കൊച്ചി: കേരളത്തിലെ മൂന്ന് ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് (കെ.എ.എല്‍) നടപടി.
എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരെയാണ് റദ്ദാക്കിയത്.
യു.ജി.സി മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിന്‍സിപ്പല്‍മാരെ നിയമിച്ചതെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം ഗവ. ലോ കോളേജിലെ ബിജു കുമാര്‍, തൃശൂര്‍ ഗവ. ലോ കോളേജിലെ വി.ആര്‍. ജയദേവന്‍, എറണാകുളം ഗവ. ലോ കോളേജിലെ ബിന്ദു എം. നമ്പ്യാര്‍ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്.
യോഗ്യതയുള്ള മുഴുവന്‍ അപേക്ഷകരെയും പരിഗണിച്ചുകൊണ്ട്, അവരുടെ യോഗ്യാതാ മാനദണ്ഡങ്ങള്‍ കൃത്യമായി വിശകലനം ചെയ്ത് സെലക്ഷന്‍ കമ്മിറ്റി പുതിയ നിയമനം നടത്താന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചല്ല നിയമനം. അപേക്ഷിച്ചവരുടെ അക്കാദമിക് യോഗ്യതയും അഭിമുഖത്തിലെ മാര്‍ക്കും പരിഗണിച്ച് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചായിരുന്നു നിയമനം നടത്തേണ്ടതെന്നും, ഈ യു.ജി.സി ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.
പ്രിന്‍സിപ്പല്‍ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോ കോളജിലെ അധ്യാപകനായ ഡോ. ഗിരിശങ്കര്‍ എസ്.എസ് ആണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.
മതിയായ യോഗ്യതയുള്ളവരെ പരിഗണിക്കാതെയായിരുന്നു നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി.
തുടര്‍ന്നാണ് നിയമനം റദ്ദാക്കാന്‍ ഉത്തരവായത്. രണ്ട് വര്‍ഷത്തെ ഹിയറിങ്ങിന് ശേഷമാണ് നടപടി. ജസ്റ്റിസ് പി.വി. ആശ, പി.കെ. കേശവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
നേരത്തെ 12 ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനവും ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു.
Content Highlight: KAL Revoked three Govt Law College Principals Appointment