| Thursday, 19th January 2017, 12:18 pm

എന്നെ നമ്പൂതിരി ചേര്‍ത്ത് ഇനിയാരും വിളിക്കണ്ട; പാക്കിസ്ഥാനിയെ വെച്ച് സിനിമ ചെയ്തതിന്റെ പേരില്‍ വേട്ടയാടപ്പെട്ടെന്നും കൈതപ്രം ദാമോദരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്നെ ജാതിപ്പേര് ചേര്‍ത്ത് ഇനിയാരും വിളിക്കേണ്ടെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍. ജാതിയില്‍ തനിക്ക് വിശ്വാസമില്ലെന്നും കൈതപ്രം പറഞ്ഞു.

ദേശീയതക്കും മതത്തിനും അപ്പുറത്തുള്ള മനുഷ്യരെക്കുറിച്ച് താന്‍ ചെയ്ത സിനിമ അനാഥമായിക്കിടക്കുകയാണ്. പാകിസ്ഥാനിയെ വെച്ച് സിനിമ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി. സിനിമ ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണമാണ് തനിക്ക് രോഗം വന്നതെന്നും കൈതപ്രം പറയുന്നു. നാമൊന്ന് എന്ന പേരില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളിയായ പിതാവിന്റെയും കാശ്മീരിയായ മാതാവിന്റെയും മകനായി ജനിച്ച പാകിസ്ഥാനി യുവാവ് കേരളത്തില്‍ വരുന്നതിനെക്കുറിച്ചാണ് തന്റെ സിനിമ പറയുന്നത്. ദേശീയതക്കും മതത്തിനും ഭാഷക്കും അപ്പുറത്തുള്ള കഥ പറയുന്ന സിനിമ ഏറ്റെടുക്കാന്‍ ആളില്ലാതെ അനാഥമായിക്കിടക്കുകയാണ്.

സിനിമ ചെയ്യുമ്പോള്‍ തന്നെ ചിലര്‍ പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു. അഭിനയിക്കാന്‍ പാകിസ്ഥാനിയെ കൊണ്ടുവന്നതോടെ താന്‍ പോലീസിന്റെയും നോട്ടപ്പുള്ളിയായി. സിനിമ ചെയ്തതിനെതുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് തന്റെ രോഗത്തിന് കാരണമെന്നും കൈതപ്രം പറയുന്നു.


സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ വേണ്ട സഹായം ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എം.ടിയോടും കമലിനോടും അഭിപ്രായം പറയേണ്ടെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. സിനിമാ സംഘടനകള്‍ സഹായം വാദ്ഗാനം ചെയ്തിട്ടുണ്ടെങ്കിലും അത് ലഭിക്കുമെന്ന് കമല്‍ വിശ്വസിക്കേണ്ടെന്നും കൈതപ്രം പറഞ്ഞു.
Editors Note

ജാതിപ്പേര് ചേര്‍ത്ത് വിളിക്കരുതെന്ന അഭ്യര്‍ത്ഥന മാനിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്ന പേരിന് പകരമായി കൈതപ്രം ദാമോദരന്‍ എന്നായിരിക്കും ഇനി മുതല്‍ ഡൂള്‍ന്യൂസ് ഉപയോഗിക്കുക.

We use cookies to give you the best possible experience. Learn more