| Thursday, 25th March 2021, 8:57 pm

കള- പകയില്‍ പുകയുന്ന രാഷ്ട്രീയം

ശംഭു ദേവ്

Kala Film Review: അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘കള’. ടോവിനോ തോമസ് ആണ് ഇത്തവണ നായകനായി എത്തുന്നത്. തന്റെ ഓരോ ചിത്രവും ഓരോ പരീക്ഷണമായാണ് രോഹിത് വി.എസ് എടുക്കാറുള്ളത്.

സ്ഥിരം സിനിമാ ഫോര്‍മുലകള്‍ക്ക് പിന്നാലെ പോകാതെ തന്റെ കഥപറച്ചിലില്‍ വ്യത്യസ്തത പുലര്‍ത്താന്‍ ഒരു സംവിധായകന്‍ പുലര്‍ത്തുന്ന പരിശ്രമം പ്രശംസനീയമാണ്. കളയിലേക്ക് വരുമ്പോള്‍ തന്റെ പരീക്ഷണ സ്വഭാവം വിട്ട് കളയാതെ വേറിട്ട വിഭിന്നമായ മറ്റൊരു കഥയിലേക്കും കഥാപാത്രങ്ങളിലേക്കുമാണ് രോഹിത് പ്രേക്ഷകരെ കൊണ്ട് പോകുന്നത്.

തന്റെ മുന്‍ ചിത്രങ്ങളെ വെച്ച് നോക്കുമ്പോള്‍ കളയിലെ രാഷ്ട്രീയം അല്‍പ്പം മൂര്‍ച്ചയേറിയ ഒന്നാണ്. ചിത്രത്തിന് ലഭിച്ച എ സര്‍ട്ടിഫിക്കറ്റ് അതിന്റെ വയലന്‍സിന് വേണ്ടിയാണ്, ബീപ്പ് സൗണ്ടുകളില്ലാതെ തന്നെ ചിത്രം പ്രേക്ഷകന് മുന്നിലേക്ക് എത്തിക്കുവാന്‍ അണിയറക്കാര്‍ക്ക് സാധ്യമായി.

തന്റെ ഓരോ ചിത്രവും പരസ്പരം വേറിട്ട് നില്‍ക്കുന്ന ചലച്ചിത്രാനുഭവമാക്കി മാറ്റുവാന്‍ രോഹിതിന് സാധിക്കുന്നുണ്ട്. കള മനുഷ്യന്റെ ഉള്ളിലെ വിചിത്രമായ, വന്യമായ ഇമോഷന്‍സിനെ ആവിഷ്‌കരിക്കുന്ന ചിത്രമാണ്. മനുഷ്യനുള്ളില്‍ ജീവിക്കുന്ന അത്യാര്‍ത്തികളെയും, അധികാര ബോധത്തത്തെയും സംവിധായകന്‍ സ്‌ക്രീനിലേക്ക് കൊണ്ട് വരുന്നുണ്ട്.

ഇതെല്ലാം നിറച്ച് ജീവിക്കുന്ന മനുഷ്യര്‍ക്കുള്ളിലെ മൃഗത്തെ, അവനുള്ളില്‍ അവന്‍ തന്നെ നിര്‍മ്മിച്ചെടുത്ത അഹന്തയെ ചോരക്കളത്തിലേക്ക് വലിച്ചിട്ട് പരസ്പരം മല്ലിടുന്ന മനുഷ്യരെ കളയില്‍ കാണാം.

ടോവിനോ തന്റെ കരിയറില്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും വേറിട്ട് നില്‍ക്കുന്ന കഥാപാത്രമാണ് ഷാജി. തന്റെ ആണധികാര ബോധവും, എന്തിനെയും അക്രമത്തിലൂടെ കീഴ്‌പെടുത്താനാകുമെന്ന ധാര്‍ഷ്ട്യം കൊണ്ട് നടക്കുന്ന നായക കഥാപാത്രമാണ് ഷാജി.

വേട്ടയാടുന്ന വേട്ടയാടപ്പെടുന്ന നിസ്സഹായ മനുഷ്യ ജീവിതങ്ങളുടെ നേര്‍ പകര്‍പ്പാണ് ചിത്രം. ചിത്രത്തിന്റെ തുടക്കം മുതലേ വരുന്ന ദൃശ്യങ്ങളും അവയുടെ എഡിറ്റിംഗ് പാറ്റേണുമെല്ലാം മലയാള സിനിമയില്‍ കണ്ട് ശീലിച്ചിട്ടില്ലാത്ത ശൈലിയിലാണ് സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

കഥ പറയുന്ന വേറിട്ട ശൈലി ഛായാഗ്രഹണത്തില്‍ അഖില്‍ ജോര്‍ജും, എഡിറ്റിങ്ങില്‍ ചമന്‍ ചാക്കോയും നിലനിര്‍ത്തി പോകുന്നുണ്ട് ചിത്രത്തില്‍. ഒരു വേറിട്ട ചലച്ചിത്ര അനുഭവം എന്ന് കളയെ വിശേഷിപ്പിക്കാന്‍ ദൃശ്യ നിലവാരവും, ഒപ്പം തിരക്കഥയും ഒരു വലിയ പങ്ക് വഹിക്കുന്നു.

ടോവിനോ തോമസിന്റെയും ഒപ്പം ഉണ്ടായിരുന്ന ‘മൂര്‍’ എന്ന നടന്റെയും അര്‍പ്പണബോധത്തെയും പ്രശംസിക്കാതെ വയ്യ. കള വെറുമൊരു പരീക്ഷണമല്ല,ചോര കളത്തിലിറങ്ങുന്ന മനുഷ്യ ജീവിതങ്ങളുടെ നേര്‍പകര്‍പ്പാണ്.

ലിജോ ജോസ് പെല്ലിശേരി പിന്തുടരുന്ന ഒരു ശൈലിയുണ്ട്, മനുഷ്യനെ അവന്റെ വന്യമായ ഇമോഷന്‍സിലൂടെ ആവിഷ്‌കരിക്കുന്ന ശൈലി. അദ്ദേഹം ഏത് തരത്തിലുള്ള കഥയാണോ പറയുന്നത്, കഥയുടെ പശ്ചാത്തലമെന്താണ്? പ്രാദേശികമെന്താണ്? അതിനെയൊക്കെ സിനിമയുടെ ഒരുപാട് തലങ്ങളില്‍ പ്രതിഫലിപ്പിക്കും.

ഒരു നാടിന്റെ കഥ പറയുമ്പോള്‍ അവിടുത്തെ സംസ്‌കാരം, ഭക്ഷണം, സംസാര ശൈലി അങ്ങനെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന പ്രദേശത്തെ ഒരുപാട് ഘടകങ്ങള്‍ തിരക്കഥയ്ക്കപ്പുറം ഒരു സിനിമയില്‍ ജീവന്‍ ഇടം നല്‍കുന്ന മേക്കിങ് ശൈലി. ജല്ലിക്കട്ടില്‍ ക്യാമറ മൂവ്‌മെന്റ്‌സും മുതല്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ വരെ അത്തരം ശൈലികളെ പിന്തുടര്‍ന്ന് ഇടം നല്‍കിയിരുന്നു.

മനുഷ്യന്റെയും മൃഗങ്ങളുടെയും ശബ്ദം കൊണ്ട് ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ നല്‍കുക, അത്തരം റിയലിസ്റ്റിക് ഭാഷ ക്യമറയ്ക്കും സൗണ്ടിനും നല്‍കുക. അങ്ങനെ പ്രേക്ഷകനെ സിനിമയിലേക്ക് അടുപ്പിക്കുവാന്‍, കഥ നടക്കുന്ന ലോകത്തേക്ക് പറിച്ചു നടുവാന്‍ തിരക്കഥയ്‌ക്കൊപ്പം തന്നെ സാങ്കേതികതയെയും ഉപയോഗപ്പെടുത്തുക. അത്തരം നിലവാരമുള്ള ശ്രമങ്ങള്‍ കളയിലുമുണ്ട്.

അഖില്‍ ജോര്‍ജിന്റെ ക്യാമറയുടെ പോക്കും വരവും കഥയിലുള്ള മനുഷ്യന്മാരുടെ അതെ വേഗതയും താളവും നിലനിര്‍ത്തുന്നുണ്ട്. ചിലപ്പോഴൊക്കെ ആ സംഘര്‍ഷ ലോകത്തേക്കും,മറ്റ് ചിലപ്പോള്‍ അത് ഒളിഞ്ഞു നിന്ന് കാണേണ്ടി വരുന്ന കാണിയായുമെല്ലാം പ്രേക്ഷകനെ കൊണ്ടെത്തിക്കുവാന്‍ ക്യാമറയ്ക്കും, എഡിറ്റിങ്ങിനും അങ്ങേയറ്റം പങ്കുണ്ട്.

ഡാന്‍ വിന്‍സെന്റിന്റെ ശബ്ദമിശ്രണം മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്നുണ്ട് പ്രേക്ഷര്‍ക്ക്. മേല്പറഞ്ഞ മനുഷ്യ ഭാഷയില്‍ സാങ്കേതികതയില്‍ കൊണ്ട് വരുമ്പോള്‍ ശബ്ദ നിര്‍മാണത്തിലും, പശ്ചാത്തല സംഗീതത്തിലും കൊണ്ട് വന്ന സൂക്ഷ്മത ഒരു പരിധി വരെ ചിത്രത്തില്‍ വിജയിച്ചു.

സമീപകാലത്ത് കണ്ടതില്‍ ഏറ്റവും റോ ആന്‍ഡ് റിയാലിസ്റ്റിക്ക് ഫൈറ്റ് സീനുകളുള്ള സിനിമയാണ് കള. ചളിയില്‍ കുളിച്ച് പേ പിടിച് കലഹിക്കുന്ന വേട്ടമൃഗങ്ങളെ പോലെ മനുഷ്യര്‍ കലഹിക്കുന്ന സംഘട്ടന രംഗങ്ങളെല്ലാം രസകരമായി ആക്ഷന്‍ കൊറിയോഗ്രാഫി ടീം ചെയ്തിട്ടുണ്ട്.

സ്റ്റണ്ടില്‍ ഫീനിക്‌സ് പ്രഭുവും, ആക്ഷന്‍ കൊറിയോഗ്രഫിയില്‍ ബാസിദ് അല്‍ ഗസാലി,ഇര്‍ഫാന്‍ അമീറും പ്രശംസ അര്‍ഹിക്കുന്നുണ്ട്. നാട്ടിലെ നാടന്‍ തല്ല് അതിന്റെ വശ്യതയില്‍ തന്നെ ചിത്രത്തില്‍ വന്നിട്ടുണ്ട്. പ്രകടനത്തില്‍ ടോവിനോയും മൂറും തന്നെയാണ് റിയല്‍ ഷോ സ്റ്റീലേഴ്സ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kala Malayalam New Movie Review Tovino Thomas Rohith V S  Juvis Productions

ശംഭു ദേവ്

We use cookies to give you the best possible experience. Learn more