ഖത്തര്‍ ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ ആര് കിരീടം നേടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും ചാരമാക്കി കൊണ്ടുള്ള മത്സരഫലങ്ങളാണ് ഖത്തറില്‍ അരങ്ങേറുന്നതെങ്കിലും ലോകകപ്പ് ആര് നേടുമെന്നുള്ള ചര്‍ച്ചകള്‍ സജീവമാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി പല വമ്പന്‍ ടീമുകളും പുറത്താവുകയായിരുന്നു. അട്ടിമറി ജയപരാജയങ്ങള്‍ക്കൊടുവില്‍ അര്‍ജന്റീനയും ഫ്രാന്‍സുമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇവരില്‍ ആര് ജേതാക്കളാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ബ്രസീല്‍ ഇതിഹാസ താരം റിക്കാഡോ കക്ക.
‘ബ്രസീലായിരുന്നു ഫേവറിറ്റുകള്‍, കാരണം കുറെയേറെ നാളുകളായി ടീം കഠിന പ്രയത്‌നത്തിലായിരുന്നു. പിന്നെ മനസിലുണ്ടായിരുന്ന രണ്ട് ടീമുകള്‍ അര്‍ജന്റീനയും ഫ്രാന്‍സുമായിരുന്നു. ഇവരിലൊരാളെ തെരഞ്ഞെടുക്കുക പ്രയാസമാണ്. കാരണം രണ്ട് ടീമുകളും മികച്ച ഫോമിലാണ്,’ കക്ക വ്യക്തമാക്കി.
അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീല്‍ ഇത്തവണ കപ്പ് നേടുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നെങ്കിലും ക്വാര്‍ട്ടറില്‍ തന്നെ പുറത്താവുകയായിരുന്നു. അതേസമയം ഫ്രാന്‍സിന്റെ യുവതാരം കിലിയന്‍ എംബാപ്പെ ചുറുചുറുക്കോടെ മുന്നേറുമ്പോള്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി തന്റെ 35ാം വയസിലും അസാധ്യ ഫോമിലാണ്.
ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇരുടീമുകളും തമ്മില്‍ നടക്കുകയെന്നതില്‍ യാതൊരു സംശയവുമില്ല.
ലോകകപ്പ് ട്രോഫിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമായിരിക്കില്ല ഞായറാഴ്ച ഖത്തറില്‍ അരങ്ങേറാനിരിക്കുന്നത്. ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും നേടാനുള്ള താരങ്ങളും ഈ ടീമുകളിലുണ്ട്. ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിനൊപ്പം താരങ്ങള്‍ തമ്മിലുള്ള വ്യക്തിഗത മത്സരം കൂടിയാണ് ഖത്തറില്‍ അരങ്ങേറുക.
ഖത്തറില്‍ ഇതുവരെ ഗോള്‍ വേട്ടയില്‍ ഒപ്പത്തിനൊപ്പമാണ് മെസിയും എംബാപ്പെയും. ഖത്തര്‍ ലോകകപ്പില്‍ അഞ്ച് ഗോള്‍ വീതമാണ് ഇരുവരുടെയും അക്കൗണ്ടിലുള്ളത്. അര്‍ജന്റൈന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസും ഫ്രഞ്ച് സൂപ്പര്‍താരം ജിറൂഡും നാല് ഗോള്‍ വീതം നേടി തൊട്ടുപുറകിലുണ്ട്.
ഡിസംബര്‍ 18ന് നടക്കുന്ന അന്തിമ പോരാട്ടത്തില്‍ ആര് വിജയികളാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.