| Monday, 13th March 2023, 1:30 pm

Interview | കക്കുകളിയുടെ കീഴാള രാഷ്ട്രീയം വരേണ്യ ബോധത്തിന് പ്രകോപനമായി | സഭ 'വിലക്കിയ' സംവിധായകന്‍

അമൃത ടി. സുരേഷ്

കക്കുകളി നാടകത്തിനെതിരെ തൃശൂര്‍ അതിരൂപതയുടെയും കെ.സി.ബി.സിയുടെ ഭാഗത്ത് നിന്നും പ്രതിഷേധങ്ങള്‍ ഉയരുകയാണല്ലോ. നാടകത്തിലെ ഏത് ഭാഗമാണ് പ്രകോപരമായതെന്നാണ് കരുതുന്നത്?

വിവാദമുണ്ടാക്കാനോ ആരേയും അവഹേളിക്കാനോ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. കലയുടെ ഉദ്ദേശം ഒരിക്കലും പ്രകോപനമല്ല. ഒരാളെ പ്രകോപിപ്പിച്ചുകൊണ്ടോ ചീത്ത വിളിച്ചുകൊണ്ടോ ഒരു മാറ്റം സാധ്യമല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. വിശ്വാസത്തേയും ക്രിസ്തുവിയേും ബൈബിളിനേയുമൊക്കെ വളരെ പോസിറ്റീവായിട്ടാണ് കക്കുകളിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 2022 മാര്‍ച്ച് 11ന് തൃശ്ശൂരിലെ വേലൂരില്‍ ആണ് ഈ നാടകം ആദ്യമായി അവതരിപ്പിക്കുന്നത്. അതൊരു ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ്. ഒരു വര്‍ഷമായി ആ നാടകം കളിച്ചോണ്ടിരിക്കുകയാണ്. ഏകദേശം 14 വേദികള്‍ നമ്മള്‍ ഇപ്പോള്‍ ചെയ്തു. വിശ്വാസികള്‍ തന്നെ ഞങ്ങളോട് നാടകത്തെ അഭിനന്ദിച്ച് സംസാരിച്ചിട്ടുണ്ട്. അങ്ങനെയുള്ള ക്രിസ്തീയ സമൂഹം ഏറ്റെടുത്ത നാടകം കൂടിയാണ് ഇത്. ഗുരുവായൂരില്‍ കളിക്കുമ്പോള്‍ മാത്രമാണ് ഇത്രയേറെ പ്രതിഷേധം ഉയരുന്നത്. അതെന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല.

പുന്നപ്ര പറവൂരിലെ ഗ്രാമീണ മേഖലയിലെ പറവൂര്‍ പബ്ലിക് ലൈബ്രറി അവിടുത്തെ ഗ്രാമീണരായ മനുഷ്യരെ ഉള്‍ക്കൊള്ളിച്ചാണ് ഇങ്ങനെയൊരു സംരഭം തുടങ്ങുന്നത്. ഇതിനായി ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെ ഒരു നാടക സംഘത്തെ കൊണ്ടുവരുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത് വേദനയുണ്ടാക്കുന്നുണ്ട്. രാഷ്ട്രീയപരമായി ഇതിനെ ഉപയോഗിക്കുകയാണ്. ഇടത് പക്ഷത്തിന് വോട്ട് ചെയ്യണമോയെന്ന് ഞങ്ങള്‍ ആലോചിക്കും എന്നാണ് ഇടയ ലേഖനം വായിക്കുന്നത് കണ്ടത്.

ക്രിസ്തുവിന്റെ ആറാം തിരുമുറിവ് പ്രദര്‍ശിപ്പിക്കാന്‍ പോലും പറ്റിയിരുന്നില്ല. അന്ന് സര്‍ക്കാര്‍ അത് നിരോധിക്കുകയായിരുന്നു, അന്നത്തെ കാലഘട്ടത്തില്‍ നിന്നും സമൂഹം എത്രത്തോളം വളര്‍ന്നിട്ടുണ്ട്?

ആ വളര്‍ച്ചയിലാണ് എനിക്കും സംശയമുള്ളത്. നാം ആധുനിക ലോകമാണെന്ന് അവകാശപ്പെട്ടിട്ട് പഴയ മാനസികാവസ്ഥയിലൂടെയാണ് ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു മാറ്റം ഒട്ടും ഉണ്ടായിട്ടില്ല. ഇതിനെ പൊളിറ്റിക്കലായി എങ്ങനെ ഉപയോഗിക്കാം എന്നാണ് പ്രശ്നങ്ങളുണ്ടാക്കുന്നവര്‍ നോക്കുന്നത്. വിശ്വാസ സമൂഹത്തെ അവര്‍ കബളിപ്പിക്കുകയാണ്. അല്ലെങ്കില്‍ ഇങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ലല്ലോ. നാടകം പൂര്‍ണമായും വന്ന് കാണൂ എന്നാണ് ഞങ്ങള്‍ പറയുന്നത്. എന്നിട്ട് പൊതുസമൂഹം തീരുമാനിക്കട്ടെ. നമുക്ക് വാശിയോ വെല്ലുവിളിയോ ഒന്നുമില്ല. ഈ നാടകം തുടര്‍ന്ന് കളിക്കുമെന്ന് ആരേയും വെല്ലുവിളിക്കുന്നില്ല. കെ.സി.ബി.സി കേരളം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന വലിയൊരു സംഘടനയാണ്. ഞങ്ങള്‍ വളരെ ചെറിയൊരു ഗ്രാമീണ മേഖലയില്‍ നിന്നും വളരെ കഷ്ടപ്പെട്ട് നാടകം ചെയ്യാന്‍ ശ്രമിക്കുന്നവരാണ്.

നാടകം നാടകത്തിന്റേതായ രീതിയില്‍ പോകും, അതിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുള്ള സമീപനമെന്താണ്?

അദ്ദേഹം അങ്ങനെ പറഞ്ഞത് പോസിറ്റീവാണ്. നാടകം എന്നത് ഒരു നവീകരണ പ്രക്രിയയാണ്. സഭ അങ്ങനെ കണ്ടാല്‍ മതി. ചര്‍ച്ചക്കും സംവാദത്തിനും നമ്മള്‍ തയാറാണ്. ആധുനിക സമൂഹത്തിന് അതല്ലേ നല്ലത്. ഞങ്ങളില്‍ രണ്ടോ മൂന്നോ ആളുകള്‍ മാത്രമാണ് പ്രൊഫഷണല്‍ നാടകങ്ങള്‍ ചെയ്യുന്നത്. ബാക്കിയെല്ലാം ഗ്രാമീണ മേഖലയിലുള്ളവരും വിദ്യാര്‍ത്ഥികളുമാണ്. അവരെയൊക്കെ സംഘടിപ്പിച്ചാണ് ഈ നാടകം ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളം ആശങ്കയും പേടിയുമുണ്ട്. സജീവമായി തിയേറ്റര്‍ ഗ്രൂപ്പില്‍ നില്‍ക്കുന്ന ആളുകളാണെങ്കില്‍ വലിയ പ്രശ്‌നമൊന്നുമില്ല.

ക്രിസ്റ്റ്യന്‍ ഫണ്ടമെന്റലിസം നേരത്തേയും ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. മതത്തിന്റെ പേരില്‍ ന്യൂനപക്ഷമായ ചിലര്‍ ചെയ്യുന്ന ഇത്തരം സമീപനങ്ങള്‍ ആ മതത്തെ മൊത്തത്തില്‍ ബാധിക്കുന്നില്ലേ?

അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അവര്‍ വിശ്വാസ സമൂഹത്തെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ഭാഷയേയും ചുറ്റുപാടിനേയുമാണ് നാടകത്തിലൂടെ അടയാളപ്പെടുത്താന്‍ ശ്രമിച്ചത്. ഒരു പ്രതിഷേധത്തില്‍ കത്തോലിക്ക സഭയുടെ പ്രധാനപ്പെട്ട ഒരു വ്യക്തി സംസാരിക്കുന്നത് ഞാന്‍ കേട്ടു. വളരെ മ്ലേച്ഛമായ ഭാഷയാണ് ഉപയോഗിക്കുന്നത്. അതില്‍ ഒരു വരേണ്യ സ്വഭാവമാണ് കാണുന്നത്. ഉള്ളിലെ വരേണ്യ ബോധമാണ് അവരെക്കൊണ്ട് അത് പറയിക്കുന്നത്. ആലപ്പുഴയിലെ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഭാഷ കൊള്ളില്ല എന്നാണ് അവര്‍ പറയുന്നത്. എന്നുവെച്ചാല്‍ അവര്‍ കൊള്ളില്ലെന്ന്. നാടകത്തിലെ ഭാഷ കൊള്ളില്ലെന്ന രീതിയിലാണ് ആ യോഗത്തില്‍ സംസാരിച്ചത്. സാധാരണ നാട്ടിന്‍പുറത്തെ വിശ്വാസികള്‍ക്ക് ഇത് കാണുമ്പോള്‍ പ്രശ്‌നം ഉണ്ടാകുന്നില്ല. അവര്‍ അത് ആസ്വദിക്കുന്നുണ്ട്, ഏറ്റെടുക്കുന്നുണ്ട്. പക്ഷേ എലൈറ്റ് ക്ലാസിന് അത് കൊള്ളുന്നു.

കത്തോലിക്ക സമൂഹം മുഴുവന്‍ എതിരാണെന്ന് കരുതുന്നുണ്ടോ?

ഒരിക്കലുമില്ല. കക്കുകളിയിലെ അമ്മ ഒടുവില്‍ കുരിശെടുത്ത് പറയുന്ന ഒരു ഡയലോഗുണ്ട്, നിങ്ങള്‍ക്കീ കൊന്ത കുപ്പായത്തിന് മേലെ കിടക്കുന്ന അലങ്കാരമാണ്, പക്ഷേ ഞങ്ങള്‍ക്കിത് രക്ഷകന്റെ അടയാളമാണ്. അത് വിശ്വാസിയുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള ചോദ്യമാണ്. രണ്ട് കത്തോലിക്ക വൈദികര്‍ ഈ നാടകം കണ്ടിരുന്നു. അവര്‍ നാടകത്തെ അഭിനന്ദിച്ചാണ് സംസാരിച്ചത്. ഇത് പള്ളിയിലെ മറ്റുള്ള അച്ചന്മാരെ കൂടി കാണിക്കണമെന്നാണ് അതിലൊരാള്‍ എന്നോട് ആവശ്യപ്പെട്ടത്.

വര്‍ഷങ്ങള്‍ക്ക് മുമ്പേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കക്കുകളി അച്ചടിച്ചു വന്നതാണ്. ആ കഥയുടെ രചയിതാവായ ഫ്രാന്‍സിസ് നെറോണക്കാണ് 2019 ല്‍ കെ.സി.ബി.സി സാഹിത്യ പുരസ്‌കാരം ലഭിച്ചത്. കഥാകാരനെതിരെയോ കഥ അച്ചടിച്ചു വന്നപ്പോഴോ ഒരു വര്‍ഷം മുമ്പ് പല തവണ പ്രദര്‍ശിപ്പിച്ചിരുന്നപ്പോഴോ ഇല്ലാത്ത പ്രതിഷേധം ഇപ്പോള്‍ വരുന്നത് എന്തുകൊണ്ടായിരിക്കാം?

പ്രതിഷേധത്തിന്റെ പിന്നിലെന്താണെന്ന സംശയമുണ്ടാക്കുന്നതും അത് തന്നെയാണ്. ഒന്നാമത്തേയോ രണ്ടാമത്തേയോ മൂന്നാമത്തേയോ വേദിയിലൊക്കെ ആണ് ഇത് ഉണ്ടാകുന്നതെങ്കില്‍ ഈ പ്രശ്‌നമില്ല. ഒരു വര്‍ഷമായി നാടകം കളിക്കാന്‍ തുടങ്ങിയിട്ട്. അപ്പോഴൊന്നും ഉണ്ടാകാത്ത പ്രതിഷേധവും പ്രകോപനവും എന്തിന്റെ ഭാഗമായി പെട്ടെന്ന് ഉണ്ടാകുന്നു എന്നറിയില്ല. അത് എന്തിനാണെന്ന് മനസിലാവുന്നില്ല. അതിന്റെ പിന്നില്‍ പ്രത്യകിച്ച് എന്തെങ്കിലും അജണ്ടയുണ്ടാവും.

തൃശൂര്‍ അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തിലും പ്രദര്‍ശിപ്പിച്ചത് ഒരു ട്രിഗറിങ് പോയിന്റായെന്ന് തോന്നുന്നുണ്ടോ?

സര്‍ക്കാര്‍ നികുതി പണം കൊണ്ട് സന്യാസ വിരുദ്ധമായ നാടകത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുള്ള തരത്തിലാണ് പറയുന്നത്. നാടകമല്ല അവരുടെ പ്രശ്‌നം. മറ്റെന്തോ ആണ്. ഒരു പെണ്‍കുട്ടിയുടെ അതിജീവനമാണ് നാടകത്തില്‍ കാണിക്കുന്നത്. ചൂണ്ടകൊളുത്തില്‍ ഇരയെ കോര്‍ക്കുന്നത് പോലെയാണ് ദൈവ വിളിയെന്ന് നദാലിയയുടെ അപ്പന്‍ എപ്പോഴും പറയാറുണ്ട്. അപ്പന്റെ പെങ്ങള്‍ മഠത്തില്‍ പോയിട്ടുണ്ടായിരുന്നു. മഠത്തില്‍ നിന്നും തിരികെ വരുന്നവരുടെ അനുഭവം എന്താണെന്ന് കഥ കൃത്യമായി പറയുന്നുണ്ട്. നരച്ച തിരുവസ്ത്രവും ഇട്ടുകൊണ്ട് ആ കഥാപാത്രം കടപ്പുറത്ത് കൂടി അലഞ്ഞുനടക്കുകയായിരുന്നു. അവസാനം അസുഖം വന്ന് മരിച്ച് വീഴുകയാണ്. മഠത്തില്‍ നിന്നും പുറത്ത് വരുന്നവരെ സഭ എങ്ങനെ കാണുന്നു എന്ന ചോദ്യം നാടകം മുന്നോട്ട് വെക്കുന്നുണ്ട്. പുറത്ത് വന്ന കന്യാസ്ത്രീകളുടെ കൂട്ടായ്മകളും അടുത്തിടെ ഉയര്‍ന്ന പ്രതിഷേധങ്ങളും നമ്മള്‍ കണ്ടതാണ്. ശരിക്കും പറഞ്ഞാല്‍ മഠത്തെ പറ്റി മാത്രമല്ല നാടകം പറയുന്നത്. ഇത് ഏത് ഇന്‍സ്റ്റിറ്റിയൂഷനുമാവാം, കുടുംബമാവാം. ആണധികാര കേന്ദ്രങ്ങള്‍ക്കെതിരെയാണ് നദാലിയ ചില്ല് എറിഞ്ഞുടക്കുന്നത്. എന്നിട്ടാണ് സഭാ വസ്ത്രം വലിച്ചെറിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്നത്. മഠം ഇവിടെ ഒരു സിമ്പോളിക് റെപ്രസന്റേഷനോ തിയേറ്റര്‍ റെപ്രസന്റേഷനോ ആണ്.

കഥയില്‍ നിന്നും നാടക രൂപത്തിലേക്ക് എത്തിയപ്പോള്‍ എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ?

നാടകത്തിന്റെ അരങ്ങ് രചനയില്‍ നില്‍ക്കുന്നതല്ലല്ലോ. അരങ്ങില്‍ സംഭവിക്കുമ്പോള്‍ അത് കുറച്ച് കൂടി കണ്‍വേ ചെയ്യപ്പെടണം. വളരെ ലളിതമായാണ് നാടകം ചെയ്തത്. മൂടിവെക്കപ്പെട്ട ചില ബിംബങ്ങള്‍ ഉണ്ട്. മഠത്തിന് പിന്നിലെ പരുക്കന്‍ ഒച്ച എന്ന് കഥയില്‍ വിശേഷിപ്പിക്കുന്നുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങളെ ഗൂഢമായി സൂചിപ്പിക്കുന്നുണ്ട്. അത് നാടകത്തിലേക്ക് വരുമ്പോള്‍ കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അങ്ങനെയുള്ള മാറ്റം വന്നിട്ടുണ്ടാവാം. കഥയും നാടകവും രണ്ടാണല്ലോ. അതിനെ രണ്ടായിട്ട് തന്നെ കാണണം.

കമ്മ്യൂണിസ്റ്റുകാര്‍ നാടകത്തെ പിന്തുണക്കുന്നു എന്നാണ് കെ.സി.ബി.സി പറയുന്നത്. പൊതുവേ എല്ലാ മതമൗലിക വാദികളും പറയുന്നതല്ലേ ഇത്?

പൊതുവേ അങ്ങനെയുള്ള വാദങ്ങള്‍ ഉയരാറുണ്ട്. നമുക്ക് പ്രത്യേകച്ച് അജണ്ടയൊന്നുമില്ല. ഞാന്‍ തീരപ്രദേശത്ത് ജനിച്ച ആളാണ്. എന്റെ അപ്പന്‍ മത്സ്യ തൊഴിലാളിയാണ്. തീര ജനതയുടെ ഭാഷാ സൗന്ദര്യം, അവരുടെ ജീവിതം, ചുറ്റുപാടുകള്‍, കടല്‍, ചവിട്ട് നാടകം ഇതിനെയൊക്കെയാണ് അതില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ളത്.

കെ.സി.ബി.സി അവാര്‍ഡ് കൊടുത്ത കൃതിയാണിത്. ഈ നാടകത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രചരണം നടത്തുന്നു എന്നാണ് അവര്‍ വാദിക്കുന്നത്. കൊച്ചു സിസ്റ്റര്‍ എന്നൊരു കഥാപാത്രം കൃതിയിലുണ്ട്. ഈ കഥാപാത്രം നായികയായ നദാലിയയോട് ചോദിക്കുന്നുണ്ട്, നീ കന്യാസ്ത്രീയോ അതോ കമ്മ്യൂണിസ്റ്റോ എന്ന്. അത് കഥയില്‍ എഴുതിയിട്ടുള്ളതാണ്. കമ്മ്യൂണിസ്റ്റ് പ്രചരണം നടത്തുന്നു എന്ന് കാണിക്കാന്‍ ഈ രംഗങ്ങളൊക്കെയാണ് അവര്‍ പറയുന്നത്.

പൊതുവായി ആവിഷ്‌കാര സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികള്‍?

ആധുനിക സമൂഹത്തിലാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇതിലൊരു തീരുമാനം ഇനി പൊതുസമൂഹമാണ് എടുക്കേണ്ടത്. ഒരു വിഷയത്തെ അഡ്രസ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് സത്യം മനസിലാവുന്നത്. കന്യാസ്ത്രീകളേയും മഠത്തേയും വള്‍ഗറായി ചിത്രീകരിക്കുന്ന എത്രയോ സിനിമകള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. നാടകം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമാണ് ഇവിടെ പ്രശ്നമാകുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു സ്ത്രീ പക്ഷ, കീഴാള പക്ഷ രാഷ്ട്രീയം അതിനുണ്ട്. അതുതന്നെയാണ് അവരെ പ്രകോപിപ്പിച്ചത്. ഏത് മതമാണെങ്കിലും സ്ത്രീ വിരുദ്ധ കാഴ്ചപ്പാട് ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

നെയ്തല്‍ നാടക സംഘത്തെ പറ്റി കൂടുതല്‍ പറയുമോ?

ആലപ്പുഴ ജില്ലയിലെ ഏക എ ഗ്രേഡ് ലൈബ്രറി ആണ് പറവൂര്‍ പബ്ലിക് ലൈബ്രറി. ഒരുപാട് അവാര്‍ഡുകള്‍ കിട്ടിയ പ്രശസ്തമായ ലൈബ്രറിയാണ്. കുറെ കാലങ്ങള്‍ക്ക് മുമ്പാണ് അതിന് വേണ്ടി നെയ്തല്‍ നാടക സംഘം സ്ഥാപിച്ചത്. 2015ലോ 14ലോ മറ്റോ ആണത്. തിയേറ്റര്‍ വര്‍ക്ക് ഷോപ്പുകള്‍, ചെറിയ പ്രൊഡക്ഷന്‍സ്, കുട്ടികള്‍ക്ക് വേണ്ടിയുള്ള നടകങ്ങളൊക്കെയാണ് ഞങ്ങള്‍ ചെയ്തുകൊണ്ടുവന്നിരുന്നത്. ഈ നാടക സംഘം ചെയ്യുന്ന ഒരു വലിയ നാടകം കക്കുകളിയാണ്.

Content Highlight: kakkukali director job madathil interview

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more