| Sunday, 27th October 2024, 9:52 pm

അയാള്‍ കാരണമാണ് ഹിസ്‌ഹൈനസ് അബ്ദുള്ളയില്‍ രവീന്ദ്രന്‍ മാഷോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചത്: കൈതപ്രം ദാമോദരന്‍ നമ്പൂതിരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗാനരചയിതാവ്, സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെയാണ് കൈതപ്രം സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. തുടര്‍ന്നിങ്ങോട്ട് 300ലധികം ചിത്രങ്ങളില്‍ ഗാനങ്ങളെഴുതിയ കൈതപ്രം മൂന്ന് വട്ടം മികച്ച ഗാനരചയിതാവിനും ഒരു തവണ സംഗീതസംവിധായകനുമുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. അഭിനേതാവ് എന്ന നിലയിലും കൈതപ്രം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീതസംവിധായകരിലൊരാളായ രവീന്ദ്രന്‍ മാസ്റ്ററോടൊപ്പം കൈതപ്രം ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്. ചിത്രത്തിലേക്ക് താന്‍ എത്തിയത് എങ്ങനെയെന്ന് പറയുകയാണ് കൈതപ്രം.

ലോഹിതദാസാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലേക്ക് തന്നെ വിളിച്ചതെന്ന് കൈതപ്രം പറഞ്ഞു. സിബി മലയില്‍- ലോഹിതദാസ് കോമ്പോയോടൊപ്പം ആദ്യമായി വര്‍ക്ക് ചെയ്തത് ഹിസ് ഹൈനസ് അബ്ദുള്ളയിലാണെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.

ആ സിനിമക്ക് മുമ്പ് രവീന്ദ്രന്‍ മാഷോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ഹിസ് ഹൈനസ് അബ്ദുള്ളയിലാണ് അത് സാധിച്ചതെന്നും കൈതപ്രം പറഞ്ഞു. അന്ന് രവീന്ദ്രന്‍ മാഷിനെ കണ്ടപ്പോള്‍ അദ്ദേഹം തന്നോട് ഇതാ സമയമായി എന്നാണ് പറഞ്ഞതെന്നും ആ ചിത്രത്തിലെ പാട്ടുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ തനിക്ക് ഇപ്പോഴും രോമാഞ്ചം വരാറുണ്ടെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിസ് ഹൈനസ് അബ്ദുള്ളയിലേക്ക് ഞാനെത്തുന്നത് ലോഹിതദാസ് കാരണമാണ്. അയാളാണ് എന്നെ ആ സിനിമയിലേക്ക് വിളിച്ചത്. സിബി മലയില്‍- ലോഹിതദാസ് കോമ്പോയുടെ കൂടെ ആദ്യമായി ഞാന്‍ ഒന്നിച്ച സിനിമയായിരുന്നു അത്. അതിനെക്കാള്‍ എനിക്ക് സന്തോഷം തന്ന കാര്യം രവീന്ദ്രന്‍ മാഷിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റി എന്നതാണ്. അതിന് മുമ്പ് പലതവണ ഒന്നിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോയി.

ആ സിനിമക്ക് വേണ്ടി ഇരുന്ന ദിവസം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഞാന്‍, സിബി, ലോഹി, രവീന്ദ്രന്‍ മാഷ് എന്നിവര്‍ ഇരുന്നപ്പോള്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു, ‘ഇതാ സമയമായി, ഇപ്പോഴാണ് ഇത് സംഭവിക്കുന്നത്’ എന്നാണ് മാഷ് പറഞ്ഞത്. ആ സിനിമയിലെ പാട്ടുകള്‍ പ്രമദവനവും, ദേവസഭാതലവും എല്ലാം ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ പോലും എനിക്ക് രോമാഞ്ചം വരും,’ കൈതപ്രം പറഞ്ഞു.

Content Highlight: Kaithapram Damodaran shares the memories of His Highness Abdullah movie

We use cookies to give you the best possible experience. Learn more