ഈ പാട്ട് ഞാനല്ല പാടേണ്ടത്, യേശുദാസാണെന്ന് എസ്.പി.ബി പറഞ്ഞു,' യേശുദാസിന്റെ തിരിച്ചുവരവിന് ആ പാട്ടുകള്‍ നിമിത്തമായി: കൈതപ്രം
Movie Day
ഈ പാട്ട് ഞാനല്ല പാടേണ്ടത്, യേശുദാസാണെന്ന് എസ്.പി.ബി പറഞ്ഞു,' യേശുദാസിന്റെ തിരിച്ചുവരവിന് ആ പാട്ടുകള്‍ നിമിത്തമായി: കൈതപ്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st August 2023, 4:59 pm

അമരം സിനിമയിലെ ‘വികാര നൗകയുമായി’ എന്ന പാട്ട് പാടാന്‍ ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യത്തിനെയായിരുന്നു ആദ്യം സമീപിച്ചതെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

നല്ല ബാസിലുള്ള പാട്ടായതുകൊണ്ട് എസ്.പി.ബിക്ക് ഇഷ്ടമായെങ്കിലും മലയാളത്തില്‍ തനിക്കിത് പാടാന്‍ കഴിയില്ലെന്നും ഈ പാട്ട് പാടേണ്ടത് യേശുദാസാണെന്നും പറയുകയായിരുന്നു അദ്ദേഹമെന്നും കൈതപ്രം പറഞ്ഞു. സമകാലിക മലയാളം വാരികയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമരത്തിലെ ഓരോ പാട്ടും ഓരോരുത്തരെ വെച്ച് പാടിക്കാമെന്നായിരുന്നു ഭരതന്റെ തീരുമാനമെന്നും ‘വികാര നൗകയുമായി’ എസ്.പി.ബിയെക്കൊണ്ട് പാടിക്കാന്‍ തീരുമാനിച്ചുവെന്നും കൈതപ്രം പറഞ്ഞു. അന്ന് യേശുദാസുമായി ഭരതന് ചെറിയൊരു സൗന്ദര്യപ്പിണക്കമുണ്ടായിരുന്നു എന്നും കൈതപ്രം ഓര്‍മിച്ചു.

‘എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ കോദണ്ഡപാണി സ്റ്റുഡിയോയിലാണ് റെക്കോര്‍ഡിങ്. എസ്.പി.ബി വന്നു. ഞാനും രവിയേട്ടനും (രവീന്ദ്രന്‍ മാഷ്) മാത്രമേ ഉള്ളൂ. അദ്ദേഹം നേരെ പോയി ട്രാക്ക് കേട്ടു. ട്രാക്ക് പാടിയത് രവിയേട്ടനായിരുന്നു. നല്ല ബാസിലുള്ള പാട്ട് കേട്ടപ്പോള്‍ പുള്ളിക്ക് ഭയങ്കര ഇഷ്ടമായി. പക്ഷെ അദ്ദേഹം പറഞ്ഞു, ‘ഇത് ഞാനല്ല പാടേണ്ടത്, യേശുദാസാണ്’ എന്ന്.

‘മലയാളത്തില്‍ എനിക്കിതു പാടാന്‍ പറ്റില്ല. തെലുങ്കില്‍ ഞാന്‍ പാടാം’ എന്ന് പറഞ്ഞു. തെലുങ്കില്‍ അദ്ദേഹമാണ് ഈ പാട്ട് പാടിയത്. അങ്ങനെ ദാസേട്ടനെ വിളിച്ചു. അദ്ദേഹം വന്ന് ഒറ്റയടിക്ക് പാടി. അതിലെ മറ്റെല്ലാ പാട്ടുകളും അദ്ദേഹം പാടി,’ കൈതപ്രം പറഞ്ഞു.

അമരം, ഭരതം, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ സിനിമകളിലെ പാട്ടുകളിലൂടെയാണ് താന്‍ തിരിച്ചുവന്നതെന്ന് യേശുദാസ് പറഞ്ഞിട്ടുണ്ടെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും കൈതപ്രം പറഞ്ഞു.

അമരത്തിന്റെ കഥ തനിക്ക് അറിയാമായിരുന്നുവെന്നും ട്യൂണ്‍ മൂളിത്തന്ന് എന്തെങ്കിലും രണ്ടുവരി എഴുതാന്‍ ഭരതന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

‘ആ കഥാപാത്രം എന്റെ മനസ്സിലുണ്ടായിരുന്നു. സ്വന്തം പ്രണയവും മകളുടെ പ്രണയവും വഴിതെറ്റിപ്പോയ ഒരാള്‍, തോണിയില്‍ ഇരിക്കുമ്പോള്‍ ഉള്ള ഒരു ഇളക്കമാണ് എന്റെ മനസ്സില്‍ വന്നത്.

‘വികാര നൗകയുമായി തിരമാലകള്‍ ആടിയുലഞ്ഞു.’ അത് കേട്ടപ്പോള്‍ ഭരതേട്ടന് ഭയങ്കര ഉത്സാഹമായി,’ കൈതപ്രം പറഞ്ഞു. സംഗീതം നിര്‍വഹിച്ച രവീന്ദ്രനാണ് ട്യൂണ്‍ ഭരതനുമായി ആലോചിച്ചതെങ്കിലും തനിക്ക് കേള്‍പ്പിച്ചു തന്നത് ഭരതനാണെന്ന് കൈതപ്രം പറഞ്ഞു.

Content Highlight: Kaithapram about Yesudas and SPB