പഞ്ചാബി ഹൗസില്‍ ഡാന്‍സ് ചെയ്യില്ലെന്ന് ലാല്‍ സാര്‍; ഓഡിയന്‍സ് ചിരിച്ചാല്‍ എന്റെ പണി അവസാനിപ്പിക്കുമെന്ന് ഞാനും: കലാ മാസ്റ്റര്‍
Entertainment
പഞ്ചാബി ഹൗസില്‍ ഡാന്‍സ് ചെയ്യില്ലെന്ന് ലാല്‍ സാര്‍; ഓഡിയന്‍സ് ചിരിച്ചാല്‍ എന്റെ പണി അവസാനിപ്പിക്കുമെന്ന് ഞാനും: കലാ മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th July 2024, 8:44 pm

കൊറിയോഗ്രഫി മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് മാസ്റ്ററാണ് കലാ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറില്‍ അധികം സിനിമകള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. റാഫി മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ് എന്ന സിനിമയിലും കൊറിയോഗ്രഫി ചെയ്തത് മാസ്റ്റര്‍ ആയിരുന്നു. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമക്കായി നടന്‍ ലാലിനെ കൊണ്ട് ഡാന്‍സ് ചെയ്യിച്ചതിനെ കുറിച്ച് പറയുകയാണ് കലാ മാസ്റ്റര്‍.

‘സിദ്ദിഖ് – ലാലിലെ ലാല്‍ സാറിന് ഞാന്‍ ഡാന്‍സ് കൊറിയോഗ്രഫി ചെയ്തിരുന്നു. പഞ്ചാബി ഹൗസ് എന്ന സിനിമയില്‍ ആയിരുന്നു അത്. അതിന്റെ ഇടയില്‍ എനിക്കും അദ്ദേഹത്തിനും ഇടയില്‍ അടിയായി. ‘ഇല്ല, ഞാന്‍ ഒരിക്കലും ഡാന്‍സ് ചെയ്യില്ല. എനിക്ക് ഒരുപാട് ഹൈറ്റുണ്ട്’ എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ഡയറക്ടര്‍ ലാല്‍ സാറിനോട് എന്തായാലും ഡാന്‍സ് ചെയ്യണമെന്ന് പറഞ്ഞു.

അതൊരു ഫാമിലി സോങ്ങായിരുന്നു. അതുകൊണ്ട് എല്ലാവരും ഡാന്‍സ് കളിക്കേണ്ടിയിരുന്നു. ഹൊയ്യാരേ എന്ന് പറഞ്ഞു കൊണ്ടുള്ള മൂവ്‌മെന്റായിരുന്നു അദ്ദേഹം ചെയ്യേണ്ടത്. ആ ഡാന്‍സ് സാര്‍ ചെയ്തില്ലെങ്കില്‍ ശരിയാവില്ലെന്ന് ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു. അന്ന് ഞങ്ങള്‍ക്കിടയില്‍ സംസാരമായിട്ട് അദ്ദേഹം അവിടുന്ന് മാറി ഇരുന്നു. കുറച്ച് കഴിഞ്ഞ് ഞാന്‍ ലാല്‍ സാര്‍ റെഡിയല്ലേയെന്ന് വിളിച്ചു ചോദിച്ചു.

‘വേണ്ട മാസ്റ്റര്‍, ഓഡിയന്‍സ് കണ്ടാല്‍ ചിരിക്കും’ എന്ന് ലാല്‍ സാര്‍ എന്നോട് പറഞ്ഞു. ആരും ചിരിക്കില്ല, അങ്ങനെ ചിരിച്ചാല്‍ ഞാന്‍ എന്റെ ഡാന്‍സ് ജോലി നിര്‍ത്തുമെന്നായിരുന്നു അദ്ദേഹത്തോട് മറുപടി പറഞ്ഞത്. അവസാനം അദ്ദേഹം നന്നായി ഡാന്‍സ് ചെയ്തു. നല്ല ഡാന്‍സറാണ് ലാല്‍ സാര്‍. എത്രയോ സിനിമകളില്‍ അദ്ദേഹം പിന്നീട് ഡാന്‍സ് ചെയ്തു,’ കലാ മാസ്റ്റര്‍ പറഞ്ഞു.


Content Highlight: Kala Master Talks About Lal And Punjabi House