| Monday, 11th June 2018, 6:04 pm

തീര്‍ച്ചയായും കാല എന്നത് പൂര്‍ണമായും ഒരു രാഷ്ട്രീയ മുദ്രാവാക്യം തന്നെയാണ്

കെ.എം ജിതിലേഷ്

സമീപദിവസങ്ങളിലായി ഇന്ത്യന്‍ സിനിമ തിയറ്ററുകളില്‍ മുഴങ്ങികേട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ മുദ്രാവാക്യമുണ്ട് നമുക്കതിനെ കാല എന്ന് വിളിക്കാം. വാണിജ്യ സിനിമകളുടെ അപ്രപാളികളില്‍ കേവല ഉപരിവിപ്ലവമായി മാത്രം പറഞ്ഞുപൊയികൊണ്ടിരുന്ന രാഷ്ട്രീയം എന്ന വ്യവഹാരപദം അല്ലങ്കില്‍ ആ വാക്കിന്റെ അര്‍ത്ഥ മാനങ്ങള്‍ ഇത്ര കൃത്യതയോടെ വ്യക്തതയോടെ ആര്‍ജ്ജവത്തോടെ ഒരു സിനിമയില്‍ പ്രതിപാദിക്കുക ആ സിനിമ മുഴുവനായിത്തന്നെ ആ രാഷ്ട്രീയം തെളിമയോടെ നില്‍ക്കുക ഓരോ സംഭാഷണത്തിലും അത് കൃത്യതയോടെ പറഞ്ഞുവയ്ക്കാന്‍ കഴിയുക കാല എന്നത് അത്തരം ഒരനുഭവം ആണ്.

മുഖ്യധാരാ വാണിജ്യ സിനിമകളില്‍ മുമ്പെ പറഞ്ഞുപോയിട്ടുള്ള രാഷ്ട്രീയ സിനിമകളെയൊക്കെ തന്നെ അപ്രസ്‌കതമാക്കുന്ന രാഷ്ട്രീയവ്യക്തിത്വം കാല എന്ന സിനിമക്ക് നിവര്‍ന്നു നിന്നുതന്നെ അവകാശപ്പെടാം.

പ്രേക്ഷകന്‍ എന്ന നിലയില്‍ തങ്ങള്‍ അതുവരെ കണ്ട് സ്വാധീനിക്കപെട്ടിട്ടുള്ള മുഴുവന്‍ മുഖ്യധാരാരാഷ്ട്രീയ വാണിജ്യ സിനിമകളും ഓര്‍മകളില്‍ നിന്നോ അതിന്റെ ചിന്താ സ്വാധീന വലയങ്ങളില്‍നിന്നോ പൂര്‍ണമായി മായ്കപെടുകയും ആ സിനിമകള്‍ ഒക്കെതന്നെ മുന്നോട്ടു വച്ചിട്ടുള്ള കേവല ഉപരിവിപ്ലവ രാഷ്ട്രീയവാദഗതികള്‍ പരിപൂര്‍ണമായി റദ്ദ് ചെയ്യപെടുകയും ആ ഇടം മുഴുവനായി തന്നെ ഒരൊറ്റ സിനിമയും അതുയര്‍ത്തുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്യുക അവ സൃഷ്ടിക്കുന്ന മുറിവുകളും മൂര്‍ച്ചയുള്ള ചോദ്യങ്ങളും അവശേഷിക്കുകയും ചെയ്യുന്ന അവസ്ഥ പ്രേക്ഷകന്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍ അങ്ങനൊരു കാഴ്ച ഒരു മുഖ്യധാരാ വാണിജ്യ സിനിമയില്‍ അനുഭവപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ കാല തീര്‍ച്ചയായും പിന്തുണയ്ക്കപ്പെടേണ്ട ഒന്നുതന്നെയാണ്.

കാരണം അത്രത്തോളം പ്രഹരശേഷിയുണ്ട് സമകാലികവും സാര്‍വ്വകാലികവുമായ ഇന്ത്യന്‍ രാഷ്ട്രീയത്തോട് സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോട് കാല ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക്, ആ സിനിമ ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്ക്, അത് വിളിച്ചു പറയുന്ന സത്യങ്ങള്‍ക്ക്, ആ സിനിമ കാണിച്ചു തരുന്ന ജനാധിപത്യമെന്ന പുറംതോടിനകത്ത് പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക്.

ഒരേ സമയം ജനാധിപത്യമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യ എന്ന രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തോടും സമകാലിക വരേണ്യ ഫ്യൂഡല്‍ ഭരണകൂട അധികാര രാഷ്ട്രീയത്തോടും അവര്‍ മുന്നോട്ടു വയ്ക്കുന്ന പാരിസ്ഥിതിക ജനവിഭാവിഭാഗങ്ങളെയും ദലിതരെയും മാത്രം ഇരകളാക്കുകയും പിന്നീട് ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന മുതലാളിത്ത വികസന അജണ്ടകളോടും ഒരുപോലെ തന്നെയാണ് കാല എന്ന കറുത്തവന്റെ രാഷ്ട്രീയ സിനിമ നിരന്തരം കലഹിക്കുന്നത്.

ഇന്ത്യന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങളും അതിന്റെ പ്രതിനിധികളും അത് ആദര്‍ശ കാപട്യത്തിന്റെ ഏത് അവകാശവാദങ്ങളില്‍ നില്‍ക്കുന്നവര്‍ ആയാലും ശരി ഇടതായാലും വലതായാലും അതിന്റെ മധ്യത്തിലോ മറ്റേത് വശങ്ങളില്‍ ആയാലും ശരി, രജനികാന്തോ കമലാഹാസനോ പിണറായി വിജയനോ അരവിന്ദ് കെജ്‌രിവാളോ മമതാബാനര്‍ജിയോ മായാവതിയോ ഗാന്ധിയന്‍ ഖദര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ തൊട്ട് പൂര്‍ണമായും വരേണ്യ ഫാസിസ്റ്റ് മുതലാളിത്തസേവകനും ഭരണാധികാരിയും ആയി തുടരുന്ന നരേന്ദ്രമോദി വരെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കേള്‍ക്കേണ്ട കാണേണ്ട ഒരു രാഷ്ട്രീയ സിനിമ.

കാരണം ഇതില്‍ മുഴങ്ങുന്ന മുദ്രവാക്യങ്ങള്‍ മുഴുവന്‍ ഇരകളെ സൃഷ്ടിക്കുന്ന ഭരണകൂടങ്ങള്‍ക്കും സവര്‍ണ്ണ ഫ്യൂഡല്‍ മനോഭാവത്തിനും ജാതിവെറിക്കും നേരെയാണ്, ചെറുതും വലുതുമായ ഫാസിസ്റ്റ് അധികാര കേന്ദ്രങ്ങള്‍ക്കു നേരെയാണ്, ഒരു രാജ്യത്തെ ദളിതരെയും പാര്‍ശ്വവല്‍കൃതജനതയെയും അയിത്ത നിറമെന്നപേര്‍ കറുപ്പിന് പ്രഖ്യാപിച്ച് കരിയില്‍ പൊതിഞ്ഞെടുത്ത് ഇരകളാക്കുന്ന ചേരികളിലും കോളനികളിലും തള്ളുന്ന ഫ്യുഡല്‍ മുതലാളിത്ത വികസന അജണ്ടകള്‍ക്ക് നേരെയാണ്.

ഫൈനാന്‍സ് മൂലധനം സിനിമ എന്ന മാധ്യമത്തെ വിഴുങ്ങാന്‍ തുടങ്ങിയ അന്നുമുതല്‍തന്നെ മുഖ്യധാരയെന്നും സമാന്തരമെന്നും സിനിമയും രണ്ടായി വിഭജിക്കപെട്ടിരുന്നു അതുകൊണ്ടുതന്നെ മുതലാളിത്ത മൂലധനത്തിന്ന് വിധേയപെട്ടുകൊണ്ടിരുന്ന മുഖ്യധാരാ സിനിമയില്‍ നിന്നുകൊണ്ട് വ്യക്തതയുള്ള നിലപാടുകള്‍ ഉള്ള രാഷ്ട്രീയം പറയുക എന്നത് ഏതൊരു രാഷ്ട്രീയബോധ്യമുള്ള സിനിമ പ്രവര്‍ത്തകനും വലിയ പ്രതിസന്ധിയായി തീരുന്നു. അത്തരണമൊരു പ്രതിസന്ധിയെക്കൂടിയാണ് ഒരു മുഴുനീള വാണിജ്യസിനിമയെ തന്നെ വ്യക്തതയുള്ള രാഷ്ട്രീയ മുദ്രാവാക്യമാക്കികൊണ്ട് പാ രഞ്ജിത്ത് എന്ന ചലച്ചിത്രകാരന്‍ വിഗദ്ധമായി പൊളിച്ചുകളയുന്നതും അതില്‍ അയാള്‍ വിജയിക്കുന്നതും.

ഒരു സിനിമ രാഷ്ട്രീയസിനിമയായി തീരുന്നത് അതിന്റെ സാമൂഹിക ഇടം എവിടെയെന്നു വ്യക്തമാക്കുമ്പോള്‍ ആണ്. വ്യക്തതയുള്ള രാഷ്ട്രീയ നിലപാടുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയുമ്പോള്‍ ആണ്. ഒരു ഫ്യൂഡല്‍ ബ്രാഹ്മണിക്കല്‍ ഫാസിസ്റ്റ് ഭരണകൂടം പൂര്‍ണമായി അധികാരം കൈയാളുമ്പോള്‍ ആ രാജ്യത്തിന്റെ അധികാര കേന്ദ്രങ്ങളും ജുഡീഷ്വറി സംവിധാനങ്ങളും നീതി നിയമ വ്യവസ്ഥകളും മാധ്യമ ഇടങ്ങളും ഉള്‍പ്പെടെ അതെ ഭരണകൂട ഫാസിസം പിടിമുറുക്കുമ്പോള്‍ ഭൂമി മുതല്‍ ഭക്ഷണം വരെ സര്‍വ്വമേഖലകളിലും അത് കൈകടത്തുമ്പോള്‍ ജനാതിപത്യം എന്നത് കേവലം വാമൊഴി മാത്രമാവുമ്പോള്‍ ആ രാഷ്ട്രീയ ഫാസിസത്തിനെതിരെ ഉയരുന്ന ഒരു മുദ്രവാക്യം പോലെ അതെ സവര്‍ണ്ണ ഫ്യൂഡലിസത്തിന്റെ മനുസ്മൃതി കത്തിച്ചെറിഞ്ഞ അംബേദ്കര്‍ രാഷ്ട്രീയം തന്നെ ഒരാള്‍ സിനിമയാക്കുമ്പോള്‍ ആ രാഷ്ട്രീയ മുദ്രവാക്യം നിരന്തരം ആര്‍ജ്ജവത്തോടെ വിളിച്ചുപറയുമ്പോള്‍ ആ ധൈര്യവും ആത്മവിശ്വാസവും രാഷ്ട്രീയബോധ്യവും തന്നെയാണ് പാ രഞ്ജിത്ത് എന്ന സംവിധായകനെ ഇന്ത്യന്‍ മുഖ്യധാരാ സിനിമയില്‍ വ്യത്യസ്തനാക്കുന്നത്.

കാല് തൊട്ട് വന്ദിക്കുമ്പോഴല്ല നേര്‍ക്കുനേര്‍ നിന്ന് കൈകൊടുക്കുമ്പോഴാണ് തുല്യതയുണ്ടാവുന്നത് ലിംഗസമത്വമെന്ന പ്രാഥമിക ഇടമെന്നെങ്കിലും പറയാന്‍ കഴിയുന്നത് എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍. ഞങ്ങളുടെ ഭൂമി കയ്യടക്കാന്‍ വരുന്നത് നിങ്ങളല്ല നിങ്ങളുടെ ദൈവമാണെങ്കിലും ശരി ഞങ്ങള്‍ അടിച്ചോടിച്ചിരിക്കും എന്ന് പറയുന്നത്. അതിലുപരി അയിത്തോച്ചാരണത്തെയും ജാതിവിവേചനത്തെയും അലങ്കാരമായി കൊണ്ടുനടക്കുന്ന സവര്‍ണ്ണ ദൈവബിംഭങ്ങളെ പ്രതിനായകസ്ഥാനത്ത് നിര്‍ത്തി രാവണബിംബത്തെ കരിയുടെ കറുത്തവന്റെ ദളിതന്റെ അതിജീവനത്തിന്റെ നായക ബിംബത്തെ പ്രതിഷ്ഠിക്കുന്നത്.. പുരുഷ കേന്ദ്രീകൃതം മാത്രമാകുന്നത് വിയോജിക്കപെടേണ്ടത് തന്നെയാകുമ്പോഴും.

നായക ബിംബത്തിലൂടെ ഒരു സിനിമ മുഴുവന്‍ പ്രേക്ഷകനോട് ആശയസംവേദനം നടത്തി ഒടുവില്‍ ആ ബിംബത്തെയും പൊളിച്ച് അതിനു ചുറ്റും ഒപ്പവും നിന്ന പാരിസ്ഥിതിക ജനതയെയും മുന്നിലെ ഓരോ പ്രേക്ഷകനെയും ഒരു രാഷ്ട്രീയ ഭിംബങ്ങളുടെയും നിഴലില്‍ നില്‍ക്കാനല്ല മറിച്ച് സ്വയം പ്രതിരോധിക്കാനും, പ്രതികരിക്കാനും ചോദ്യം ചെയ്യാനും ശേഷിയുള്ള രാഷ്ട്രീയ ധാര്‍മികബോധ്യമുള്ള വ്യക്തിഭിംബമായി തീരേണ്ടതുണ്ട്, രൂപപെടേണ്ടതുണ്ട് എന്ന് പറയുന്നിടത്ത്, അവിടമൊക്കെ പാ രഞ്ജിത്ത് എന്ന സംവിധായകന്‍ അയാളുടെ രാഷ്ട്രീയം പറഞ്ഞുവയ്ക്കുന്നുണ്ട്.

കാല എന്ന ചിത്രയിലെ രാഷ്ട്രീയം ആത്യന്തികമായി ആദ്യം തിരിച്ചറിയേണ്ടതും അതിലെ മുദ്രാവാക്യങ്ങള്‍ നിരന്തരം ഉറക്കം കെടുത്തേണ്ടതും അതിലെ നായകന്‍ കൂടിയായ രജനികാന്ത് എന്ന വ്യക്തിയെയും കൂടെയാണ്. കാരണം കാല എന്ന സിനിമയും അത് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയവും നിലനില്‍ക്കുന്നത്
ആ വ്യക്തിക്കും എത്രയോ അകലെയാണ്.

അധികം ദൂരെയല്ലാതെ തുത്തുകുടി എന്നൊരു നഗരം നില്‍ക്കുന്നുണ്ട് മാറു പിളര്‍ന്നും തലപൊട്ടിയും ചോരയൊലിപ്പിച്ചും ഇന്നും തോല്‍ക്കാന്‍ തയ്യാറാവാതെ നില്‍ക്കുന്നൊരു ജനതയുണ്ട്. ഇന്നും ഭരണകൂട എജന്റുമാര്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന അവിടുത്തെ ജനങ്ങള്‍, എത്ര മറവു ചെയ്താലും മണ്ണിലേക്ക് ആഴ്ന്ന് പോകാന്‍ കഴിയാത്തവണ്ണം വെടിയുണ്ടകള്‍ കൊണ്ടേറ്റ മുറിവില്‍നിന്ന് നിന്ന് ചോരയൊലിപ്പിച്ച് നിങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടി എഴുന്നേറ്റു നില്‍ക്കുന്നുണ്ട്, നിങ്ങള്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ ഭരണകൂടങ്ങള്‍ ക്രൂരമായി വെടിവെച്ചു കൊന്നു തള്ളിയവരുടെ, നീതി കിട്ടാതെ ഇനിയും ഉറങ്ങാന്‍ കൂട്ടാക്കാത്തവരുടെ ശവങ്ങള്‍….

അതെ തൂത്തുക്കുടിയില്‍ അതെ ജനങ്ങള്‍ സ്വന്തം മണ്ണില്‍ അതിജീവനത്തിനുവേണ്ടി സമരം ചെയ്യുമ്പോള്‍ അവരെ സാമൂഹിക ദ്രോഹികള്‍ എന്ന് വിളിച്ച അതെ നാവുകൊണ്ട് തന്നെയാണ് എങ്കളുടെ മണ്ണ് എങ്കള്‍ക്ക് എന്ന രാഷ്ട്രീയ മുദ്രാവാക്യം നിങ്ങള്‍ തികച്ചും ഒരു രാഷ്ട്രീയ സിനിമയായ കാലയില്‍ മുഴക്കുന്നതും. അത്തരമൊരു വിരോധാഭാസത്തെ ചോദ്യം ചെയ്യുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും വ്യക്തമായ മറുപടി നല്‍കാനും അവരെ കേള്‍ക്കാനും നിങ്ങള്‍ക്ക് കഴിയണം. അത് ഇന്ന് നിങ്ങള്‍ ഇറങ്ങി നില്‍ക്കുന്ന വ്യക്തിജീവിതത്തിലെ രാഷ്ട്രീയ അധികാര ഇടത്തിന്റെ ബാധ്യതയാണ്. ആ രാഷ്ട്രീയ ഉത്തരവാദിത്വവും ധാര്‍മികതയും കാണിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം.

അതല്ലങ്കില്‍ സിനിമ എന്ന മാധ്യമത്തിലൂടെ മാത്രം ജനങ്ങളെ അഭിമുഖികരിച്ച് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ച രജനികാന്ത് എന്ന വ്യക്തിയും കേവല രാഷ്ട്രീയ നിലപാട് പോലും വ്യക്തമാക്കാന്‍ കഴിയാത്ത നിങ്ങളിലെ രാഷ്ട്രീയക്കാരനും സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റൊരു കേവല ഘരമാലിന്യമായി തന്നെ തുടരും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. തമിഴ് രാഷ്ട്രീയത്തിലെ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ ക്രയവിക്രയങ്ങള്‍കിടയില്‍ കാല എന്ന സിനിമയും ജനങ്ങളെ അഭിമുഖികരിക്കാനും അവരുടെ വോട്ട് രാഷ്ട്രീയത്തിനും വേണ്ടി ഒരു കാപട്യത്തിന്റെ രാഷ്ട്രീയ മുഖംമൂടിയായി നിങ്ങള്‍ ഉപയോഗിച്ചേക്കാം. അത് നിങ്ങളും നിങ്ങള്‍ക്ക് മുന്നേപോയവരും കാണിച്ചിട്ടുള്ള ചരിത്രം കൂടെയാണ്.

അസുരന്മാര്‍ എങ്ങിനെ കറുത്തവനും വെറുക്കപ്പെടേണ്ടവരും ആയെന്നും ആ കറുപ്പ് നിറം ചേര്‍ത്തെങ്ങിനെ ദളിതനെ വിളിച്ചുവെന്നും അവനെ തൊടുന്നതും അവന്റെ വീട്ടിലെ വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതും എന്തിന് അയിത്തമാക്കിയയെന്നും ഏത് രാഷ്ട്രീയ വരേണ്യതയാണ് കാലങ്ങളായി ഒരു ജനതയെ അടിമകളാക്കി നിലനിര്‍ത്താന്‍ വ്യഗ്രതപ്പെട്ടതെന്നും ആരാണ് അവരെ ആധുനിക പുരോഗമനമെന്ന കേവല അവകാശവാദ ഇന്ത്യയില്‍ ഇരകളാക്കി തീര്‍ക്കുന്നതെന്നും കാലയില്‍ നിങ്ങള്‍ക്ക് കാണാം.

അത്തരമൊരു നെറികെട്ട ജാതിയ ബോധത്തിന് മനുവാദി വികസന അജണ്ടകള്‍ക്ക് അത്തരം അധികാര രാഷ്ട്രീയ ബിംബങ്ങളുടെ നെറ്റിക്ക് നേരെ വലിച്ചെറിയുന്ന ഒരു മൂര്‍ച്ചയുള്ള കല്ലുതന്നെയാണ് കാല എന്ന രാഷ്ട്രീയ സിനിമ. അതുകൊണ്ടു തന്നെ സവര്‍ണ്ണ വരേണ്യ രാഷ്ട്രീയത്തിന്റെ പ്രേക്ഷക പ്രാതിനിധ്യത്തിന് തിയറ്ററില്‍ ഇരുന്ന് കയ്യടിക്കാന്‍ അവരുടെ ഫ്യുഡല്‍ ദുരഭിമാനം അനുവദിച്ചെന്ന് വരില്ല.

ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ കാല കണ്ടു കഴിയുമ്പോള്‍ കയ്യടിക്കേണ്ടതും ആ സിനിമ പിന്തുണയ്ക്കപെടേണ്ടതും സിനിമ എന്ന മാധ്യമത്തിലൂടെ നടത്തിയ വിളിച്ചു പറഞ്ഞ അനിവാര്യമായ ഒരു രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള പിന്തുണകൂടിയാകുന്നു. അതൊരിക്കലും രജനികാന്ത് എന്ന നടനോ താരത്തിനോ അദ്ദേഹം പിന്തുടര്‍ന്നു പോരുന്ന മൃദുഹിന്ദുത്വ അവസരവാദ രാഷ്ട്രീയത്തോടോ ഉള്ള പിന്തുണയല്ല. അയാള്‍ക്ക് കിട്ടുന്ന കൈയടിയും അല്ല. മറിച്ച് പാ രഞ്ജിത്ത് എന്ന വ്യക്തതയുള്ള രാഷ്ട്രീയബോധ്യമുള്ള ഉള്ള ഒരു ചെറുപ്പക്കാരന്‍ തന്റെ സിനിമയിലൂടെ വിളിച്ചു പറഞ്ഞ നിലപാടുകള്‍ ഉള്ള രാഷ്ട്രീയ മുദ്രവാക്യങ്ങളോടുള്ള പിന്തുണയാണ് അതയാള്‍ക്കുള്ള കയ്യടിയാണ്.

അത്യന്തം വ്രണിതമായിക്കൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറ്റവും അനിവാര്യവും ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കേണ്ടതുമായുള്ള രാഷ്ട്രീയ മുദ്രവാക്യം ഏതെന്നു ചോദിച്ചാല്‍ അത് അംബേദ്കറൈറ്റ് രാഷ്ട്രീയമാണ്.

കെ.എം ജിതിലേഷ്

We use cookies to give you the best possible experience. Learn more