ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സിമ, സാവി അലോണ്‍സോ, അല്‍വാരോ അര്‍ബെലോവ എന്നിവര്‍ ക്ലബ്ബിലേക്കെത്തിയ അതേ ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെയാണ് 2009ല്‍ ബ്രസീലിയന്‍ താരമായ റിക്കാര്‍ഡോ കക്ക ലോസ് ബ്ലാങ്കോസില്‍ എത്തുന്നത്. 67 മില്ല്യണ്‍ ഡോളറിനായിരുന്നു ലോസ് ബ്ലാങ്കോസ് മാനേജര്‍ മാന്വല്‍ പെല്ലഗിനി എ.സി. മിലാനില്‍ നിന്നും താരത്തെ സ്വന്തമാക്കുന്നത്.
മാഡ്രിഡിലെ തന്റെ പ്രാരംഭകാലം കക്ക ആഘോഷഭരിതമാക്കുമ്പോളാണ് പുതിയ മാനേജരുടെ രംഗപ്രവേശം കാര്യങ്ങള്‍ അവതാളത്തിലാക്കുന്നത്. പെല്ലഗ്രിനിയില്‍ നിന്ന് ഹോസെ മൗറീഞ്ഞ്യോ ചുമതലയേറ്റതോടെ കക്ക എന്ന ഇതിഹാസം ക്ഷയിച്ച് തുടങ്ങുകയായിരുന്നു. 2010 ഫിഫ വേള്‍ഡ് കപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച താരം പതിയെ മോശം ഫോമിലായിത്തുടങ്ങി.
പോര്‍ച്ചു?ഗീസ് പരിശീലകന്‍ ബ്രസീലിയന്‍ താരത്തെക്കാള്‍ മെസ്യൂട്ട് ഓസിലിനും എയ്ഞ്ചല്‍ ഡി മരിയക്കും മുന്‍ഗണന നല്‍കുകയായിരുന്നു. റയല്‍ മാഡ്രിഡ് ജീവിതം മടുത്തു തുടങ്ങിയപ്പോളാണ് ക്ലബ്ബ് വിടണമെന്ന തീരുമാനത്തിലേക്ക് താനെത്തുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കക്ക ഇപ്പോള്‍.
‘ഇതൊരുപക്ഷേ വിചിത്രമായി തോന്നിയേക്കാം. പക്ഷേ റയല്‍ മാഡ്രിഡില്‍ നിന്ന് പോകുന്നു എന്ന് ഞാന്‍ പ്രഖ്യാപിച്ച ദിവസമാണ് ഇപ്പോള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. മാഡ്രിഡിന് വേണ്ടി കളിച്ചപ്പോഴെല്ലാം മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചെന്നും തന്നെയൊരു തികഞ്ഞ പ്രൊഫഷണലായാണ് ക്ലബ്ബിലുള്ളവര്‍ കണ്ടിരുന്നതെന്നുമാണ് ഫ്രോറന്റീനോ എന്നോട് പറഞ്ഞിരുന്നത്.
പരിക്കുകള്‍ കാരണം കോച്ച് ടീമില്‍ തുടരാന്‍ അനുവദിക്കാത്തതാണ് കരാര്‍ പുതുക്കാത്തതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതെനിക്ക് ആശ്വാസമേകിയത് എപ്പോഴാണെന്നാല്‍ റയല്‍ മാഡ്രിഡ് വിടുന്നു എന്ന് പുറത്തറിഞ്ഞപ്പോഴാണ് എനിക്കായി തുറന്നുവെച്ച വാതിലുകള്‍ ഞാന്‍ കാണുന്നത്. അത് വളരെ വലിയ സംതൃപ്തിയാണ് എന്നില്‍ ഉണ്ടാക്കിയത്,’ കക്ക പറഞ്ഞു.
ഇങ്ങനെയൊക്കെയാണെന്ന് കരുതി തനിക്ക് റയല്‍ മാഡ്രിഡിനോടോ ഹോസെ മൗറീഞ്ഞോയോടോ പിണക്കമൊന്നുമില്ലെന്നും പാരീസില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ താന്‍ ഫ്രോറിന്റോനോയെ കണ്ടപ്പോള്‍ ആലിംഗനം ചെയ്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനെ നെയ്മര്‍ വിജയത്തിലേക്ക് നയിക്കുമെന്നും വിനീഷ്യസ്, റോഡ്രീഗോ, ആന്റണി എന്നിവരെ പോലുള്ള യുവതാരങ്ങള്‍ ടീമിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘നെയ്മറാണ് ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ബ്രസീലിനെ നയിക്കുക. പക്ഷേ ടീമില്‍ വിനീഷ്യസിന്റെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്. 2018 ലോകകപ്പ് നടക്കുമ്പോള്‍ നെയ്മറായിരുന്നു ഞങ്ങളുടെ തുറുപ്പ് ചീട്ട്. എന്നാല്‍ ഇന്നിപ്പോള്‍ നമുക്ക് വിനിയും റാഫീഞ്ഞയും റിച്ചാര്‍ലിസണും ആന്റണിയുമൊക്കെയുണ്ട്,’ -അദ്ദേഹം വ്യക്തമാക്കി.