| Thursday, 31st August 2023, 12:28 pm

പാട്ട് പഠിച്ച എന്നേക്കാള്‍ കറക്ടായിരിക്കും പാട്ട്‌സീനുകളില്‍ ലാലിന്റെ ലിപ് മൂവ്‌മെന്റ്: കൈതപ്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാട്ട് സീനുകളില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിന്റെ ലിപ് മൂവ്‌മെന്റ് പാട്ട് പഠിച്ച തന്നേക്കാള്‍ കറക്ടായിരിക്കുമെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡയലോഗ് പറയുന്നത് പോലെ തന്നെ പാട്ടിലും മോഹന്‍ലാലിന്റെ ലിപ്മൂവ്‌മെന്റ് കറക്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘പാട്ട് സീനുകളില്‍ അഭിനയിക്കുമ്പോള്‍ ലാലിന് പ്രത്യേകമായൊരു കഴിവുണ്ട്. പാട്ട് സീനുകളില്‍ അദ്ദേഹത്തിന്റെ ലിപ് മൂവ്‌മെന്റ് പാട്ട് പഠിച്ച എന്നേക്കാള്‍ കറക്ടായിരിക്കും. അത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അക്കാര്യത്തില്‍ ഒരു നടനെന്ന നിലയില്‍ ലാലിന് നല്ല ഗ്രാസ്പിങ് പവറുണ്ട്. ഡയലോഗ് പറയുന്നത് പോലെ തന്നെ പാട്ടുകളിലും അദ്ദേഹത്തിന്റെ ലിപ്മൂവ്‌മെന്റ് കറക്ടായിരിക്കും. സ്വരങ്ങള്‍ക്ക് പോലും അദ്ദേഹം കറക്ടായി ലിപ് നല്‍കും. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്,’ കൈതപ്രം പറഞ്ഞു.

മോഹന്‍ലാലിന് വേണ്ടി എഴുതുമ്പോള്‍ പ്രത്യേകിച്ച് എന്തെങ്കിലും ആലോചിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് കൈതപ്രം ഇക്കാര്യങ്ങള്‍ പറഞ്ഞത്. മോഹന്‍ ലാലിന്റെ ഹിറ്റ് സിനിമകളായ വെള്ളാനകളുടെ നാട്, വരവേല്‍പ്, കിരീടം, അദ്വൈതം, ഭരതം, കമലദളം തുടങ്ങിയ സിനിമകളിലെല്ലാം കൈതപ്രത്തിന്റെ പാട്ടുകളുണ്ടായിരുന്നു. ഈ പാട്ടുകളെല്ലാം തന്നെ വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

സിനിമയുടെ എസ്സന്‍സ് തന്റെ പാട്ടുകളിലുണ്ടാകാറുണ്ട് എന്നും കൈതപ്രം പറഞ്ഞു. പാട്ട് കേട്ടാല്‍ പടം എങ്ങനെയായിരിക്കാം എന്ന് അറിയാമെന്നും അത് തനിക്ക് എങ്ങനെയോ കിട്ടിയ ഒരു വരമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..തുടങ്ങിയ പാട്ടുകള്‍ക്ക് അത്തരമൊരു പ്രത്യേകതയുണ്ടെന്നും അറിയാതെ തന്നെ സിനിമയുടെ സത്ത പാട്ടിലേക്കും അതിലൂടെ കഥാപാത്രത്തിലേക്കും എത്തുമെന്നും കൈതപ്രം പറഞ്ഞു.

content highlights: Kaithapram talks about Mohanlal’s lip movement in song scenes

We use cookies to give you the best possible experience. Learn more