| Saturday, 17th September 2022, 1:32 pm

ലോഹിയുടെ മരണത്തിന് കാരണമായത് ആ താരമാണ്, അയാളുടെ ഹൃദയം തകരാന്‍ ഒരു കാരണമുണ്ടായിരുന്നു: കൈതപ്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ലോഹിതദാസിന്റെ മരണത്തെ കുറിച്ച് വികാരാധീനനായി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ലോഹിയെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ചിലപ്പോള്‍ തനിക്ക് കഴിയുമായിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നുമാണ് കൈതപ്രം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഒപ്പം ലോഹിയുടെ മരണത്തിന് ചിലര്‍ കാരണമായിട്ടുണ്ടെന്നും ആരുടേയും പേരുകള്‍ താന്‍ പറയുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

‘ലോഹിയുടെ ചൂടാറുംമുന്‍പേ ഞാന്‍ പോയി കണ്ടിരുന്നു. അവിടെ തൊട്ടടുത്ത് ഞാനുണ്ടായിരുന്നു. പക്ഷേ എനിക്ക് അയാളെ രക്ഷിക്കാന്‍ പറ്റിയില്ല. അല്ല എനിക്ക് പറ്റുകയുമില്ല. എങ്കിലും അയാള്‍ ഒരു രണ്ട് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അയാളെ അത്തരം മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയേനെ.

അതിന് ചില കാരണങ്ങളുണ്ട്. ഇയാള്‍ ഒരു താരത്തിനെ കാണാന്‍ വേണ്ടി അഞ്ച് ദിവസം റൂമെടുത്ത് തൃശൂര്‍ താമസിച്ചു. എന്നാല്‍ ഈ താരം അവിടെ പോകാതിരിക്കുകയും ചെയ്തു. അതിലാണ് ഇദ്ദേഹത്തിന്റെ ഹൃദയം പൊട്ടിയത് എന്ന് പറയുന്നുണ്ട്. ഞാന്‍ ആരേയും കുറ്റം പറയുന്നില്ല. പേരും പറയുന്നില്ല. എന്നോട് അതിന്റെ പ്രൊഡ്യൂസര്‍ തന്നെയാണ് പറഞ്ഞത്. ലോഹി മരിച്ചതറിഞ്ഞ് ഞാന്‍ അവിടെ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. അഞ്ച് ദിവസം കാത്തിരുന്നു കണ്ടില്ല എന്ന് പറഞ്ഞു.

ഹിസ് ഹൈനസ് അബ്ദുള്ളയില്‍ താന്‍ അഭിനയിക്കാന്‍ കാരണം ലോഹിതദാസാണ്. സിബി നിര്‍ബന്ധിച്ചിട്ടില്ല. അത് ചെയ്യണമെന്ന് ലോഹി പറഞ്ഞു. ഞാന്‍ പോയി ചെയ്തു. ഷൂട്ട് നടക്കുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഉടന്‍ തന്നെ വേഷം മാറി ഇരുന്ന് അഭിനയിച്ചു. എന്റെ രൂപം അതിന് ആവശ്യമാണെന്ന് അവര്‍ പറഞ്ഞു, ഞാന്‍ ചെയ്തു.

അവിടെ ഇരിക്കുമ്പോള്‍ ഞാന്‍ നടനാകും. അപ്പോള്‍ പാട്ടെഴുത്തുകാരനില്ല. ഇപ്പോഴും ഞാന്‍ അതിലുള്ള പോലെ ഭയങ്കര അഹങ്കാരമുള്ള റഫായിട്ടുള്ള ആളാണെന്ന് ചിലര്‍ വിചാരിക്കുന്നുണ്ട്.

അതില്‍ ഞാനൊരു ഡയലോഗ് പറയുന്നുണ്ട് നീയെന്ന പത്മശ്രീ വിലകൊടുത്ത് വാങ്ങിയ ആളാണെന്ന് പറയുമായിരിക്കും എന്ന്. എന്നാല്‍ ഇപ്പോള്‍ എനിക്ക് എന്റെ പ്രിയപ്പെട്ട ലോഹിയോട് പറയാമായിരുന്നു ഞാന്‍ വിലകൊടുക്കാതെ എന്റെ ദൈവം അല്ലെങ്കില്‍ രാഷ്ട്രം എനിക്ക് പത്മശ്രീ തന്നു എന്ന്. അത് ലോഹിയുടെ നല്ല വാക്കാണ്, കൈതപ്രം പറഞ്ഞു.

Content Highlight: Kaithapram Damodaran Namboothiri about Lohithadas Death

We use cookies to give you the best possible experience. Learn more