Entertainment
'വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് ഭരിക്കുന്നതെന്ന പരാമർശം, വിമർശനങ്ങൾക്കുള്ള മറുപടിയുമായി കജോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 08, 06:29 pm
Saturday, 8th July 2023, 11:59 pm

ഇന്ത്യയിൽ വേഗത്തിൽ മാറ്റങ്ങൾ വരാത്തത്തിന് കാരണം വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണെന്ന് ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ നടി കജോൾ പറഞ്ഞിരുന്നു. പരാമർശം വിവാദമായതിനെ തുടർന്ന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

താൻ വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പറയുക മാത്രമാണ് ഉണ്ടായിരുന്നതെന്നും ആരെയും മോശക്കാരായി ചിത്രീകരിച്ചിട്ടില്ലെന്നും കജോൾ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ നേർവഴിക്ക് നയിച്ച ധാരാളം രാഷ്ട്രീയ നേതാക്കൾ ഉണ്ടെന്നും നേതാക്കന്മാരെ തെറ്റായ രീതിയിൽ ചിത്രീകരിച്ചിട്ടില്ലെന്നും കജോൾ കൂട്ടിച്ചേർത്തു.

‘ഇന്ത്യയെ പോലെ ഒരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളില്‍ മുഴുകിയിരിക്കുകയാണ്. മാറ്റത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിഭ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ അത് വസ്തുതയാണ്.
അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കപ്പെടും’ എന്നാണ് ദി ക്വിന്റിനോട് കജോൾ പറഞ്ഞത്.

പരാമർശത്തെ തുടർന്ന് ധാരാളം കമന്റുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു.

Content Highlight: Kajol clarifies on controversial statement