കമലിന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തുവന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഉള്ളടക്കം. മോഹന്‍ലാല്‍, അമല, ശോഭന, അശോകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിലെ ഗാനങ്ങളും വലിയ ജനപ്രീതി നേടിയിരുന്നു. ഔസേപ്പച്ചനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.
ഉള്ളടക്കത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനിടയില്‍ ഔസേപ്പച്ചനും യേശുദാസും തമ്മിലുണ്ടായ വഴക്കിനെ പറ്റി പറയുകയാണ് ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. വേറെ ആരെയെങ്കിലുംകൊണ്ട് പാട്ട് പാടിച്ചോളാന്‍ പറഞ്ഞ് യേശുദാസ് പിണങ്ങിപ്പോയെന്നും ഒടുവില്‍ താനും കമലും ഔസേപ്പച്ചനും പോയി വിളിച്ചുകൊണ്ട് വരികയായിരുന്നുവെന്നും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പറഞ്ഞു.
‘പി. ബാലചന്ദ്രനാണ് ഉള്ളടക്കത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. എനിക്ക് ആ സ്‌ക്രിപ്റ്റും ഭയങ്കര ഇഷ്ടമായിരുന്നു. ഞങ്ങള്‍ ചര്‍ച്ച ചെയ്താണ് സ്‌ക്രിപ്റ്റ് ഉണ്ടാക്കുന്നത്.
ആ സമയത്ത് ദാസേട്ടനും ഔസേപ്പച്ചനും തമ്മില്‍ ചെറിയ ഉരസലുണ്ടായിരുന്നു. നിന്റെ പാട്ട് എനിക്ക് പാടാന്‍ പറ്റില്ല, നീ ഭയങ്കര ഹൈപിച്ചാണ്, നിന്റെ പിച്ചൊന്നും എനിക്ക് പറ്റില്ലെടോ, വേറെ ആരെയെങ്കിലും കൊണ്ട് പാടിച്ചോളാന്‍ ദാസേട്ടന്‍ പറഞ്ഞു. ദാസേട്ടന്റെ തരംഗിണിക്ക് കാസറ്റ് കൊടുക്കണം എന്ന് പറഞ്ഞുള്ള ഉടക്കുമുണ്ട്.
ദാസേട്ടന്‍ പാട്ട് പാടണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ട്. അവസാനം ഞാനും കമലും ഔസേപ്പച്ചനും ദാസേട്ടനെ പറഞ്ഞ് മനസിലാക്കാന്‍ പോയി. അവരൊക്കെ പറയുന്നത് കേട്ടിട്ട് ദാസേട്ടന്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ ഇടപെട്ടു. ഞാന്‍ കുറച്ചുകൂടി ക്ലോസാണ്. ദാസേട്ടന്‍ പാടണമെന്ന് ഞാന്‍ പറഞ്ഞു. ഉടക്ക് തീര്‍ത്തേ പറ്റൂ എന്ന് ഞാന്‍ പറഞ്ഞു. ദാസേട്ടന്‍ പാടണം, കമലിന്റെ ആഗ്രഹമാണ്, എന്റെയും ആഗ്രഹമാണെന്ന് ഞാന്‍ പറഞ്ഞു.
സാരമില്ല, അവനിങ്ങനെ ഇടക്ക് കൊസ്രക്കൊള്ളി പറയും, അത്രയേ ഉള്ളൂ, അതിപ്പോള്‍ ജോണ്‍സണുമുണ്ട് പ്രശ്‌നം, ഞാന്‍ പാടാമെന്ന് ദാസേട്ടന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വിളിച്ചുകൊണ്ട് പോയി ഉള്ളടക്കത്തിലെ പാട്ട് പാടിച്ചു,’ കൈതപ്രം പറഞ്ഞു.
Content Highlight: Kaitapram Damodaran Namboothiri talking about the fight between Ousepachan and Yesudas