ഭരതന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് അമരം. ചിത്രത്തിനൊപ്പം തന്നെ അതിലെ പാട്ടുകളും വന്‍ ഹിറ്റായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികളെഴുതിയ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് രവീന്ദ്രന്‍ മാഷായിരുന്നു. അമരത്തിലെ വികാര നൗകയുമായി എന്ന പാട്ട് പാടാന്‍ ആദ്യം തീരുമാനിച്ചത് എസ്.പി. ബാലസുബ്രഹ്‌മണ്യത്തെ ആയിരുന്നുവെന്നും അദ്ദേഹം സ്റ്റുഡിയോ വരെ വന്നിട്ട് തിരികെ പോയെന്നും പറയുകയാണ് കൈതപ്രം. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ വെച്ചാണ് അമരത്തിലെ പാട്ടുകളെ കുറിച്ച് കൈതപ്രം പറഞ്ഞത്.
‘അമരത്തിലെ വികാര നൗകയുമായി എന്ന പാട്ടിലെ വരികളെല്ലാം വളരെ ടച്ചിങ്ങാണ്. ഭരതേട്ടന് അത് ഭയങ്കര ഇഷ്ടായി. ബാക്കി കാര്യങ്ങള്‍ക്കായി ഞങ്ങള്‍ മദ്രാസില്‍ പോയി. രവിയേട്ടനും വന്നു. വൈകുന്നേരം പാട്ടിന്റെ റെക്കോഡിങ്ങാണ്. എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ സ്റ്റുഡിയോയിലാണ് അതിന്റെ റെക്കോഡിങ്.
അമരത്തില്‍ അഞ്ചാറ് പാട്ടുണ്ട്. ഇതൊക്കെ ആര് പാടണമെന്ന ആലോചനയായി. ദാസേട്ടന്‍ പാടണമെന്ന കാര്യത്തില്‍ രവിയേട്ടനും എനിക്കും സംശയമില്ല. പാട്ടിന് നല്ല കാശ് കിട്ടും. ദാസേട്ടന്‍ പാടണമെങ്കില്‍ പാട്ട് മുഴുവന്‍ തരംഗിണിക്ക് കൊടുക്കണം. തരംഗിണിയില്‍ നിന്നും കാശൊന്നും കിട്ടില്ലെന്നാണ് നിര്‍മാതാക്കളുടെ ആക്ഷേപം. ദാസേട്ടന്‍ വേണ്ടെങ്കില്‍ വേണ്ട, ഓരോ പാട്ടും കൃഷ്ണ ചന്ദ്രന്‍, ഉണ്ണി മേനോന്‍, ബാലസുബ്രഹ്‌മണ്യം എന്നിവര്‍ക്ക് കൊടുക്കാമെന്ന് ഭരതേട്ടന്‍ പറഞ്ഞു.
എസ്.പി.ബിക്ക് വികാര നൗകയാണ് കിട്ടിയത്. രാത്രി ഒരു എട്ട് മണി കഴിഞ്ഞപ്പോള്‍ കമ്പോസിങ് റെഡിയായി. എല്ലാവരും പിരിഞ്ഞു. ഞാനും രവിയേട്ടനും മാത്രമേയുള്ളൂ. എസ്.പി.ബി വന്ന് റെക്കോഡിങ് റൂമിലേക്ക് പോയി. ഞാനും രവിയേട്ടനും കണ്‍സോളിലുണ്ട്. അപ്പോള്‍ അദ്ദേഹം രവിയെ അടുത്തേക്ക് വിളിച്ചു. ഉനക്ക് മൂളയില്ലേ, ഇത് യാര് പാടണമെന്ന് തെരിയാതാ, ഇത് അവരേ പാടണം എന്ന് അദ്ദേഹം പറഞ്ഞത് ഞാന്‍ കേട്ടു. യേശുദാസ് പാടണമെന്നാണ് അദ്ദേഹം പറയുന്നത്.
ഭരതേട്ടന്റെ, മമ്മൂട്ടി അഭിനയിക്കുന്ന പടത്തിലെ, രവിയേട്ടന്‍ മ്യൂസിക് ചെയ്യുന്ന പാട്ട് കിട്ടിയിട്ട് ഇയാള്‍ ചോദിക്കുകയാണ് ഇത് യാര് പാടണമെന്ന് തെരിയാതാ എന്ന്. ഇത് അവരേ പാടണമെന്ന് പറഞ്ഞ് അയാള്‍ ഇറങ്ങി പോയി. ഞാന്‍ ഞെട്ടിപ്പോയി.
ഇതിന്റെ തെലുങ്ക് വേര്‍ഷന്‍ എസ്.പി.ബിയാണ് പാടിയത്. ഭാഷ അറിയാത്ത ഞാന്‍ ഇതുപോലൊരു പാട്ട് എങ്ങനെ പാടാനാണ് എന്നാണ് അദ്ദേഹം ചോദിച്ചത്. ഞങ്ങള്‍ക്ക് ഉള്ളില്‍ സന്തോഷമായി. ഇനിയിപ്പോള്‍ ആരും വേണ്ട ദാസേട്ടന്‍ തന്നെ എല്ലാ പാട്ടും പാടട്ടെ എന്ന് ഭരതേട്ടന്‍ പറഞ്ഞു. അങ്ങനെ പുലരേ പൂന്തോണിയിലും വികാര നൗകയും അഴകേയുമെല്ലാം ദാസേട്ടന്‍ പാടി,’ കൈതപ്രം പറഞ്ഞു.
Content Highlight: Kaitapram damodaran namboothiri talks about the songs in Amaram