| Monday, 20th January 2020, 5:27 pm

സഭാഭൂമി വില്‍പന: മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാക്കനാട്: സഭാഭൂമി വില്‍പനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു. കരുണാലയത്തിന്റെ ഭൂമി അനധികൃതമായി വില്‍പന നടത്തിയെന്ന് ഹരജി പരിഗണിച്ച ശേഷമാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തത്.

കരുണാലയത്തിന്റെ ഭൂമി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണം എന്ന നിബന്ധനയോടെ സഭക്ക് സൗജന്യമായി നല്‍കിയ ഭൂമി പിന്നീട് സാമ്പത്തികലാഭം നേടുന്നതിന് വേണ്ടി മറിച്ചുവിറ്റു എന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശി ജോഷി നല്‍കിയ ഹരജിയിലാണ് കോടതി സ്വമേധയാ കേസ് എടുത്തത്.

സീറോ മലബാര്‍ സഭയുടെ എറണാകുളം അതിരൂപതക്ക് കീഴിലുള്ള അഞ്ച് ഭൂമി ഇടപാട് കേസുകളില്‍ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഏഴ് ഹരജികള്‍ നിലനിന്നിരുന്നു.

സഭാ ഭൂമി ഇടപാടില്‍ നേരത്തെ രണ്ട് ഹരജികളില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ നേടിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോള്‍ പുതുതായി രണ്ട് കേസുകള്‍ കൂടി കാക്കനാട് മജിസ്‌ട്രേറ്റ് കോടതി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. വഞ്ചന, ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

സീറോ മലബാര്‍ സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന പ്രൊ-ക്യുറേറ്റര്‍ ഫാ. ജോഷി പുതുവയെയും കോടതി പ്രതി ചേര്‍ത്തു.

സാക്ഷികളെ വിസ്തരിച്ചതിന് ശേഷം പ്രഥമാ ദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോടതി കേസ് എടുത്തത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ എന്നിവരോട് മാര്‍ച്ച് 13ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ അറിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ട് കേസുകള്‍ക്ക് പുറമെ മൂന്ന് ഹരജികള്‍ കൂടി കോടതിയുടെ പരിഗണനയിലുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സഭാഭൂമി വില്‍പനക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ തുടര്‍ന്ന് വൈദീകര്‍ക്കും വിശ്വാസികള്‍ക്കിടയില്‍ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. വൈദീകര്‍ക്കിടയിലുണ്ടായ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ വത്തിക്കാന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ച ഘട്ടത്തിലാണ് കേസില്‍ കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്.

DoolNews Video

We use cookies to give you the best possible experience. Learn more