| Saturday, 27th February 2021, 5:05 pm

ഹരീഷ് ശിവരാമകൃഷ്ണനൊക്കെ ആ ചെയ്യുന്നത് വിഡ്ഢിത്തമാണ്; എന്റെ പാട്ടുകള്‍ അങ്ങനെ കൈവിട്ടു പാടുന്നത് ഇഷ്ടമല്ല; വിമര്‍ശനവുമായി കൈതപ്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ഗാനങ്ങള്‍ ട്യൂണ്‍ മാറ്റിപ്പാടുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സിനിമാ ഗാനങ്ങള്‍ അത്തരത്തില്‍ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്നായിരുന്നു ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം പറഞ്ഞത്.

സംഗതികളിട്ട് പാടിയാല്‍ ആരേക്കാളും മികച്ച രീതിയില്‍ ദാസേട്ടനും ചിത്രയുമൊക്കെ പാടുമെന്നും സമയ പരിമിതി ഇല്ലാത്തതിനാല്‍ ഹരീഷ് ശിവരാമകൃഷ്ണനെപ്പോലുള്ളവര്‍ക്ക് ഈ ചതുരമൊക്കെ വിട്ട് പാടി എന്തുസാഹസവും കാണിക്കാമെന്നും പക്ഷേ, ആ ചതുരത്തില്‍ നിന്നാല്‍ മാത്രമേ പാട്ടിന്റെ സൗന്ദര്യം ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലാക്കണമെന്നും കൈതപ്രം പറഞ്ഞു. ദേവാങ്കണങ്ങളും ദേവിയുമെല്ലാം പലരും ട്യൂണ്‍ മാറ്റി പാടുന്നത് ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കൈതപ്രത്തിന്റെ മറുപടി.

‘അങ്ങനെ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. ഗായകനായ ഹരീഷ് ശിവരാമകൃഷ്ണനൊക്കെ അങ്ങനെ ചെയ്യുന്നത് കണ്ടു. പാട്ടുകളൊക്കെ കുറെ വലിച്ച് നീട്ടി സംഗതികളൊക്കെ ഇട്ട് പാടുകയാണ്. ഹരീഷ് നല്ലൊരു ഗായകനാണ് എന്നതില്‍ തര്‍ക്കമില്ല.

അദ്ദേഹം പാടിയ ‘രംഗപുര വിഹാര’ പോലുള്ള ശാസ്ത്രീയ ഗാനങ്ങളുടെ ആരാധകനാണ് ഞാന്‍. എന്നാല്‍ സിനിമകളില്‍ പാട്ടുകള്‍ പാടുന്നത് ഒരു ചതുരത്തിനുള്ളില്‍ നിന്നാണ്. അതില്‍ നിന്ന് പുറത്തു പോകാനുള്ള അനുവാദം ഗായകര്‍ക്ക് ഉണ്ടായിരുന്നില്ല, കാരണം റെക്കോഡില്‍ മൂന്നോ നാലോ മിനിറ്റില്‍ പാടിത്തീര്‍ക്കണം. ആ കുറുക്കല്‍ തന്നെയാണ് സിനിമാപാട്ടുകളുടെ സൗന്ദര്യവും.

സംഗതികളിട്ട് പാടിയാല്‍ ആരേക്കാളും മികച്ച രീതിയില്‍ ദാസേട്ടനും ചിത്രയുമൊക്കെ പാടും. സമയപരിമിതി ഇല്ലാത്തതിനാല്‍ ഹരീഷിനെപ്പോ ലുള്ളവര്‍ക്ക് ഈ ചതുരമൊക്കെ വിട്ട് പാടി എന്തുസാഹസവും കാണിക്കാം. പക്ഷേ, ആ ചതുരത്തില്‍ നിന്നാല്‍ മാത്രമേ പാട്ടിന്റെ സൗന്ദര്യം ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലാക്കണം.

ഈ പാട്ട് കേട്ട് ദാസേട്ടനെക്കാള്‍ വലിയ ഗായകരാണ് ഇവരെന്ന് ചിലര്‍ പറഞ്ഞാല്‍ അത് ശുദ്ധ മണ്ടത്തരമാണ്. അതിനാല്‍ ‘ദേവാങ്കണങ്ങള്‍’ കൈവിട്ട് പാടിയാല്‍ എനിക്കത് ഇഷ്ടപ്പെടില്ല, അത്രമാത്രം, കൈതപ്രം പറഞ്ഞു.

റഫീക്ക് അഹമ്മദും ഹരി നാരായണനുമാണ് പുതിയ കാലത്തെ ഗാനരചയിതാക്കളില്‍ തനിക്കേറെ ഇഷ്ടപ്പെട്ടവരെന്നും അവരുടെ പാട്ടുകളില്‍ സാഹിത്യം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും അഭിമുഖത്തില്‍ കൈതപ്രം പറഞ്ഞു.

സ്പിരിറ്റ് എന്ന സിനിമയിലെ റഫീക്കിന്റെ പാട്ടുകള്‍ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ, പുതിയകാലത്തെ ഗാനരചയിതാക്കളുടെ ഒരു പരിമിതിയായി തോന്നിയിട്ടുള്ളത് അവര്‍ക്ക് ഒരേ സമയം വ്യത്യസ്തങ്ങളായ സിനിമകള്‍ വരുമ്പോള്‍ വിജയകരമായി അതിജീവിക്കാനാകുന്നില്ല എന്നതാണെന്നും കൈതപ്രം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kaithapram Damodaran Namboothiri against Harish Sivaramakrishnan

We use cookies to give you the best possible experience. Learn more