| Sunday, 9th April 2023, 10:53 pm

ഹിന്ദു പുരുഷനെ വിവാഹം കഴിക്കുകയാണെങ്കില്‍ നിങ്ങളെ കുട്ടികളെ സൃഷ്ടിക്കുന്ന ഒരു യന്ത്രമായാവില്ല പരിഗണിക്കുന്നത്; മുസ്‌ലിം വിരുദ്ധ പരാമര്‍ശം; കാജള്‍ ഹിന്ദുസ്ഥാനി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉന: രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ വലതുപക്ഷ നേതാവ് കാജള്‍ ഹിന്ദുസ്ഥാനി അറസ്റ്റില്‍. ഞായറാഴ്ച ഗുജറാത്തിലെ ഘിര്‍ സോമനാഥ് ജില്ലയില്‍ വെച്ചാണ് ഹിന്ദുസ്ഥാനിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഞായറാഴ്ച രാവിലെയാണ് ഹിന്ദുസ്ഥാനി പൊലീസിന് മുമ്പാകെ ഹാജരായത്. തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു,’ പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

കാജളിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 295 എ പ്രകാരമാണ് എഫ്.ഐ.ആര്‍ എടുത്തിരിക്കുന്നത്. ഹിന്ദുസ്ഥാനി നടത്തിയ പരാമര്‍ശത്തില്‍ രണ്ട് ദിവസത്തോളം ഉനയില്‍ സംഘര്‍ഷം നിലനിന്നിരുന്നു.

ഗുജറാത്തിലെ ഉനയില്‍ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിലാണ് മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി കാജല്‍ രംഗത്തെത്തിയത്.
ഒരു ഹിന്ദു കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തുകയാണെങ്കില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ധാരാളം സ്വാതന്ത്ര്യം ലഭിക്കുമെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് കാജല്‍ പറഞ്ഞത്.

‘ഞാന്‍ എന്റെ മുസ്‌ലിം സഹോദരിമാരോട് പറയുകയാണ്, നിങ്ങള്‍ ഒരു ഹിന്ദു പുരുഷനെ വിവാഹം കഴിക്കുകയാണെങ്കില്‍ അവിടെ നിങ്ങള്‍ക്ക് സഹ ഭാര്യമാരുണ്ടാകില്ല. നിങ്ങളെ കുട്ടികളെ സൃഷ്ടിക്കുന്ന ഒരു യന്ത്രമായാവില്ല പരിഗണിക്കുന്നത്,’ കാജല്‍ പറഞ്ഞു.

മുസ്‌ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതിനെതിരെയും കാജല്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക് 45 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ബുര്‍ഖ ധരിക്കേണ്ടി വരില്ലെന്നാണ് കാജല്‍ പറഞ്ഞത്. ഒരു ഹിന്ദു പുരുഷനെ വിവാഹം കഴിച്ചാല്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ പിന്നീട് ഭീകരവാദികളെന്ന് മുദ്ര കുത്തപ്പെടില്ലെന്നും അവര്‍ പറഞ്ഞു.

കാജല്‍ ഹിന്ദുസ്ഥാനിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഉനയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസിന്റെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തില്‍ സമാധാന യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

content highlight: kajal hindustani arrested

We use cookies to give you the best possible experience. Learn more