| Thursday, 19th January 2023, 2:12 pm

സിനിമാക്കാരുടെ വിഢിത്തരത്തെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല, അയാളെ ഓര്‍ത്ത് എനിക്ക് വേദനയുണ്ട്: കൈതപ്രം ദാമോദരന്‍ നമ്പൂതിരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങളെ കുറിച്ച് പറയുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമാദരന്‍ നമ്പൂതിരി. സിനിമാക്കാരുടെ കയ്യില്‍ ഇത്തരത്തില്‍ നിരവധി വിഢിത്തരങ്ങളുണ്ടെന്നും അക്കൂട്ടത്തില്‍ ഒരാളാണ് പൃഥ്വിരാജെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള രീതികള്‍ വലിയ ഗുരുത്വക്കേടിന് കാരണമാകുമെന്നുംഅതൊന്നും സിനിമാക്കാര്‍ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പെട്ടെന്ന് ഒരു ദിവസം എഴുതുന്നതല്ല ഈ പാട്ടുകളെന്നും എഴുപത്തിരണ്ട് വര്‍ഷത്തെ തപസാണ് തന്റെ ഓരോ എഴുത്തിന് പിന്നിലെന്നും കൈതപ്രം പറഞ്ഞു. ദീപക് ദേവ് സംഗീതം നല്‍കിയ ഒരു ഗാനത്തില്‍ നിന്നും പൃഥ്വിരാജ് തന്നെ ഒഴിവാക്കിയെന്നാണ് അദ്ദേഹം ഉന്നയിക്കുന്ന പ്രധാന വാദം. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്.

ഇത്തരം വിഢിത്തരങ്ങളാണ് സിനിമാക്കാരുടെ കയ്യിലുള്ളത്. ഇങ്ങനെയുള്ള പോക്ക് വലിയ ഗുരുത്വക്കേട് ഉണ്ടാക്കുക തന്നെ ചെയ്യും. അതിപ്പോള്‍ പൃഥ്വിരാജിനുമുണ്ട്. അയാളുടെ കാര്യമൊന്നും ഞാന്‍ പറയുന്നില്ല. ഇതിനെ കുറിച്ചൊന്നും ഇപ്പോഴത്തെ പിള്ളേര്‍ക്ക് അറിയില്ല. എഴുത്തിന്റെ പിന്നിലുള്ള തപസ്, എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതവുമൊക്കെ എന്റെ സമ്പാദ്യമാണ്.

അല്ലാതെ ഇപ്പോളിരുന്ന് ഉണ്ടാക്കി എഴുതുന്നതല്ല പാട്ടുകള്‍. അതൊക്കെ തിരിച്ചറിയണമെങ്കില്‍ ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ഇത്തരത്തിലുള്ള എന്റെ അനുഭവങ്ങളാണ് ഞാന്‍ എഴുതുന്നത്. അതിനെയൊക്കെ തള്ളി പറഞ്ഞാല്‍ വലിയ പാപമുണ്ടാകും. അതൊന്നും ഇവര്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ല.

എനിക്ക് പ്രശ്‌നമൊന്നുമില്ല. വേണ്ടായെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ അവിടെ നിന്നും ഇറങ്ങി പോരുകയും ചെയ്തു. ദീപക് ദേവിന്റെ രണ്ടാം നിലയിലുള്ള സ്റ്റുഡിയോയില്‍ മുടന്തി മുടന്തി ഞാന്‍ ചെല്ലുമ്പോഴാണ് ഇക്കാര്യം എന്നോട് പറയുന്നത്. അങ്ങനെ ഒരു അവസ്ഥില്‍ നിന്നും എന്നെ അയാള്‍ പറഞ്ഞയക്കുമ്പോള്‍ എന്റെ വേദന എന്താണെന്ന് ആര്‍ക്കുമറിയില്ല.

എനിക്ക് വേദന എന്നെ പറഞ്ഞ് വിട്ടതോര്‍ത്തല്ല. അയാളെ ഓര്‍ക്കുമ്പോഴാണ് എനിക്ക് വേദന. എത്ര വലിയ മണ്ടത്തരമാണ് അയാള്‍ കാണിച്ചതെന്നാണ് ഞാന്‍ ഓര്‍ക്കുന്നത്,’ കൈതപ്രം പറഞ്ഞു.

CONTENT HIGHLIGHT: KAITHAPRAM TALKS ABOUT PRITHVIRAJ SUKUMARAN

We use cookies to give you the best possible experience. Learn more