Movie Day
എന്റെ പാട്ടെഴുത്ത് പോര; വേറൊരു നമ്പൂതിരി എഴുതട്ടെയെന്ന് ദിലീപ് പറഞ്ഞു; ഇതൊക്കെയാണ് ഗുരുത്വക്കേട്; മറക്കാനാവില്ല: കൈതപ്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 15, 05:52 am
Thursday, 15th September 2022, 11:22 am

മലയാളസിനിമയിലെ ചില നടന്മാരില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍. നടന്‍ ദിലീപിനെതിരെയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം തുറന്നടിച്ചത്.

തിളക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് പാട്ടെഴുതാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. താന്‍ എഴുതിയ ഒരു പാട്ട് ദിലീപ് ഇടപെട്ട് മാറ്റിച്ചുവെന്നും പാട്ട് വേറൊരു നമ്പൂതിരി എഴുതട്ടെയെന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞതെന്നും അത് ഒരിക്കലും തനിക്ക് മറക്കാനാവില്ലെന്നുമാണ് കൈതപ്രം വ്യക്തമാക്കുന്നത്.

ദിലീപിന്റെ തുടക്കംകാലം മുതലുള്ള സിനിമകള്‍ക്ക് ഗാനമെഴുതിയ വ്യക്തിയാണ് താങ്കള്‍. സല്ലാപം മുതല്‍ ദിലീപിന് വലിയ മൈലേജുണ്ടാക്കിക്കൊടുക്കാന്‍ താങ്കളുടെ ഗാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തിളക്കത്തിലെ നീയൊരു പുഴയായ് തഴുകുമ്പോള്‍ എന്ന ഗാനമുള്‍പ്പെടെ ജയചന്ദ്രനും ഒരു തിരിച്ചുവരവ് നല്‍കിയ ഗാനമായിരുന്നല്ലോ എന്ന ചോദ്യത്തിന് അതൊന്നും നിര്‍ഭാഗ്യവശാല്‍ ദിലീപിന് മാത്രം അറിയില്ല എന്നായിരുന്നു കൈതപ്രത്തിന്റെ മറുപടി.

‘ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാന്‍ പറ്റില്ല. ഞാനെഴുതിക്കൊണ്ടിരുന്ന പാട്ടില്‍ നിന്നാണ് അത്. ഒരു പാട്ടെഴുതി അടുത്ത പാട്ട് എഴുതാന്‍ നില്‍ക്കുമ്പോള്‍ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ ഹരിയെ കൊണ്ട് എഴുതിച്ചു. എന്റെ എഴുത്തൊന്നും പോര എന്ന അഭിപ്രായമാണ് പുള്ളിക്ക്.

എങ്ങനെയുണ്ട്. അതാണ് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദിലീപ് ഇപ്പോഴും ഈപുഴയും കടന്ന് എന്ന ചിത്രത്തിലെ പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ ബാക്കിയുള്ളതൊക്കെ അയാള്‍ മറന്നു. ‘ഇഷ്ടം’ പോലുള്ള അയാള്‍ അഭിനയിച്ച എത്രയോ പടങ്ങള്‍ക്ക് വേണ്ടി ഞാന്‍ പാട്ടെഴുതിയിട്ടുണ്ട്. എല്ലാ പടങ്ങളും അയാള്‍ മറന്നിട്ട് എന്നെ മാറ്റി.

എനിക്ക് അതൊന്നും ഒരു കുഴപ്പവുമല്ല. ഞാന്‍ 460 പടങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാള്‍ എന്നെ ഒരു പടത്തില്‍ നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമക്കാരുടെ വിഡ്ഡിത്തങ്ങള്‍. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേര്‍ക്ക് അറിയില്ല എഴുത്തിന്റെ പിന്നിലെ തപസ്. ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതം അതൊക്കെയുണ്ട്. എഴുത്ത് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നത്. അതിനെയൊക്കെ തള്ളി പറഞ്ഞാല്‍ വലിയ പാപമുണ്ടാകും. അതൊന്നും ഇവര്‍ക്ക് മനസിലാവില്ല, കൈതപ്രം പറഞ്ഞു.

Content Highlight: Kaithapram Damodaran namboothiri against dileep