| Tuesday, 8th December 2020, 2:31 pm

'ഒന്ന് വന്ന് വോട്ട് ചെയ്യുമോ' എന്ന് ഉദ്യോഗസ്ഥര്‍ വോട്ടറോട് അപേക്ഷിച്ച ആ ബൂത്ത് ഇന്ന് ഓര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സ്ഥലങ്ങളില്‍ ബൂത്തുകള്‍ സജ്ജമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ സ്ഥിരമായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന ഒരു ബൂത്തുണ്ടായിരുന്നു കോഴിക്കോട് ജില്ലയിലെ കക്കയത്ത്.

എല്ലാ തെരഞ്ഞെടുപ്പ് ദിവസവും രാവിലെ ഏഴ് മണിയോടെതന്നെ പ്രിസൈഡിങ് ഓഫിസറടക്കമുള്ള ഉദ്യോഗസ്ഥര്‍ ബൂത്തിലെത്തി ഒരുക്കങ്ങള്‍ നടത്തും. പിന്നെ ബൂത്തിലെ ഏകവോട്ടറായ ദാസന് വേണ്ടിയുള്ള കാത്തിരിപ്പാണ്. മറ്റ് സ്ഥലങ്ങളിലെ ബൂത്തുകളില്‍ ആളുകള്‍ തിക്കിയും തിരക്കിയും വരി നിന്നും ബുദ്ധിമുട്ടുമ്പോള്‍ കക്കയം ഡാം സൈറ്റിലെ ബൂത്തില്‍ ഉദ്യോഗസ്ഥര്‍ ദാസന് വേണ്ടി കാത്തിരിക്കും. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം തനിക്ക് കിട്ടുന്ന ഈ വി.ഐ.പി പരിഗണന ആസ്വദിക്കുന്ന ദാസന്‍ അത്ര പെട്ടന്നൊന്നും വോട്ട് ചെയ്യാനെത്തില്ല.

ചിലപ്പോള്‍ ഉദ്യോഗസ്ഥര്‍ ദാസനെ തേടി ചെന്ന് ‘ഒന്ന് വന്ന് വോട്ട് ചെയ്യുമോ’ എന്നപേക്ഷിക്കും. ദാസന്‍ അത്ര പെട്ടന്നൊന്നും പിടി കൊടുക്കില്ല. തന്റെ പണിയൊക്കെ കഴിഞ്ഞ് സാവധാനത്തില്‍ മെല്ലെ മെല്ലെ നടന്ന് ബൂത്തിലെത്തും. പത്രക്കാരോ ക്യാമറമാന്‍മാരോ ഒക്കെ ഉണ്ടെങ്കില്‍ അവരെയൊക്കെ ഒന്ന് നോക്കി കൈ കാണിച്ച് തലയെടുപ്പോടെ ചെന്ന് വോട്ട് ചെയ്ത് തിരികെ വരും. ഓരോ തവണയും പതിനായിരത്തോളം രൂപയാണ് ദാസന് വേണ്ടി മാത്രം സര്‍ക്കാര്‍ ചെലവഴിച്ചിരുന്നത്.

2006 ഏപ്രിലില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ദാസന്‍ ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥനക്ക് വഴങ്ങി ഉച്ചക്ക് 12 മണിയോടെതന്നെ ബൂത്തിലെത്തി വോട്ടുചെയ്തിരുന്നു. അന്ന് ഉച്ചക്കു മുമ്പ് 100 ശതമാനം പോളിങ് നടന്ന കേരളത്തിലെ ഏക ബൂത്ത് എന്ന അംഗീകാരം കക്കയത്തെ ഏകാംഗ ബൂത്തിന് ലഭിച്ചു.

കക്കയം ഡാം സൈറ്റിനടുത്ത ചാരക്കാട്ട് എസ്‌റ്റേറ്റിന്റെ വാച്ച്മാനായിരുന്ന ദാസനുവേണ്ടി മാത്രം 15 വര്‍ഷമാണ് പേരാമ്പ്ര അസംബ്ലി മണ്ഡലത്തില്‍പെട്ട ഈ ഏകാംഗ ബൂത്ത് പ്രവര്‍ത്തിച്ചിരുന്നത്. കക്കയത്തുനിന്ന് 15 കിലോമീറ്റര്‍ ദൂരം ഹെയര്‍പിന്‍ വളവുകള്‍ കയറി വേണം വനമേഖലയില്‍പെട്ട കക്കയം ഡാം സൈറ്റിലെത്താന്‍. ഡാം സൈറ്റിലെ കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സിലായിരുന്നു ബൂത്ത് സജ്ജമാക്കിയിരുന്നത്.

ചാരക്കാട്ട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഡാം സൈറ്റില്‍ ബൂത്ത് ആരംഭിച്ചത്. 350 ഓളം തൊഴിലാളികളുണ്ടായിരുന്നു ഇവിടെ. പിന്നീട് എസ്റ്റേറ്റ് ക്ഷയിക്കുകയും തൊഴിലാളികളെല്ലാം പിരിഞ്ഞുപോവുകയും ചെയ്തു. അവസാനം എസ്‌റ്റേറ്റ് നോക്കിനടത്താന്‍ ഒരു വാച്ച്മാനെ മാത്രം ഉടമകള്‍ ഏര്‍പ്പാടാക്കി. ആ വാച്ച്മാനായിരുന്നു കോട്ടയം പാമ്പാടി സ്വദേശിയായിരുന്ന ദാസന്‍. 2008ല്‍ ദാസന്‍ മരിച്ചതോടെ 2009 ഏപ്രിലിലെ തെരഞ്ഞെടുപ്പോട് കൂടിയാണ് ബൂത്ത് നിര്‍ത്തലാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kakkayam Election booth for single man

We use cookies to give you the best possible experience. Learn more