|

ആ പാട്ടിനകത്ത് ഒരുപാട് അബദ്ധങ്ങള്‍ കൈതപ്രം എഴുതിവെച്ചിട്ടുണ്ട്: ടി.പി. ശാസ്തമംഗലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2006ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഫോട്ടോഗ്രാഫര്‍. ഈ സിനിമയിലെ പാട്ടുകളില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു എന്തേ കണ്ണന് കറുപ്പ് നിറം എന്ന് തുടങ്ങുന്ന പാട്ട്. കൈതപ്രത്തിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ സംഗീതം നിര്‍വഹിച്ച ഈ പാട്ട് യേശുദാസും മഞ്ജരിയും ചേര്‍ന്നായിരുന്നു ആലപിച്ചത്.

ഇപ്പോള്‍ ഈ പാട്ടിന്റെ വരികളെ കുറിച്ച് വിമര്‍ശനാത്മതമായി സംസാരിക്കുകയാണ് ഗാനനിരൂപകനായ ടി.പി. ശാസ്തമംഗലം. ഈ പാട്ടിന്റെ വരികളില്‍ കൈതപ്രത്തിന് നിരവധി അബന്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ വായിച്ചിരുന്നെങ്കില്‍ കൈതപ്രത്തിന് ഈ അബന്ധങ്ങള്‍ സംഭവിക്കില്ലായിരുന്നു എന്നും ടി.പി. ശാസ്തമംഗലം പറയുന്നു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തേ കണ്ണന് കറുപ്പ് നിറം എന്ന പാട്ടിനകത്ത് ഒരുപാട് അബന്ധങ്ങള്‍ കൈതപ്രം എഴുതിവെച്ചു. എന്തേ കണ്ണന് കറുപ്പ് നിറം, കാളിന്ദിയില്‍ കുളിച്ചതിനാലോ എന്നാണ്. കാളിന്ദിയില്‍ കുളിക്കുന്നവരെല്ലാം കറുക്കുമോ. അങ്ങനെയെങ്കില്‍ ഗോപികമാരും ഗോപന്‍മാരും മുഴുവന്‍ കുളിക്കുന്നത് കാളിന്ദിയിലാണ്. അന്ന് ഷവറൊന്നുമില്ലല്ലോ. കാളിന്ദിയില്‍ കുളിക്കുമ്പോള്‍ കണ്ണന്‍ മാത്രമല്ലേ കറുത്തുള്ളൂ, ബാക്കിയാരും കറുത്തില്ലല്ലോ. അപ്പോള്‍ അത് തെറ്റ്.

കാളിയനെ കൊന്നതിനാലോ എന്നാണ് അടുത്തത്. കാളിയനെ ആരും കൊന്നിട്ടില്ല. എന്താണ് സംഭവിച്ചതെന്നുവെച്ചാല്‍ കാളിയമര്‍ദനം നടത്തി. കാളിയമര്‍ദനം നടത്തിയതെന്ത് കൊണ്ടാണ്, കാളിയന്റെ അഹങ്കാരം കൊണ്ടാണ്. കാളിയന് ആയിരം തലകളുണ്ട്. ആ തലകളില്‍ ചവിട്ടിയാണ് കണ്ണന്‍ നൃത്തം ചെയ്തത്. അതാണ് സുഗതകുമാരി ടീച്ചറിന്റെ കാളിയമര്‍ദനം എന്ന അതിപ്രശസ്തമായ കവിത.

കാളിയന് ഒരുപാട് ഭാര്യമാരുണ്ടായിരുന്നു. കാളിയന്‍ അവശാനയപ്പോള്‍ ഈ ഭാര്യമാരും മക്കളുമെല്ലാം വന്ന് പറഞ്ഞു, ഭര്‍ത്താവിനെ, അച്ഛനെ കൊല്ലരുതേയെന്ന്. അപ്പോള്‍ ദീനദയാലുവായ കണ്ണന്‍ പറഞ്ഞു, എന്നാല്‍ ശേഷിച്ച ജീവിതം രമണക ദ്വീപില്‍ പോയി ജീവിക്കുക എന്ന്.

ഹൈന്ദവസങ്കല്‍പം അനുസരിച്ച് ഇപ്പോഴും രമണകദ്വീപില്‍ ഭാര്യമാരോടും മക്കള്‍ക്കുമൊപ്പം കാളിയന്‍ ജിവിച്ചിരിക്കുന്നുണ്ട്. വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ ഒന്ന് മറിച്ചുനോക്കിയിരുന്നെങ്കില്‍ ഈ തെറ്റ് പറ്റില്ലായിരുന്നു. ഇങ്ങനെയൊക്കെയുള്ള ഒരുപാട് അബന്ധങ്ങളുണ്ട്,’ ടി.പി. ശാസ്തമംഗലം പറഞ്ഞു.

content highlights: Kaithapram has written many mistakes in that song: T.P. Shastamangalam