| Tuesday, 23rd March 2021, 9:53 am

ഒ.ടി.ടി റിലീസ് ലക്ഷ്യംവെച്ചാണ് കള ഒരുക്കിയത്; സംവിധായകന്‍ രോഹിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് കള. ചിത്രം ഒ.ടി.ടി റിലീസ് ലക്ഷ്യം വെച്ചാണ് ഒരുക്കിയതെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രോഹിത് വി.എസ്.

‘ഒരു ഒ.ടി.ടി സിനിമയായി ചെയ്യാമെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. ഷൂട്ട് കഴിഞ്ഞ ശേഷം നിര്‍മ്മാതാക്കളാണ് ചിത്രത്തിന്റെ ബിഗ് സ്‌ക്രീന്‍ എക്‌സ്പീരിയന്‍സിനെപ്പറ്റി പറയുന്നത്. വലിയ സ്‌ക്രീനില്‍ കാണുമ്പോഴുണ്ടാകുന്ന ചിത്രത്തിന്റെ ഇംപാക്റ്റ് വളരെ വലുതാണെന്നായിരുന്നു അവര്‍ പറഞ്ഞത്. ആദ്യം ബിഗ് സ്‌ക്രീനില്‍ റിലീസ് ചെയ്യാം. അതിന് ശേഷം ചിത്രത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാം എന്നായിരുന്നു ആദ്യത്തെ ആലോചന,’ രോഹിത് പറഞ്ഞു.

നായകന്റെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നും ഒരു പരീക്ഷണമാണ് ഈ ചിത്രമെന്നും രോഹിത് പറഞ്ഞു. സിനിമാ ഡാഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രോഹിതിന്റെ പ്രതികരണം.

മാര്‍ച്ച് 25നാണ് കള തിയേറ്ററിലെത്തുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വാര്‍ത്തയായിരുന്നു. വയലന്‍സിന്റെ അതിപ്രസരം കാരണമാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

മനുഷ്യനും പ്രകൃതിയും പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. ടൊവിനോ തോമസ്, ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

യദു പുഷ്പാകരനും രോഹിത് വി.എസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്.

അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവി ശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kala Movie Director About OTT Release

We use cookies to give you the best possible experience. Learn more