താന്‍ വരികളെഴുതിയ പാട്ടുകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം. ദേവദുന്ദുഭി എന്ന തന്റെ പാട്ട് സംവിധായകന്‍ ഭരതന് ഏറെ ഇഷ്ടമായിരുന്നെന്ന് കൈതപ്രം പറയുന്നു.
‘ആ പാട്ടിലെ ദേവദുന്ദുഭി എന്ന പദമാണ് ഭരതേട്ടന് ഏറെ ഇഷ്ടപ്പെട്ടത്. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോള്‍ ആദ്യം പറഞ്ഞതും അതിനെക്കുറിച്ചാണ്. ഇത്തരമൊരു നല്ല വാക്ക് എഴുതിയ ആള്‍ക്ക് തന്നെ നേരിട്ട് വന്ന് പരിചയപ്പെടാം എന്നാണ് ഭരതേട്ടന്‍ പറഞ്ഞത്. താന്‍ മുമ്പേ പരിചയപ്പെടാന്‍ വന്നിരുന്നെങ്കില്‍ വൈശാലി തനിക്ക് നഷ്ടപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ദേവദുന്ദുഭി എന്ന ആ പാട്ട് കേട്ടിട്ടാണ് ദുന്ദുഭി എന്ന വാക്ക് ഉപയോഗിച്ച് ഒ.എന്‍.വി മാഷിനോട് വൈശാലിയില്‍ പാട്ടെഴുതാന്‍ ഭരതേട്ടന്‍ പറഞ്ഞത്. ദേവദുന്ദുഭിതന്‍ വര്‍ഷ മങ്കള ഘോഷം എന്ന പാട്ടുണ്ടാവുന്നത് അങ്ങനെയാണ്,’ കൈതപ്രം പറഞ്ഞു.
താഴ്‌വാരം, കേളി, അമരം തുടങ്ങി ഒരുപിടി സിനിമകള്‍ പിന്നീട് ഭരതനൊപ്പം ചെയ്യാന്‍ സാധിച്ചുവെന്നും ചെറിയ ചെറിയ കാര്യങ്ങള്‍ പോലും നല്ല സംവിധായകര്‍ ശ്രദ്ധിക്കുമെന്ന് മനസ്സിലാക്കിയാല്‍ മുന്നോട്ടുള്ള യാത്രയെ അത് സഹായിക്കുമെന്നും കൈതപ്രം പറഞ്ഞു.
തന്റെ സിനിമാപാട്ടുകള്‍ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് തനിക്കിഷ്ടമില്ലെന്നും ഇതേ അഭിമുഖത്തില്‍ കൈതപ്രം പറയുന്നു. ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനെതിരെയും കൈതപ്രം വിമര്‍ശനമുന്നയിച്ചു.
‘അങ്ങനെ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. ഗായകനായ ഹരീഷ് ശിവരാമകൃഷ്ണനൊക്കെ അങ്ങനെ ചെയ്യുന്നത് കണ്ടു. പാട്ടുകളൊക്കെ കുറെ വലിച്ച് നീട്ടി സംഗതികളൊക്കെ ഇട്ട് പാടുകയാണ്. ഹരീഷ് നല്ലൊരു ഗായകനാണ് എന്നതില്‍ തര്‍ക്കമില്ല.
അദ്ദേഹം പാടിയ ‘രംഗപുര വിഹാര’ പോലുള്ള ശാസ്ത്രീയ ഗാനങ്ങളുടെ ആരാധകനാണ് ഞാന്‍. എന്നാല്‍ സിനിമകളില്‍ പാട്ടുകള്‍ പാടുന്നത് ഒരു ചതുരത്തിനുള്ളില്‍ നിന്നാണ്. അതില്‍ നിന്ന് പുറത്തു പോകാനുള്ള അനുവാദം ഗായകര്‍ക്ക് ഉണ്ടായിരുന്നില്ല, കാരണം റെക്കോഡില്‍ മൂന്നോ നാലോ മിനിറ്റില്‍ പാടിത്തീര്‍ക്കണം. ആ കുറുക്കല്‍ തന്നെയാണ് സിനിമാപാട്ടുകളുടെ സൗന്ദര്യവും. കൈതപ്രം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക