വനിതാ ബില്‍ ബി.ജെ.പിയുടെ തട്ടിപ്പ്; സ്ത്രീകളെ ബഹുമാനിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഗുസ്തി താരങ്ങള്‍ക്ക് നീതിയില്ല? തൃണമൂല്‍ എം.പി
national news
വനിതാ ബില്‍ ബി.ജെ.പിയുടെ തട്ടിപ്പ്; സ്ത്രീകളെ ബഹുമാനിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഗുസ്തി താരങ്ങള്‍ക്ക് നീതിയില്ല? തൃണമൂല്‍ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th September 2023, 5:40 pm

ന്യൂദല്‍ഹി: വനിതാ സംവരണ ബില്‍ അവതരണം ബി.ജെ.പിയുടെ തട്ടിപ്പാണെന്നും തെരഞ്ഞെടുപ്പ് അടുക്കാനാകുമ്പോള്‍ തൊപ്പിക്കുള്ളില്‍ നിന്ന് മുയലിനെ പുറത്തെടുക്കുന്നതുപോലെയാണതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കക്കോലി ഘോഷ് ദസ്തിദാര്‍.

ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണിനെതിരെ ബി.ജെ.പി നടപടിയെടുത്തുകൊണ്ട് സ്ത്രീകളോട് ആദരവ് കാണിക്കണമെന്ന് തൃണമൂല്‍ എം.പി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വനിതാ സംവരണ ബില്‍ അവതരണത്തിവന് ശേഷം ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ബി.ജെ.പിയിലെ എന്റെ സഹപ്രവര്‍ത്തകര്‍ തങ്ങളുടെ ചിന്താഗതിയുടെ പരിവര്‍ത്തനത്തിന് മുന്‍ഗണന നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. വാക്കുകളിലൂടെ നല്‍കുന്ന ആദരവ് പ്രവൃത്തിയിലും കാണിച്ച് സ്ത്രീകള്‍ക്ക് ആത്മാര്‍ത്ഥമായ ബഹുമാനം നല്‍കേണ്ടതുണ്ട്.

സ്ത്രീകളോട് അപമര്യാദയോടെ പെരുമാറുന്നവര്‍ക്കെതിരെയും ഉപദ്രവിക്കുന്നവര്‍ക്കെതിരെയും ഉചിതമായ നടപടിയെടുക്കേണ്ടത് അനിവാര്യമാണ്,’ കക്കോലി ഘോഷ് ദസ്തിദാര്‍ പറഞ്ഞു.

രാജ്യത്തിനായി മെഡലുകള്‍ നേടിത്തന്ന പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമം നേരിട്ട് നീതിക്കായി പോരാടുമ്പോള്‍ കുറ്റവാളി ഇപ്പോഴും വെറുതെയിരിക്കുന്നെന്നും അയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നില്ലെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളുടെ പുരോഗമനവും നന്മയും ആഗ്രഹിക്കുന്നവരാണെങ്കില്‍ എന്തുകൊണ്ടാണ് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നും തൃണമൂല്‍ എം.പി. ചോദിച്ചു.

ഹത്രാസിലും ഉന്നാവോയിലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടപ്പോഴും ജമ്മു കശ്മീരില്‍ ഒരു ചെറിയ പെണ്‍കുട്ടിയെ കല്ലെറിഞ്ഞ് കൊന്നപ്പോഴും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നില്ലെന്നും കക്കോലി ഘോഷ് ദസ്തിദാര്‍ ചൂണ്ടിക്കാട്ടി.

Content Highlights: Kakoli Ghosh Dastidar against BJP