Film News
'ശരിക്കും പത്താന്റെ കളക്ഷന്‍ എത്രയാണ്'; കജോളിന്റെ ചോദ്യത്തിനെതിരെ സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 17, 04:09 am
Monday, 17th July 2023, 9:39 am

ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും വലിയ വിജയം നേടിയതില്‍ മുന്‍പന്തിയിലാണ് ഷാരൂഖ് ഖാന്‍ ചിത്രം പത്താന്റെ സ്ഥാനം. തുടര്‍ച്ചയായി പരാജയങ്ങളില്‍ ഉഴലുന്ന ബോളിവുഡിന് ആശ്വാസവും ഒപ്പം നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖിന് ലഭിച്ച വന്‍ തിരിച്ചുവരവുമായിരുന്നു ചിത്രം.

വന്‍തോതില്‍ ഉയര്‍ന്ന ബോയ്‌കോട്ട് ക്യാമ്പെയ്‌നിടയിലും 1000 കോടിയിലധികം നേടിയത് ചിത്രത്തിന്റെ വിജയത്തിളക്കം ഇരട്ടിയാക്കി.

പത്താനെ പറ്റി ഷാരൂഖിന്റെ അടുത്ത സുഹൃത്തും നടിയുമായ കജോളിന്റെ പരാമര്‍ശങ്ങള്‍ ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ദി ട്രയല്‍ എന്ന പുതിയ വെബ് സീരീസിന്റെ പ്രൊമോഷന്റെ ഭാഗമായി ലൈവ് ഹിന്ദുസ്ഥാന് നല്‍കിയ അഭിമുഖത്തിനിടയില്‍ ഷാരൂഖിനോട് ചോദിക്കാന്‍ ആഗ്രഹമുള്ള ചോദ്യമെന്താണെന്ന ചോദ്യത്തിന് ശരിക്കും പത്താന്റെ കളക്ഷന്‍ എത്രയാണെന്നായിരുന്നു കജോളിന്റെ മറുപടി. ഇതിന് ശേഷം താരം ചിരിക്കുന്നതും കാണാം. തമാശയായിട്ടാണ് കജോള്‍ ഈ പരാമര്‍ശം നടത്തിയതെങ്കിലും ഷാരൂഖ് ആരാധകര്‍ രോഷത്തിലായിരിക്കുകയാണ്.

ഇങ്ങനെയുള്ള സുഹൃത്തുക്കളെ ഒപ്പം കൂട്ടരുതെന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. പത്താന്റെ കളക്ഷന്‍ ഫേക്കാണെന്ന് ഭര്‍ത്താവ് അജയ് ദേവ്ഗണാണോ പറഞ്ഞുതന്നതെന്നാണ് മറ്റൊരാള്‍ ചോദിച്ചത്. വീഡിയോക്കൊപ്പം പത്താന്റെ കളക്ഷന്‍ വിവരങ്ങള്‍ ചേര്‍ത്തും ചിലര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

അതേസമയം കജോളിനെ അനുകൂലിച്ചുള്ള കമന്റുകളും വരുന്നുണ്ട്. കജോള്‍ ഒരു തമാശ പറഞ്ഞതാണെന്ന് വീഡിയോ കാണുന്ന ആര്‍ക്കും മനസിലാവുമെന്നും എന്നാല്‍ തെറ്റിദ്ധാരണ മൂലം ആളുകള്‍ അവര്‍ക്കെതിരെ തിരിയുകയാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

അതേസമയം കജോളിന്റെ ദി ട്രയല്‍ ജൂലൈ 14 മുതലാണ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത്. സുപര്‍ണ്‍ വര്‍മ സംവിധാനം ചെയ്യുന്ന സീരീസ് ജൂലിയാന മര്‍ഗുലീസ് പ്രധാന വേഷത്തില്‍ അഭിനയിച്ച കോര്‍ട്ട് ഡ്രാമയുടെ ഇന്ത്യന്‍ പതിപ്പാണ്. ഭര്‍ത്താവ് ജയിലിലായതിനു ശേഷം അഭിഭാഷകയാകുന്ന വീട്ടമ്മയായിട്ടാണ് കജോള്‍ എത്തുന്നത്.

Content Highlight: kajol’s question about pathaan make backlash