ഫുട്ബോള്‍ ലോകത്തെ ഇതിഹാസതാരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ആരാണ് ഇരുവരിലും ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം എന്ന ആരാധകരുടെ ചര്‍ച്ചകള്‍ അറ്റം കാണാതെ പോകുകയാണ്.
ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോ തിളങ്ങുന്നത്. 923 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് റോണോ. എന്നാല്‍ ഒരു ലോകകപ്പ് കിരീടം മാത്രം ഇല്ല എന്നത് റൊണാള്‍ഡോയ്ക്ക് ഒരു ശാപമായി തുടരുകയാണ്.
എന്നാല്‍ കരിയറില്‍ 850 ഗോള്‍ നേടിയ മെസി സ്വന്തമാക്കാന്‍ മറ്റ് ട്രോഫികള്‍ ഒന്നും ബാക്കിയില്ല. 2023 ഫിഫ ലോകകപ്പില്‍ ഐതിഹാസിക വിജയത്തോടെ കിരീടം സ്വന്തമാക്കാന്‍ മെസിക്കും സംഘത്തിനും സാധിച്ചു.
മാത്രമല്ല ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം എട്ടുതവണ നേടാനും ലയണല്‍ മെസിക്ക് കഴിഞ്ഞു. അഞ്ച് തവണയാണ് റൊണാള്‍ഡോയ്ക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. 2024ലെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും മെസി കിരീടം അണിഞ്ഞിരുന്നു.
എന്നിരുന്നാലും ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരം താനാണെന്ന് റൊണാള്‍ഡോ അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ റൊണാള്‍ഡോയെക്കുറിച്ചും ലയണല്‍ മെസിയെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ബ്രസീലിയന്‍ താരം റിക്കാഡോ കക്ക.
Kaka
റൊണാള്‍ഡോ മികച്ച താരമാണെന്നും എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരം മെസിയാണെന്നും റോണോ ഒരു മെഷീന്‍ പോലെയാണെന്നുമാണ് കക്ക പറഞ്ഞത്. വേഗത കൊണ്ടോ ശക്തികൊണ്ടോ അല്ല മനക്കട്ടി മാത്രമാണ് അവനുള്ളതെന്ന് മുന്‍ ബ്രസീലിയന്‍ താരം പറഞ്ഞു.
‘ഞാന്‍ റൊണാള്‍ഡോയുടെ കൂടെ മത്സരിച്ചിട്ടുണ്ട്, അദ്ദേഹം മികച്ച താരമാണ്. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച താരമായി ഞാന്‍ തെരഞ്ഞെടുക്കുന്നത് ലയണല്‍ മെസിയെ ആയിരിക്കും. വളരെ ബുദ്ധിമാനായ കളിക്കാരനാണ് അദ്ദേഹം.
റൊണാള്‍ഡോ ഒരു മെഷീന്‍ ആണ്. വേഗതകൊണ്ടോ ശക്തികൊണ്ടോ അല്ല അവന്‍ ഒരു മെഷീന്‍ ആണെന്ന് പറഞ്ഞത്, അവന് മനക്കട്ടിയുണ്ട്. അവന് എപ്പോഴും വിജയിക്കണം, കളിക്കണം എന്നുള്ള ചിന്തയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമാകണം എന്ന ചിന്ത അവനുണ്ട്,’ റിക്കാര്‍ക്ക പറഞ്ഞു.
Content Highlight: Kaka Talking About Cristiano Ronaldo And Lionel Messi