| Monday, 24th October 2022, 6:02 pm

ആ സിനിമയില്‍ ജയസൂര്യയെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കാനാണ് ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിയത്: കലാ മാസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ആസ്വാദര്‍ക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് കല. കലാ മാസ്റ്റര്‍ എന്ന പേരിലാണ് സിനിമ ലോകത്ത് ഇവര്‍ അറിയപ്പെടുന്നത്. ഹിറ്റായ നിരവധി പാട്ടുകള്‍ക്ക് നൃത്തമൊരുക്കിയത് കലാ മാസ്റ്ററാണ്.

നൃത്തമറിയാത്ത പല അഭിനേതാക്കളെയും മാസ്റ്റര്‍ നൃത്തം ചെയ്യിച്ചിട്ടുണ്ട്. അത്തരമൊരു അനുഭവം അമൃത ടി.വിയുമായി പങ്കുവെക്കുകയാണ് കലാ മാസ്റ്റര്‍. മലയാളികളുടെ പ്രിയതാരം ജയസൂര്യയുമായി ഊമപ്പെണ്ണിന് ഉരിയാടാപപ്പയ്യന്‍ എന്ന ചിത്രത്തിലെ അനുഭവത്തെക്കുറിച്ചാണ് മാസ്റ്റര്‍ പറഞ്ഞത്.

”ജയസൂര്യയുടെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയില്‍ അദ്ദേഹത്തെ ഡാന്‍സ് ചെയ്യിപ്പിച്ചത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ജയസൂര്യയുടെ ആദ്യ സിനിമയാണ്. ഊമയായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഷൂട്ടിങ്ങിലും ഊമയെപ്പോലെയാണ് നടന്നത്.

ജയസൂര്യ ഭയങ്കര കോമഡിയാണ്. ഫസ്റ്റ് മൂവ്‌മെന്റ് കാണിച്ചു കൊടുത്താലും ചെയ്യില്ല. ചെയ്യ് ജയസൂര്യ ചെയ്ത് കാണിക്ക് എന്ന് പറഞ്ഞാലും കോമഡി കാണിച്ച് നില്‍ക്കും. ഫസ്റ്റ് സിനിമ ജയസൂര്യയെ വെച്ച് ഞാന്‍ അത്രയും കഷ്ടപ്പെട്ടു.

അതിന് ശേഷം അടുത്ത മൂവിയില്‍ കാണുമ്പോഴേക്കും വലിയ മാറ്റം അദ്ദേഹത്തിന് സംഭവിച്ചിരുന്നു. വലിയ ഹാര്‍ഡ് വര്‍ക്കറാണ് അദ്ദേഹം. ആ ഒരു അധ്വാനം കൊണ്ട് മലയാളി പ്രേക്ഷകരെ ഞെട്ടിച്ച കലാകാരനാണ് അദ്ദേഹം. ഡാന്‍സില്‍ മാത്രമല്ല എല്ലാത്തിലും ജയസൂര്യ അമ്പരപ്പിച്ചു,” കലാ മാസ്റ്റര്‍ പറഞ്ഞു.

വിനയന്റെ സംവിധാനത്തില്‍ 2002 ലാണ് ചിത്രം പുറത്തിറങ്ങിയത്. ജയസൂര്യയും കാവ്യയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ദ്രജിത്ത്, ഹരിശ്രീ അശോകന്‍, സുധീഷ്, കൊച്ചിന്‍ ഹനീഫ, ബിന്ദു പണിക്കര്‍, കാര്‍ത്തിക തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ സിനിമയിലുണ്ടായിരുന്നു.

content highlight: kala master about jayasurya

We use cookies to give you the best possible experience. Learn more