| Thursday, 15th September 2022, 12:22 pm

പൃഥ്വിരാജിനെ ഓര്‍ത്താണ് വിഷമം; അയാള്‍ എത്ര മണ്ടനാണ്; മുടന്തിയ കാലുംവെച്ച് രണ്ടാം നില വരെ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു: കൈതപ്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള ചലച്ചിത്ര രംഗത്ത് വര്‍ഷങ്ങളായി തുടരുന്ന സംഗീത പ്രതിഭയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നൂറ് കണക്കിന് ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച കൈതപ്രത്തിന്റെ ഗാനങ്ങള്‍ മൂളാത്ത മലയാളികള്‍ വിരളമായിരിക്കും. മലയാള സിനിമയില്‍ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 72ാം വയസിലും സംഗീതം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം.

മലയാള സിനിമയിലെ ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കുമൊപ്പമുള്ള തന്റെ യാത്രയെ കുറിച്ച് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം സംസാരിച്ചിരുന്നു. ഈ കൂട്ടത്തില്‍ മലയാളത്തിലെ ചില നടന്മാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളും കൈതപ്രം പങ്കുവെച്ചിരുന്നു. നടന്‍ ദിലീപിനെതിരെയും നടന്‍ പൃഥ്വിരാജിനെതിരെയും വലിയ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ ദിലീപും പൃഥ്വിരാജും ഇടപെട്ടുവെന്നാണ് അഭിമുഖത്തില്‍ കൈതപ്രം പറയുന്നത്.

ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത ഒരു സിനിമയില്‍ പാട്ടെഴുതാനായി തന്നെ വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഒഴിവാക്കിയെന്നാണ് കൈതപ്രം അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് ഇതൊന്നും പ്രശ്‌നമല്ലെന്നും താന്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് ഇറങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈ കാലുംവെച്ച് മുടന്തി മുടന്തി രണ്ടാമത്തെ നില വരെ കയറിയിട്ട് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയിട്ട് എഴുതിയിട്ട് എന്നെ അയാള്‍ പറഞ്ഞയക്കുമ്പോള്‍ അതിന്റെ വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന അയാളെ ആലോചിച്ചാണ്. ഇത്രയും മണ്ടനാണല്ലോ അയാള്‍ എന്നാലോചിച്ചിട്ടാണ്. അങ്ങനെയുള്ള ആള്‍ക്കാരുമുണ്ട്.

ഇപ്പോള്‍ ഈ സൂപ്പര്‍താരങ്ങള്‍ക്ക് തന്നെ ഞാന്‍ പോര എന്ന മട്ടുണ്ടല്ലോ. സൂപ്പര്‍ താരങ്ങള്‍ താരമായത് ഞാന്‍ എഴുതിയ പാട്ടിലൂടെയും കൂടിയാണ്. ഞാന്‍ വിമര്‍ശിക്കുന്നതല്ല പലരും പലതും മറക്കുന്നു. എനിക്ക് മറക്കാന്‍ പറ്റില്ല. എന്റെ അച്ഛനേയും അമ്മയേയും ഞാന്‍ മറക്കാറില്ല. അതുകൊണ്ട് എനിക്ക് ജയരാജിനേയും ലോഹിതദാസിനേയും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ദിലീപിനേയും ഒന്നും മറക്കാനാവില്ല.

ഓര്‍മിക്കുന്ന ആളാണ് ഞാന്‍. അതാണ് എന്റെ ബലം. ഈ ഓര്‍മ ഇല്ലെങ്കില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റില്ല. ഇത് എന്നെ കണ്ടിട്ട് വേണമെങ്കില്‍ അവര്‍ പഠിക്കട്ടെ. എന്നെ ആരും വിളിക്കണമെന്ന് എനിക്ക് മോഹമില്ല. അവര്‍ വിളിച്ചാല്‍ ഞാന്‍ റെഡിയാണ്. എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്റെ ഇടത്തേ കയ്യേ തളര്‍ന്നിട്ടുള്ളൂ. വലത് കൈയ്ക്ക് പ്രശ്‌നമില്ല. എന്റെ പ്രതിഭയ്ക്ക് മാറ്റം വന്നിട്ടില്ല.

അല്‍ഫോണ്‍സ് പുത്രന്റെ രണ്ട് പടങ്ങള്‍ക്ക് ഞാന്‍ എഴുതി. അയാള്‍ക്ക് അത് ഭയങ്കര ഇഷ്ടമായി. ഇറങ്ങാന്‍ പോകുന്ന പടത്തില്‍ ഒരു താരാട്ട് പാട്ടുണ്ട്. അടുത്ത പടത്തിലും ഞാന്‍ നാല് പാട്ട് എഴുതിയിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ എന്നെ വിളിക്കുന്നുണ്ട്.എനിക്ക് അത്യാര്‍ത്തിയില്ല. ചെയ്യേണ്ടത് ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ ആത്മവിശ്വാസമുണ്ട്. ഇനി ചെയ്യാനും ആത്മവിശ്വാസമുണ്ട്, കൈതപ്രം പറഞ്ഞു.

തിളക്കം എന്ന സിനിമയ്ക്കായി പാട്ടെഴുതുമ്പോള്‍ ദിലീപ് ഇടപെട്ട് തന്നെ മാറ്റിയെന്നും അതാണ് അയാളുടെ ഗുരുത്വക്കേടെന്നും അഭിമുഖത്തില്‍ കൈതപ്രം പറയുന്നുണ്ട്. ഇത്തരം വിഡ്ഡിത്തങ്ങളാണ് സിനിമക്കാര്‍ക്കുള്ളതെന്നും അത് പൃഥ്വിരാജിനുമുണ്ടെന്നും കൈതപ്രം പറഞ്ഞു.

‘ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാന്‍ പറ്റില്ല. ഞാനെഴുതിക്കൊണ്ടിരുന്ന പാട്ടില്‍ നിന്നാണ് അത്. ഒരു പാട്ടെഴുതി അടുത്ത പാട്ട് എഴുതാന്‍ നില്‍ക്കുമ്പോള്‍ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ ഹരിയെ കൊണ്ട് എഴുതിച്ചു. എന്റെ എഴുത്തൊന്നും പോര എന്ന അഭിപ്രായമാണ് പുള്ളിക്ക്.

എങ്ങനെയുണ്ട്. അതാണ് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദിലീപ് ഇപ്പോഴും ഈപുഴയും കടന്ന് എന്ന ചിത്രത്തിലെ പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ ബാക്കിയുള്ളതൊക്കെ അയാള്‍ മറന്നു. ‘ഇഷ്ടം’ പോലുള്ള അയാള്‍ അഭിനയിച്ച എത്രയോ പടങ്ങള്‍ക്ക് വേണ്ടി ഞാന്‍ പാട്ടെഴുതിയിട്ടുണ്ട്. എല്ലാ പടങ്ങളും അയാള്‍ മറന്നിട്ട് എന്നെ മാറ്റി.

എനിക്ക് അതൊന്നും ഒരു കുഴപ്പവുമല്ല. ഞാന്‍ 460 പടങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാള്‍ എന്നെ ഒരു പടത്തില്‍ നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമക്കാരുടെ വിഡ്ഡിത്തങ്ങള്‍. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേര്‍ക്ക് അറിയില്ല എഴുത്തിന്റെ പിന്നിലെ തപസ്. ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതം അതൊക്കെയുണ്ട്. എഴുത്ത് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നത്. അതിനെയൊക്കെ തള്ളി പറഞ്ഞാല്‍ വലിയ പാപമുണ്ടാകും. അതൊന്നും ഇവര്‍ക്ക് മനസിലാവില്ല, കൈതപ്രം പറഞ്ഞു.

Content Highlight: Kaithapram Damodaran Namboothiri criticising prithviraj

We use cookies to give you the best possible experience. Learn more