| Friday, 9th August 2019, 9:33 am

കക്കയം ഡാം അല്‍പ്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കും; തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കക്കയം ഡാം അല്‍പ്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കും. നിലവില്‍ 45 സെന്റീമീറ്ററാണ് ഡാം തുറന്നിരിക്കുന്നത്. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് കുറ്റ്യാടി വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ എം.എല്‍.എ പാറക്കല്‍ അബ്ദുള്ള ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

ആവശ്യത്തിന് രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഇതുവരെ കുറ്റ്യാടിയില്‍ എത്തിയിട്ടില്ലെന്നും പേരാമ്പ്രയ്ക്ക് അപ്പുറം ഫയര്‍ ഫോഴ്സ് സംവിധാനത്തിന് എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയാണെന്നും എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘രണ്ട് മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. നാട്ടുകാരാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥിതിയിലാണ്.’- എം.എല്‍.എ പറയുന്നു.

അതേസമയം, പറമ്പിക്കുളം ഡാമില്‍ നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലില്‍ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇവിടെ നിന്നും തുറന്നു വിട്ട വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കെത്തും. 400 ഘനയടി വെള്ളമാണ് രണ്ട് മണിക്കൂറിനുള്ളില്‍ പെരിങ്ങല്‍കുത്ത് ഡാമിലെത്തുക.

മൂന്നര മണിക്കൂറിനുള്ളില്‍ ചാലക്കുടിയിലും വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഉച്ചതിരിഞ്ഞ് ചാലക്കുടി പുഴയിലെ ജലനിരപ്പ് അരയടി ഉയരും. ഷോളയാര്‍ ഡാം തുറക്കാതെ ഇവിടെ വെള്ളപ്പൊക്കമുണ്ടാവുന്നത് ആദ്യമാണ്.

ഷോളയാറില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ 38 ശതമാനം വെള്ളമാണുള്ളത്. ചാലക്കുടി പുഴയുടെ തീരത്ത് ഇതുവരെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more