നാണ് ഞാന്‍ അപ്പോള്‍ മമ്മൂക്കയോട് പറയാറുള്ളത്. ഡാന്‍സ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് മാറിനിന്നാല്‍ പിന്നെ ചെയ്യാന്‍ പറ്റില്ലല്ലോ,’ കലാ മാസ്റ്റര്‍ പറഞ്ഞു.
Content Highlight: Kala Master Talks About Mammootty