| Saturday, 28th January 2023, 8:30 am

ശരിക്കും സിനിമക്ക് കിട്ടിയ വരദാനമായിരുന്നു ആ കുട്ടി, ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് മനസിലായിരുന്നു: കൈതപ്രം ദാമോദരന്‍ നമ്പൂതിരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ ഗാനരചയിതാവായി പോയപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ താന്‍ വൈകിയെന്നും ആ സമയം സത്യന്‍ അന്തിക്കാട് ഒരു പാട്ട് എഴുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. നടി സംയുക്ത വര്‍മയുടെ ആദ്യ സിനിമയായിരുന്നു അത്.

സംയുക്തയുടെ ആദ്യ ഷോട്ടുകളെടുക്കുമ്പോള്‍ താനും അവിടെയുണ്ടായിരുന്നു എന്നും ആ കുട്ടി ഉഷാറാകുമെന്ന് അന്ന് തന്നെ മനസിലായെന്നും കൈതപ്രം പറഞ്ഞു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമക്ക് കിട്ടിയ വരദാനമാണ് സംയുക്തയെന്നും അദ്ദേഹം പറഞ്ഞു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ചില തിരക്കുകളില്‍ പെട്ട് ജോയിന്‍ ചെയ്യാന്‍ ഒന്നോ രണ്ടോ ദിവസം വൈകിപ്പോയ സിനിമയായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങള്‍. അതില്‍ കുറച്ച് നല്ല പാട്ടുകള്‍ ഉണ്ടായിരുന്നു. ആ സിനിമയിലെ നെടുമുടി വേണുവിന്റെ റോള്‍ ഭയങ്ക വ്യത്യസ്തമായിരുന്നു. ചെറിയ വില്ലത്തരമൊക്കെയുള്ള റോളായിരുന്നു അത്. അയാള്‍ അത് മനോഹരമായി ചെയ്തു. അങ്ങനെയുള്ള നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലോഹിക്ക് മാത്രമെ പറ്റുകയുള്ളു.

ശരിക്കും വീണ്ടും ചില വീട്ടുകാര്യങ്ങളുടെ കഥ ഭരതത്തിന് വേണ്ടി ചര്‍ച്ചചെയ്തതാണ്. അന്ന് അത് തള്ളി കളഞ്ഞു. അവരൊക്കെ ലോഹിയെ വിശ്വസിച്ചിരുന്നെങ്കില്‍ വ്യത്യസ്തമായ സിനിമ അന്നേ ഉണ്ടാക്കാമായിരുന്നു. എന്നാല്‍ ഭരതവും ഹിറ്റായി മാറിയിരുന്നു. ഒരു നാടകക്കാരനും അയാളുടെ കുടുംബവുമൊക്കെയാണ് ആ സിനിമയുടെ കഥ. ഒരുപാട് നല്ല പാട്ടുകള്‍ സിനിമയിലുണ്ട്.

പിന്‍നിലാവിന്‍ എന്നുതുടങ്ങുന്ന പാട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടം. പിന്‍നിലാവ് എന്ന പ്രയോഗം ഞാന്‍ അനുകരിച്ചത് ഒ.എന്‍.വി സാറില്‍ നിന്നുമാണ്. സാറാണ് ആ പ്രയോഗം ഏറ്റവും നന്നായി ഉപയോഗിച്ചത്. ഞാന്‍ സിനിമയിലെത്താന്‍ വൈകിയത് കൊണ്ട് സത്യന്‍ തന്നെ അതിലെ ഒരു ഗാനം എഴുതിയിരുന്നു. ഒരു ക്രിസ്തീയ ഭക്തിഗാനമാണ് സത്യന്‍ എഴുതിയത്.

ഞാന്‍ തുടങ്ങി വെച്ചു എന്ന് മാത്രമെയുള്ളു മാറ്റണമെങ്കില്‍ മാറ്റാമെന്ന് സത്യന്‍ എന്നോട് പറഞ്ഞു. അതിന്റെ ആവശ്യമില്ല നല്ല പാട്ടാണെന്ന് ഞാന്‍ പറഞ്ഞു. ശരിക്കും സത്യനായിരുന്നു ഓക്കെ പറയേണ്ടത്. എനിക്കും ആ പാട്ട് ഓക്കെയായിരുന്നു. അതിലെ രസകരമായ പല സീനുകളെയും കുറിച്ച് ചര്‍ച്ച നടത്തിയിട്ടാണ് പാട്ടൊക്കെ ചെയ്തത്. സിനിമയുടെ ഷൂട്ട് നടക്കുമ്പോഴും ഞാന്‍ അവിടെ ചെന്നിരുന്നു.

നമ്മുടെ സംയുക്ത വര്‍മയുടെ ആദ്യത്തെ സിനിമയായിരുന്നു അത്. ആ കുട്ടിയുടെ ആദ്യത്തെ ഷോട്ടൊക്കെ എടുക്കുമ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ തന്നെ എനിക്ക് തോന്നിയിരുന്നു ആ മോള്‍ ഉഷാറായി വരുമെന്ന്. ശരിക്കും സംയുക്തയുടെ തറവാട് ബേപ്പൂരാണ്‌. അങ്ങനെ അന്ന് തൊട്ട് ആ കുട്ടിയുമായി എനിക്ക് നല്ല പരിചയമുണ്ടായി. ശരിക്കും ആ സിനിമയുടെ വരദാനമായിരുന്നു സംയുക്ത വര്‍മ,’ കൈതപ്രം ദാമോദരന്‍ പറഞ്ഞു.

content highlight: kaithapram damodharan namboothri about samyuktha varma

We use cookies to give you the best possible experience. Learn more