തനിക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ളത് കോമഡി കഥാപാത്രങ്ങളെന്ന് നടി കജോൾ. ഡാർക്ക് കോമഡികളോടാണ് ഏറ്റവും കൂടുതൽ താൽപര്യമെന്നും സീരിയസ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഗ്ലിസറിൻ ഉപയോഗിച്ച് മടുത്തെന്നും താരം പറഞ്ഞു. പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കജോൾ.
‘എനിക്ക് കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ താൽപര്യമുണ്ട്. ജീവിതത്തിൽ ഞാൻ ഡെയ്‌ലി ബേസിൽ കോമഡി ചെയ്യുന്ന ആളാണ് (ചിരിക്കുന്നു).
ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കോമഡി കഥാപാത്രങ്ങൾ ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല, കിട്ടിയിട്ടില്ലെന്ന് വേണം പറയാൻ. എനിക്ക് ചാർളി ചാപ്ലിൻ ചെയ്യുന്ന പോലുള്ള തമാശയൊന്നും വേണ്ട, ഡാർക്ക് കോമഡികൾ ചെയ്യാനാണ് കൂടുതൽ താൽപര്യം. അതായത് സാഹചര്യങ്ങൾക്കൊത്തുള്ള സിറ്റുവേഷണൽ കോമഡികൾ ആണ് എനിക്കിഷ്ടം.
അത്തരത്തിലുള്ള കോമഡികൾ എനിക്ക് നന്നായി എൻജോയ് ചെയ്യാൻ കഴിയുമെന്നാണ് തോന്നുന്നത്. അത് ചിലപ്പോൾ വർക്കാകാനും സാധ്യതയുണ്ട്.
അടുത്ത തവണ ഞാൻ എന്തായാലും കോമഡി കഥാപാത്രം ആയിരിക്കും ചെയ്യുക. അതുറപ്പാണ്. ഗ്ലിസറിൻ ഉപയോഗിച്ച് മടുത്തു,’ കജോൾ പറഞ്ഞു.
അഭിമുഖത്തിൽ ഏറ്റവും പ്രിയപ്പെട്ട ഴോണറിനെപ്പറ്റിയും കജോൾ സംസാരിച്ചു. തനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ക്രിമിനൽ ഷോകളും ഡിറ്റെക്ടിവ് കഥകളുമാണെന്ന് താരം പറഞ്ഞു.
‘എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ക്രിമിനൽ ഷോകളും ഡിറ്റെക്ടിവ് കഥകളുമാണ്. എനിക്ക് ഫാമിലി ഡ്രാമകളൊന്നും കാണാൻ അധികം താല്പര്യമില്ല. അതൊക്കെ വളരെ മടുപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. ഞാൻ അത്തരം ഴോണറുകൾ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാകാം മടുപ്പായി തോന്നുന്നത്, ‘ കജോൾ പറഞ്ഞു.