സംവിധായകന്‍ ലോഹിതദാസിന്റെ മരണത്തെ കുറിച്ച് വികാരാധീനനായി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ലോഹിയെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ചിലപ്പോള്‍ തനിക്ക് കഴിയുമായിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നുമാണ് കൈതപ്രം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഒപ്പം ലോഹിയുടെ മരണത്തിന് ചിലര്‍ കാരണമായിട്ടുണ്ടെന്നും ആരുടേയും പേരുകള്‍ താന്‍ പറയുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
‘ലോഹിയുടെ ചൂടാറുംമുന്‍പേ ഞാന്‍ പോയി കണ്ടിരുന്നു. അവിടെ തൊട്ടടുത്ത് ഞാനുണ്ടായിരുന്നു. പക്ഷേ എനിക്ക് അയാളെ രക്ഷിക്കാന്‍ പറ്റിയില്ല. അല്ല എനിക്ക് പറ്റുകയുമില്ല. എങ്കിലും അയാള്‍ ഒരു രണ്ട് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അയാളെ അത്തരം മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയേനെ.
അതിന് ചില കാരണങ്ങളുണ്ട്. ഇയാള്‍ ഒരു താരത്തിനെ കാണാന്‍ വേണ്ടി അഞ്ച് ദിവസം റൂമെടുത്ത് തൃശൂര്‍ താമസിച്ചു. എന്നാല്‍ ഈ താരം അവിടെ പോകാതിരിക്കുകയും ചെയ്തു. അതിലാണ് ഇദ്ദേഹത്തിന്റെ ഹൃദയം പൊട്ടിയത് എന്ന് പറയുന്നുണ്ട്. ഞാന്‍ ആരേയും കുറ്റം പറയുന്നില്ല. പേരും പറയുന്നില്ല. എന്നോട് അതിന്റെ പ്രൊഡ്യൂസര്‍ തന്നെയാണ് പറഞ്ഞത്. ലോഹി മരിച്ചതറിഞ്ഞ് ഞാന്‍ അവിടെ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. അഞ്ച് ദിവസം കാത്തിരുന്നു കണ്ടില്ല എന്ന് പറഞ്ഞു.