| Sunday, 7th July 2024, 7:31 pm

ചന്ദ്രമുഖിയില്‍ ജ്യോതികക്ക് കൊറിയോഗ്രഫി ചെയ്തു കൊടുക്കാന്‍ ലൂസാണോയെന്ന് അവര്‍ ചോദിച്ചു: കലാ മാസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് മണിചിത്രത്താഴ്. ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ഒന്നിച്ച ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ചന്ദ്രമുഖി എന്ന പേരില്‍ എത്തിയ സിനിമയില്‍ ജ്യോതിക, രജിനികാന്ത്, നയന്‍താര, പ്രഭു എന്നിവരാണ് ഒന്നിച്ചത്. മലയാളത്തില്‍ ഏറെ പ്രശംസ നേടിയ ശോഭനയുടെ നൃത്തം തമിഴില്‍ ജ്യോതികയായിരുന്നു ചെയ്തത്. ഇതിന് കൊറിയോഗ്രഫി ചെയ്തതാകട്ടെ കലാ മാസ്റ്ററും. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രമുഖിയെ കുറിച്ച് പറയുകയാണ് കലാ മാസ്റ്റര്‍.

‘അന്ന് അതിരാവിലെയാണ് ഞാന്‍ ചന്ദ്രമുഖിക്ക് വേണ്ടി ഡാന്‍സ് കൊറിയോഗ്രഫി ചെയ്യുന്നത്. അന്ന് എല്ലാവരും ചോദിച്ചത് ജ്യോതികക്ക് ഇങ്ങനെയൊരു ടഫ് ഡാന്‍സ് കൊറിയോഗ്രഫി ചെയ്തു കൊടുക്കാന്‍ മാസ്റ്റര്‍ക്ക് ലൂസാണോ എന്നാണ്. പലരും പരസ്പരം പറഞ്ഞതാണ് ഇത്. ഞാന്‍ ഈ കാര്യം കേട്ടെങ്കിലും കാര്യമാക്കിയില്ല. പക്ഷെ എന്റെയുള്ളില്‍ ചെറിയ ഒരു പേടിയുണ്ടായിരുന്നു.

വിനീത് ഒരു എക്‌സലന്റായ ഡാന്‍സറായിരുന്നു. പക്ഷെ കൂടെ ജ്യോതികയും ഡാന്‍സ് ചെയ്യണമല്ലോ. അന്ന് ജ്യോതിക വന്നതും എന്നോട് ചോദിച്ചത് ‘കലാ, ഇത് എനിക്ക് ചെയ്യാനുള്ളതാണോ’ എന്നായിരുന്നു. ഇത് നിങ്ങള്‍ക്കാണ് എന്ന് പറഞ്ഞതും എനിക്ക് ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചു. വിനീതും എന്നോട് ഇതേകാര്യം ചോദിച്ചിരുന്നു, ജ്യോതികക്ക് ആ ഡാന്‍സ് ചെയ്യാന്‍ കഴിയുമോയെന്ന്.

അവള്‍ക്ക് സപ്പോര്‍ട്ടിന് നീയുണ്ടല്ലോ എന്നായിരുന്നു ഞാന്‍ അവനോട് മറുപടി പറഞ്ഞത്. ഒരുപാട് സമയമെടുത്താണ് റിഹേഴ്‌സല്‍ ചെയ്തത്. രണ്ട് ദിവസം കൊണ്ടാണ് ചെയ്ത് തീര്‍ത്തത്. ഓരോ ഷോട്ടും ഒരുപാട് സമയമെടുത്താണ് ചെയ്തത്. അതില്‍ ജ്യോതികയില്‍ കുറച്ചൊക്കെ എന്റെ സ്റ്റൈലും നിങ്ങള്‍ക്ക് കാണാന്‍ പറ്റും. കാരണം അവള്‍ ക്യാമറയുടെ മുന്നില്‍ ഡാന്‍സ് കളിക്കുമ്പോള്‍ ഞാന്‍ ക്യാമറയുടെ പിന്നില്‍ ഡാന്‍സ് ചെയ്യുകയായിരുന്നു.

എന്നെ കണ്ടാണ് ജ്യോതിക ഡാന്‍സ് ചെയ്തത്. അങ്ങനെ അന്ന് ഷൂട്ട് ചെയ്ത് കഴിഞ്ഞ ശേഷം ഞാനും രജിനികാന്ത് സാറും ജ്യോതികയും ഒരുമിച്ചിരിക്കുകയാണ്. ആ സമയം അവള്‍ കരഞ്ഞു. ‘ഈ ഡാന്‍സ് ചെയ്യുന്നത് കാരണം എന്നെ എല്ലാവരും ക്രിറ്റിക്‌സൈസ് ചെയ്തു കലാ’ എന്ന് പറഞ്ഞാണ് കരഞ്ഞത്. ഇപ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നും അവള്‍ പറഞ്ഞു,’ കലാ മാസ്റ്റര്‍ പറയുന്നു.


Content Highlight: Kala Master Talks About Jyothika

We use cookies to give you the best possible experience. Learn more