ആ പാട്ട് മാറ്റണമെന്ന് പത്മരാജന്‍, അങ്ങനെയെങ്കില്‍ എന്നെ മാറ്റിയേക്കെന്ന് ജോണ്‍സണ്‍ മാഷ്: കൈതപ്രം
Film News
ആ പാട്ട് മാറ്റണമെന്ന് പത്മരാജന്‍, അങ്ങനെയെങ്കില്‍ എന്നെ മാറ്റിയേക്കെന്ന് ജോണ്‍സണ്‍ മാഷ്: കൈതപ്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 18, 12:05 pm
Friday, 18th August 2023, 5:35 pm

പി. പത്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഞാന്‍ ഗന്ധര്‍വന്‍. പത്മരാജന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ സുപര്‍ണ ആനന്ദും നിതീഷ് ഭരദ്വാജുമാണ് പ്രധാന കഥാപാത്രങ്ങളായത്.

ചിത്രത്തിനായി ജോണ്‍സണ്‍ മാഷ് ഈണം നല്‍കിയ പാട്ടുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരുന്നത്.

ചിത്രത്തില്‍ ‘ദേവാങ്കണങ്ങള്‍’ എന്ന പാട്ട് ആദ്യം പത്മരാജന്‍ വേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ജോണ്‍സണ്‍ മാഷ് ഇതിന്റെ പേരില്‍ പ്രൊഡ്യൂസര്‍ മോഹനുമായി ഏറ്റുമുട്ടിയെന്നും കൈതപ്രം പറഞ്ഞു. മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് പഴയ ഓര്‍മകള്‍ കൈതപ്രം പങ്കുവെച്ചത്.

‘പത്മരാജന്റെ ഞാന്‍ ഗന്ധര്‍വനില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഗാനമാണ് ‘ദേവാങ്കണം…’ ഇതിനൊരു മറുപുറമുണ്ട്. പ്രൊഡ്യൂസര്‍ ഗുഡ്നൈറ്റ് മോഹന്റെ കൂടെയുള്ള ചില സുഹൃത്തുക്കള്‍ക്ക് ആ ഗാനത്തിന് ‘ക്ലാസിക്കല്‍’ പോരാ എന്ന് പക്ഷം. പത്മരാജനെപ്പോലും സമ്മതിപ്പിച്ച് അവര്‍ ഞങ്ങളെ തൃശൂരില്‍ ഷൂട്ടിങ് സ്ഥലത്തേക്കു വിളിപ്പിച്ചു, പാട്ടു മാറ്റാന്‍.

കാര്യമറിഞ്ഞപ്പോള്‍ ഞങ്ങള്‍ ശരിക്കും സങ്കടപ്പെട്ടു. ഇത്രയും നല്ല ഗാനം ഈ ചിത്രത്തിലില്ലെങ്കില്‍ പ്രൊഡ്യൂസര്‍ക്കുകൂടി വരുന്ന നഷ്ടത്തെയോര്‍ത്ത് രാത്രി ഗുഡ്നൈറ്റ് മോഹനുമായി ജോണ്‍സണ്‍ ഏറ്റുമുട്ടി. ഈ പാട്ട് പടത്തിലില്ലെങ്കില്‍ ഏറ്റവും നഷ്ടം നിങ്ങള്‍ക്കായിരിക്കും. അതല്ല, മാറ്റിയേ പറ്റൂ എന്നാണെങ്കില്‍ എന്നെ മാറ്റിയേക്ക് മോഹന്‍. പപ്പേട്ടന്‍ പറഞ്ഞ ആ സിറ്റുവേഷനില്‍ ഇതിലും നല്ലൊരു ട്യൂണ്‍ ഈ ഹാര്‍മോണിയത്തില്‍ വരില്ല’ എന്ന് ജോണ്‍ സണ്‍ പറഞ്ഞു.

സത്യത്തില്‍ തന്റെ അഭിപ്രായമല്ല എന്ന് മോഹന്‍ ആണയിട്ടെങ്കിലും ജോണ്‍സണ്‍ തന്റെ കൂട്ടുകാരന്‍കൂടിയായ തൃശൂര്‍ക്കാരനോട് ശരിക്കും പിണങ്ങുമെന്ന ഘട്ടത്തിലായപ്പോള്‍, പാട്ടു മാറ്റേണ്ടതില്ലെന്നുതന്നെയുറപ്പിച്ചു. പുലര്‍ച്ചെയുള്ള ഫ്ളൈറ്റ് ലക്ഷ്യമാക്കി ഞങ്ങള്‍ കോയമ്പത്തൂരേക്കു വിട്ടു,’ കൈതപ്രം പറഞ്ഞു.

Content Highlight: Kaithapram Damotharan Nambuthiri talks about Njan Gandharavan