| Saturday, 4th February 2017, 4:47 pm

ലൗ ജിഹാദും കൈരാനയിലെ കൂട്ട പലായനവുമാണ് ബി.ജെ.പി നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍: വോട്ട് ബാങ്ക് ലക്ഷ്യമിട്ട് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹിന്ദു വിരുദ്ധ സേനയുടെ പ്രവര്‍ത്തനം ശക്തമാണ്. സ്‌കൂളില്‍ പോകാത്ത നിരക്ഷരരായ ഹിന്ദു പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇത്തരം സേനകളുടെ പ്രവര്‍ത്തനം സജീവമാണെന്നും യോഗി ആരോപിച്ചു.


ലഖ്‌നൗ: ലൗ ജിഹാദും കൈരാനയിലെ ഹിന്ദുക്കളുടെ പ്രശ്‌നങ്ങളുമാണ് ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. ലഖ്‌നൗവില്‍ ടെലിവിഷന്‍ ചാനല്‍ ഏര്‍പ്പെടുത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മതപരമായ പ്രസ്താവനകളുമായി എം.പി രംഗത്തെത്തിയത്.

ഹിന്ദുക്കളെ നിര്‍ബന്ധിച്ച് നാടുകടത്തലിനു വിധേയമാക്കുന്ന കൈരാനയിലെ സംഭവങ്ങളും സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്ന ലൗ ജിഹാദും തെരഞ്ഞെടുപ്പില്‍ പ്രധാന ഘടകങ്ങളാകും. ഇത് തന്നെയാകും ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്നുമായിരുന്നു യോഗിയുടെ പരാമര്‍ശങ്ങള്‍. ഇത് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മാത്രമായിരിക്കില്ലെന്നും ഭാവിയിലും ഇത് തന്നെയാകും നമ്മള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും യോഗി കൂട്ടിച്ചേര്‍ത്തു.


Also read സമാജ്‌വാദിയും കോണ്‍ഗ്രസും അഖിലേഷും, മായവതിയും കൂടിച്ചേര്‍ന്നതെന്തോ അതാണ് അഴിമതി: പുതിയ നിര്‍വ്വചനവുമായി ‘മോദി ഡിക്ഷണറി’ 


പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനെ മറ്റൊരു ജമ്മുകാശ്മീരായി മാറാന്‍ അനുവദിക്കുകയില്ലെന്നും യോഗി പറഞ്ഞു. 1990ല്‍ കാശ്മീര്‍ താഴ്‌വരയിലുണ്ടായ നിര്‍ബന്ധിത പലായനെത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു യോഗിയുടെ പ്രസാതാവന.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ബി.ജെ.പി എം.പി ഹുകും സിങ്ങ് 350ഓളം ഹിന്ദുക്കള്‍ പടിഞ്ഞാറന്‍ കൈരാനയില്‍ നിന്നും നാടു വിട്ടെന്നും മുസ്‌ലീം ഗുണ്ടകളെ ഭയന്നാണിതെന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു. 10 ഹിന്ദുക്കളെ അവര്‍ കൊലപ്പെടുത്തിയെന്നും ഹുകും സിങ് ആരോപിച്ചിരുന്നു. എന്നാല്‍ മതപരമായ ഒരു പ്രശ്‌നങ്ങളും ഇവിടെ നടന്നിട്ടില്ലെന്നായിരുന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ലൗ ജിഹാദ് പണ്ടു മുതലേ ഒരു പ്രധാന പ്രശ്‌നമാണെന്നും ഇപ്പോഴും അത് പ്രശ്‌നമായി തുടരുന്നുണ്ടെന്നും യോഗി ആരോപിച്ചു. ഹിന്ദു വിരുദ്ധ സേനയുടെ പ്രവര്‍ത്തനം ശക്തമാണ്. സ്‌കൂളില്‍ പോകാത്ത നിരക്ഷരരായ ഹിന്ദു പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇത്തരം സേനകളുടെ പ്രവര്‍ത്തനം സജീവമാണെന്നും യോഗി ആരോപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more